ഇസ്ലാമാബാദ്: ആഗോള രാഷ്ട്രീയ സാഹചര്യം ഉറ്റുനോക്കിയ അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ ആദ്യദിനം ധാരണയാകാതെ പിരിഞ്ഞു. പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടന്ന നിര്‍ണ്ണായക ചര്‍ച്ചകളില്‍ ഇറാന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടാകാത്തതാണ് ചര്‍ച്ചകള്‍ ഫലം കാണാതെ പോകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
21 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലും ഇറാന്‍ സമാധാന ഉടമ്പടിക്ക് തയ്യാറായില്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് വ്യക്തമാക്കി. ചര്‍ച്ചകള്‍ സബ്സ്റ്റാന്റീവ് ആയിരുന്നു എന്നത് നല്ല വാര്‍ത്തയാണെങ്കിലും കരാറിലെത്താന്‍ സാധിക്കാത്തത് നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
കരാറിലെത്താന്‍ സാധിക്കാത്തത് അമേരിക്കയേക്കാള്‍ കൂടുതല്‍ ഇറാന്റെ ഭാവിയെയാണ് ബാധിക്കുകയെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു. സമാധാന ചര്‍ച്ചകളില്‍ കൃത്യമായ ധാരണയുണ്ടാകാത്ത സാഹചര്യത്തില്‍ യുഎസ് പ്രതിനിധി സംഘം വാഷിംഗ്ടണിലേക്ക് മടങ്ങും. ഇറാന്റെ നിഷേധാത്മക നിലപാട് ചര്‍ച്ചകളുടെ പുരോഗതിക്ക് തടസ്സമായെന്ന് വാന്‍സ് ആരോപിച്ചു.
ആണവായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള നീക്കത്തില്‍ നിന്ന് പൂര്‍ണ്ണമായും പിന്മാറാന്‍ ഇറാന്‍ തയ്യാറാകാത്തതാണ് ചര്‍ച്ചകള്‍ വഴിമുട്ടാന്‍ പ്രധാന കാരണം. ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന ഉറച്ച രീാാശാേലി േഇറാന്‍ നല്‍കണമെന്നതായിരുന്നു അമേരിക്കയുടെ പ്രധാന ആവശ്യം. എന്നാല്‍ ഇതിന് തയ്യാറാകാതെ ഇറാന്‍ ഒഴിഞ്ഞുമാറുകയായിരുന്നു.
അമേരിക്കയുടെ ചുവപ്പ് രേഖകള്‍ എന്താണെന്ന് ചര്‍ച്ചയില്‍ വ്യക്തമായി അവതരിപ്പിച്ചിരുന്നു. വിട്ടുവീഴ്ച ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളും അല്ലാത്തവയും ഇറാന്റെ പ്രതിനിധികളെ അറിയിച്ചുവെന്നും എന്നാല്‍ അമേരിക്കയുടെ നിബന്ധനകള്‍ അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ലെന്നും വാന്‍സ് വിശദീകരിച്ചു. ആണവായുധങ്ങള്‍ക്കായുള്ള ഉപകരണങ്ങള്‍ കൈവശം വെക്കില്ലെന്ന് ഇറാന്‍ സമ്മതിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇറാന് മുന്നില്‍ തങ്ങള്‍ അന്തിമവും മികച്ചതുമായ ഒരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. ഇത് ഇറാന്‍ അംഗീകരിക്കുമോ എന്ന് വരും ദിവസങ്ങളില്‍ കണ്ടറിയണം. പ്രസിഡന്റ് ട്രംപുമായി കഴിഞ്ഞ 21 മണിക്കൂറിനിടെ ഡസന്‍ തവണയോളം താന്‍ സംസാരിച്ചുവെന്നും യുഎസ് സംഘം ആത്മാര്‍ത്ഥതയോടെയാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്നും വാന്‍സ് വ്യക്തമാക്കി.
ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്‌ളോറിഡയിലെ മിയാമിയില്‍ യു.എഫ്.സി മത്സരം കാണാന്‍ കുടുംബത്തോടൊപ്പം എത്തിയിരുന്നു. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ ട്രംപിന്റെ മിയാമി സന്ദര്‍ശനം ശ്രദ്ധേയമായി.
ചര്‍ച്ചകളുടെ ഫലം എന്തുതന്നെയായാലും വിജയം അമേരിക്കയ്‌ക്കൊപ്പമാണെന്ന് ട്രംപ് വൈറ്റ് ഹൗസിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇറാനെ തങ്ങള്‍ പരാജയപ്പെടുത്തിക്കഴിഞ്ഞു എന്നും ഒരു കരാര്‍ ഉണ്ടായാലും ഇല്ലെങ്കിലും അമേരിക്ക സുരക്ഷിതമാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇറാന്‍ കരാറില്‍ ഏര്‍പ്പെട്ടാലും ഇല്ലെങ്കിലും തനിക്കതില്‍ ആശങ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാറ്റോ സഖ്യത്തിനെതിരെയും ട്രംപ് രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ഹോര്‍മുസ് കടലിടുക്ക് തങ്ങള്‍ തുറക്കുമെന്നും അമേരിക്ക അത് ഉപയോഗിക്കുന്നില്ലെങ്കിലും ലോകത്തിലെ മറ്റ് രാജ്യങ്ങള്‍ അതിനെ ആശ്രയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാറ്റോ രാജ്യങ്ങള്‍ ഭീരുക്കളും പിശുക്കരുമാണെന്നും തങ്ങളെ സഹായിക്കാന്‍ അവര്‍ തയ്യാറല്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.
വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ നേതൃത്വത്തിലുള്ള യുഎസ് പ്രതിനിധി സംഘത്തില്‍ സ്പെഷ്യല്‍ എന്‍വോയ് സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകന്‍ ജാറെഡ് കുഷ്നര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. വൈസ് പ്രസിഡന്റ് പദവിയില്‍ വാന്‍സിന്റെ നയതന്ത്ര നീക്കങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.
ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗര്‍ കാലിബാഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇറാന് വേണ്ടി ചര്‍ച്ചകളില്‍ പങ്കെടുത്തത്. സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും ജെ.ഡി. വാന്‍സ് ചര്‍ച്ചകള്‍ നടത്തിയിരുന്നു.
കഴിഞ്ഞ ആറാഴ്ചയായി ഇരുരാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്ന കടുത്ത സംഘര്‍ഷത്തിന് കഴിഞ്ഞ ബുധനാഴ്ചയാണ് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് ശനിയാഴ്ചയാണ് പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ നിലവിലെ സാഹചര്യം ലോകത്തിന് വലിയ പ്രതീക്ഷ നല്‍കുന്നതല്ല.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഹൗര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്; യുദ്ധം അവസാനിപ്പിക്കാന്‍ സമയപരിധിയില്ലെന്ന് ട്രംപ്; ലോകം കടുത്ത എണ്ണപ്രതിസന്ധിയിലേക്ക്





