ചന്ദ്രനെ വലംവെച്ച് ആര്‍ട്ടെമിസ് മടങ്ങി; പസഫിക്കില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു

വാഷിങ്ടണ്‍: അന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം മനുഷ്യനെ ചന്ദ്രന്റെ ചാരത്തെത്തിച്ച നാസയുടെ ആര്‍ട്ടെമിസ് 2 ദൗത്യം വിജയകരമായി പൂര്‍ത്തിയായി. പത്ത് ദിവസം നീണ്ട ചരിത്രപ്രധാനമായ ബഹിരാകാശ യാത്രയ്ക്ക് ശേഷം നാലംഗ സംഘം സഞ്ചരിച്ച ഒറിയോണ്‍ പേടകം ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ കാലിഫോര്‍ണിയ തീരത്ത് പസഫിക് സമുദ്രത്തില്‍ സുരക്ഷിതമായി പതിച്ചു. ഇതോടെ മനുഷ്യന്‍ ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത അത്രയും ദൂരത്തേക്ക് നടത്തിയ ഐതിഹാസിക യാത്രയ്ക്ക് ശുഭപര്യവസാനമായി.
മണിക്കൂറില്‍ 25,000 മൈല്‍ വേഗതയില്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തുളച്ചുകയറിയ പേടകം, ഘര്‍ഷണം മൂലം ഉണ്ടായ കഠിനമായ ചൂടിനെ അതിജീവിച്ചാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. ഏകദേശം 3,000 ഡിഗ്രി ഫാരന്‍ഹീറ്റ് ചൂടാണ് അന്തരീക്ഷ പ്രവേശന സമയത്ത് പേടകത്തിന് ചുറ്റും അനുഭവപ്പെട്ടത്. ഈ ഘട്ടത്തില്‍ ആറ് മിനിറ്റോളം പേടകവുമായുള്ള ആശയവിനിമയം പൂര്‍ണ്ണമായും നിലച്ചത് ശാസ്ത്രലോകത്തെ ആശങ്കയിലാഴ്ത്തിയിരുന്നു.
അന്തരീക്ഷത്തില്‍ വെച്ച് പേടകത്തിന്റെ വേഗത കുറയ്ക്കുന്നതിനായി കൂറ്റന്‍ പാരച്യൂട്ടുകള്‍ വിടര്‍ന്നു. സമുദ്രോപരിതലത്തില്‍ പതിക്കുമ്പോള്‍ പേടകത്തിന്റെ വേഗത മണിക്കൂറില്‍ വെറും 20 മൈലായി കുറയ്ക്കാന്‍ ഇതിലൂടെ സാധിച്ചു. യുഎസ് നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും സജ്ജമായിരുന്ന സ്ഥലത്താണ് ഒറിയോണ്‍ ലാന്‍ഡ് ചെയ്തത്.
നാസയുടെ ബഹിരാകാശ സഞ്ചാരികളായ റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോച്ച് എന്നിവരും കനേഡിയന്‍ ബഹിരാകാശ സഞ്ചാരി ജെറമി ഹാന്‍സനുമാണ് ഈ ചരിത്ര ദൗത്യത്തിലുണ്ടായിരുന്നത്. പത്ത് ദിവസത്തിനുള്ളില്‍ ഏകദേശം ഏഴ് ലക്ഷത്തോളം മൈലുകളാണ് ഇവര്‍ സഞ്ചരിച്ചത്. ചന്ദ്രന്റെ ഇരുണ്ട വശത്തിന് മുകളിലൂടെ പറന്ന ഇവര്‍, ഭൂമിയില്‍ നിന്നും ഏറ്റവും കൂടുതല്‍ ദൂരത്തേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡും സ്വന്തമാക്കി.
1970-ല്‍ അപ്പോളോ 13 ദൗത്യം സ്ഥാപിച്ച ദൂരപരിധിയാണ് ആര്‍ട്ടെമിസ് കക തിരുത്തിക്കുറിച്ചത്. ചന്ദ്രനെ തൊട്ടില്ലെങ്കിലും, ചന്ദ്രന്റെ ഉപരിതലം നഗ്‌നനേത്രങ്ങള്‍ കൊണ്ട് ഇത്രയും അടുത്തുകാണാന്‍ സാധിച്ച ആദ്യത്തെ ആധുനിക സംഘമാണിത്. ദൗത്യം വിജയകരമായതോടെ അടുത്ത ഘട്ടത്തില്‍ മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാനുള്ള ആര്‍ട്ടെമിസ് കകക ദൗത്യത്തിന് നാസയ്ക്ക് കൂടുതല്‍ ആത്മവിശ്വാസമായി.
ഭൂമിയിലെത്തിയ സഞ്ചാരികളെ സ്വീകരിക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് സമുദ്രത്തില്‍ ഒരുക്കിയിരുന്നത്. കഠിനമായ ചൂടിനും ഗുരുത്വാകര്‍ഷണ മാറ്റങ്ങള്‍ക്കും ശേഷം മടങ്ങിയെത്തുന്ന ബഹിരാകാശ സഞ്ചാരികള്‍ക്ക് ഉണ്ടാകാനിടയുള്ള ശാരീരിക അസ്വസ്ഥതകള്‍ പരിഹരിക്കാന്‍ മെഡിക്കല്‍ സംഘം പേടകത്തിന് അരികിലെത്തി.
അന്തരീക്ഷത്തിലേക്ക് കടക്കുന്നതിന് തൊട്ടുമുന്‍പ് സഞ്ചാരികള്‍ ഭൂമിയുടെ മനോഹരമായ ഒരു ചിത്രം പകര്‍ത്തി അയച്ചിരുന്നു. ഇതിന് പിന്നാലെ ‘പ്ലാസ്മ ബില്‍ഡ് അപ്പ്’ കാരണം ആശയവിനിമയം തടസ്സപ്പെട്ടു. ദൗത്യം പരാജയപ്പെടുമോ എന്ന പേടി നിലനിന്നിരുന്ന നിമിഷങ്ങളെ അതിജീവിച്ച് പേടകം ദൃശ്യമായപ്പോള്‍ നാസയുടെ കണ്‍ട്രോള്‍ റൂമില്‍ ഹര്‍ഷാരവം മുഴങ്ങി.
സമുദ്രത്തില്‍ പതിച്ച പേടകത്തെയും അതിനുള്ളിലെ സഞ്ചാരികളെയും യുഎസ് നാവികസേനയുടെ യുഎസ്എസ് ജോണ്‍ പി. മുര്‍ത്ത എന്ന കപ്പലിലേക്കാണ് മാറ്റിയത്. ഇവിടെ ഇവര്‍ക്കായി പ്രത്യേക ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഭൂമിയിലെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടാന്‍ കുറച്ചു ദിവസത്തെ വിശ്രമം ഇവര്‍ക്ക് ആവശ്യമാണ്.
ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ അയക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളിലെ നിര്‍ണ്ണായക നാഴികക്കല്ലാണ് ഇതോടെ പിന്നിട്ടിരിക്കുന്നത്. 1972-ന് ശേഷം ആദ്യമായാണ് മനുഷ്യന്‍ ഭൂമിയുടെ ഭ്രമണപഥം വിട്ട് ഇത്രയും ദൂരം സഞ്ചരിക്കുന്നത്. വരാനിരിക്കുന്ന ചൊവ്വാ ദൗത്യങ്ങള്‍ക്കും ഈ വിജയം വലിയ കരുത്താകും.
ശാസ്ത്രലോകവും ലോകമെമ്പാടുമുള്ള ബഹിരാകാശ പ്രേമികളും ഒരേപോലെ കാത്തിരുന്ന ഈ മടങ്ങിവരവ് വരും തലമുറയ്ക്ക് വലിയ ആവേശമാണ് പകരുന്നത്. വരാനിരിക്കുന്ന ദശകങ്ങളില്‍ ചന്ദ്രനില്‍ സ്ഥിരമായ താവളം ഒരുക്കാനുള്ള നാസയുടെ സ്വപ്നങ്ങളിലേക്കുള്ള വലിയൊരു ചുവടുവെപ്പായി ആര്‍ട്ടെമിസ് 2 ദൗത്യത്തെ ചരിത്രം അടയാളപ്പെടുത്തും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.