വിഴിഞ്ഞം: മദ്യലഹരിയില്‍ തങ്ങള്‍ വിളമ്പുന്ന മദ്യം അകത്താക്കിയവര്‍ പരസ്പരം തല്ലിക്കൊല്ലുമ്പോള്‍, ആ ചോരക്കളി കണ്ട് ആസ്വദിച്ച ബാര്‍ ജീവനക്കാര്‍ കേരളത്തിന്റെ മനസാക്ഷിയെ മരവിപ്പിക്കുന്നു. മുക്കോലയിലെ ബാറിന് മുന്നില്‍ സുമന് എന്ന യുവാവിനെ സഹോദരങ്ങളായ അച്ചുവും അനന്തുവും ചേര്‍ന്ന് ചവിട്ടിക്കൊല്ലുമ്പോള്‍, അത് തടയാനോ പോലീസിനെ അറിയിക്കാനോ തയ്യാറാകാത്ത ബാര്‍ ജീവനക്കാരും ഈ കൊലപാതകത്തില്‍ തുല്യപങ്കുകാരാണ്. ആയുധമില്ലാതെ വെറും കൈകൊണ്ടും കാലുകൊണ്ടും ഒരാളുടെ വാരിയെല്ലും ഹൃദയവും തകര്‍ക്കണമെങ്കില്‍ അത് എത്രമാത്രം ക്രൂരമായിരിക്കണം!
രാത്രി 12 മണിക്ക് ബാര്‍ അടച്ചതോടെ തുടങ്ങിയ അക്രമം അരമണിക്കൂറോളം നീണ്ടുനിന്നിട്ടും കണ്മുന്നിലെ ചോരക്കളി കണ്ടുരസിക്കുകയായിരുന്നു ബാര്‍ ജീവനക്കാരും സെക്യൂരിറ്റിയും. അക്രമം തടയുന്നതിന് പകരം മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാന്‍ വെമ്പല്‍ കാട്ടിയ ഇവര്‍ക്ക് നേരെ ജനരോഷം ഇരമ്പുകയാണ്. അക്രമം നടക്കുമ്പോള്‍ പോലീസിനെ വിവരം അറിയിക്കാന്‍ ബാര്‍ അധികൃതര്‍ തയ്യാറായില്ല. രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കിടന്ന സുമനെ ആശുപത്രിയിലെത്തിക്കാന്‍ അതുവഴി വന്ന കാര്‍ യാത്രക്കാരന് അഭിലാഷ് സഹായം ചോദിച്ചിട്ടും ബാറിലെ സെക്യൂരിറ്റിയോ ജീവനക്കാരോ കൈവിരല്‍ പോലും അനക്കിയില്ല.
പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയതും പോലീസിനെ വിളിക്കാന്‍ വൈകിച്ചതും ബാര്‍ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ബോധപൂര്‍വമായ വീഴ്ചയാണ്. കൊലപാതകത്തിന് കൂട്ടുനിന്ന ഇവരേയും കേസില്‍ പ്രതികളാക്കണമെന്ന ആവശ്യം ശക്തമാണ്. ചാക്കയിലെ ആശുപത്രിയില്‍ കഴിയുന്ന അച്ഛന് കൂട്ടിരിക്കാന്‍ പോയ ചൊവ്വര സ്വദേശി അഭിലാഷാണ് സുമന്റെ മൃതദേഹം പോലും ബാക്കി കിട്ടാന്‍ കാരണമായത്. റോഡരികില്‍ അനക്കമില്ലാതെ കിടന്ന സുമനെ കണ്ട അഭിലാഷ്, ആദ്യം കരുതിയത് തന്റെ കാര്‍ തട്ടിയതാണെന്നാണ്. ഉടന്‍ തന്നെ കാര്‍ പുറകോട്ട് എടുത്ത് സുഹൃത്ത് അരുണിനെ വിളിച്ചുവരുത്തി. നാട്ടുകാരും ബാര്‍ ജീവനക്കാരും സഹകരിക്കാതിരുന്നിട്ടും തളരാതെ അഭിലാഷ് പോലീസിനെ വിവരമറിയിച്ചു. ആ ഇടപെടല്‍ ഉണ്ടായില്ലായിരുന്നുവെങ്കില്‍ ആ ശരീരത്തിലൂടെ രാത്രിയില്‍ മറ്റ് വാഹനങ്ങള്‍ കയറിയിറങ്ങി സുമന്റെ ശരീരം ചിന്നിച്ചിതറിപ്പോയേനെ!
വാഹനം തട്ടിയതല്ല, അതിക്രൂരമായ മര്‍ദ്ദനമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അടിവരയിടുന്നു. തലയിലെ രക്തക്കുഴലുകള്‍ തകര്‍ന്നു. കഴുത്തിലെ എല്ലുകള്‍ ഒടിഞ്ഞു തൂങ്ങി. രണ്ട് വാരിയെല്ലുകള്‍ തകര്‍ന്ന് ശ്വാസകോശത്തില്‍ തുളച്ചു കയറി. ഹൃദയത്തിന് പോലും ഗുരുതരമായ പരിക്കേറ്റു. മദ്യപിച്ചെത്തുന്നവരുടെ പണം മാത്രം മതിയെന്നും അവരുടെ സുരക്ഷ തങ്ങളുടെ ബാധ്യതയല്ലെന്നുമുള്ള ബാര്‍ ഉടമകളുടെയും ജീവനക്കാരുടെയും നിലപാടാണ് ഇത്തരമൊരു അരുംകൊലയ്ക്ക് വഴിമരുന്നിട്ടത്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാത്ത പക്ഷം കേരളത്തിലെ തെരുവുകളില്‍ ഇനിയും ചോര ഒഴുകും.
വിഴിഞ്ഞം എസ്.എച്ച്.ഒ വി.ഡി. രെജി രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ ഒരു മണിക്കൂറിനുള്ളില്‍ പിടികൂടിയെങ്കിലും, ഈ കൊലപാതകത്തിലെ ‘അദൃശ്യ’ പങ്കാളികളായ ബാര്‍ ജീവനക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ജനങ്ങള്‍ മുറവിളി കൂട്ടുകയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തന്ത്രിയുടെ അറസ്റ്റിന് പിന്നാലെ കടകംപളളിയെ വീണ്ടും ചോദ്യം ചെയ്യാന്‍ എസ്ഐടി, സ്വര്‍ണ്ണക്കൊളളയില്‍ പാര്‍ട്ടി സംരക്ഷണമില്ല; മുന്‍ മന്ത്രിക്കെതിരേ തെളിവുണ്ടെങ്കില്‍ എസ്ഐടിക്ക് സ്വതന്ത്രമായി നീങ്ങാം; ഹാട്രിക്കിന് തയ്യാറെടുത്ത പിണറായി സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയ ശബരിമല കേസില്‍ വിട്ടുവീഴ്ചയ്ക്കില്ല





