ചിക്കമഗളൂരു: നാലുനാള്‍ നീണ്ട കണ്ണീര് പ്രാര്‍ത്ഥനകള്‍ വിഫലമായെങ്കിലും മാണിക്കധാരയിലെ 1500 അടി താഴ്ചയുള്ള അഗാധമായ കൊക്കയില്‍ നിന്നും ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയതോടെ ഉയരുന്നത് ഞെട്ടിപ്പിക്കുന്ന ആരോപണങ്ങള്‍. മകളുടേത് വെറുമൊരു അപകടമരണമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണെന്നും കുടുംബം ഉറപ്പിച്ചു പറയുന്നു. കാല് വഴുതി വീഴാന്‍ യാതൊരു സാധ്യതയുമില്ലാത്ത സ്ഥലത്തുനിന്നും മകള്‍ എങ്ങനെ കൊക്കയിലെത്തി എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് കുടുംബം.
ചൊവ്വാഴ്ച വൈകിട്ട് 5.20-ന് കുടുംബാംഗങ്ങള്‍ക്കൊപ്പം ചിരിച്ചുല്ലസിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത ശ്രീനന്ദയെ 5.35 ആയപ്പോഴേക്കും കാണാതായിരുന്നു. തിങ്ങിനിറഞ്ഞ സഞ്ചാരികള്‍ക്കിടയില്‍ വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടി അപ്രത്യക്ഷമായത് യാദൃച്ഛികമല്ല. ‘പിടിച്ചു തള്ളാതെ എന്റെ കുട്ടി ഇത്രയും കയത്തില്‍ വീഴില്ല’ – ബന്ധുക്കള്‍ ആവര്‍ത്തിക്കുന്നു. ശ്രീനന്ദയെ ആരോ അപായപ്പെടുത്തിയ ശേഷം കൊക്കയിലേക്ക് വലിച്ചെറിഞ്ഞതാണെന്ന സംശയം ഇവര്‍ ശക്തമായി ഉന്നയിക്കുന്നു.
‘എന്റെ കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയി കൊന്നതാണ്. അവള് ഒരിക്കലും അവിടെ തനിയെ വീഴില്ല. ലഹരിമരുന്ന് നല്കി മയക്കിയാണ് അവളെ കടത്തിക്കൊണ്ടുപോയത്’ – അമ്മ രേണുകയുടെ വാക്കുകളില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് ചിക്കമഗളൂരു. പ്രദേശത്തെ ലഹരി മാഫിയകളെ കുറിച്ചോ, വിനോദസഞ്ചാര കേന്ദ്രത്തിലെ കച്ചവടക്കാരെ കുറിച്ചോ പോലീസ് വേണ്ടത്ര അന്വേഷണം നടത്തിയില്ലെന്ന ആക്ഷേപവും കുടുംബത്തിനുണ്ട്. കടക്കാരെയും പരിസരവാസികളെയും ചോദ്യം ചെയ്താല്‍ സത്യം പുറത്തുവരുമെന്ന് ഇവര്‍ വിശ്വസിക്കുന്നു.
ശ്രീനന്ദയെ കാണാതായ ആ 15 മിനിറ്റിനുള്ളില്‍ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് അതീവ വേഗത്തില്‍ പുറത്തേക്ക് പോയ ഒമ്പതോളം വാഹനങ്ങളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും, എന്തുകൊണ്ട് ആദ്യം മുതല്‍ തട്ടിക്കൊണ്ടുപോകല്‍ സാധ്യത ഗൗരവമായി കണ്ടില്ലെന്നാണ് ചോദ്യം. 1500 അടി താഴ്ചയിലേക്ക് ഒരാള്‍ സ്വയം വീഴുക അസാധ്യമാണെന്നും ആരോ കൊണ്ടിട്ടതാണെന്നും കുടുംബം വിശ്വസിക്കുന്നു. ശ്രീനന്ദയുടെ ശരീരത്തില്‍ ലഹരിമരുന്നിന്റെ അംശമുണ്ടോ എന്നും, വീഴ്ചയ്ക്ക് മുന്‍പ് ബലപ്രയോഗം നടന്നിട്ടുണ്ടോ എന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമാകും. മരണസമയം കൃത്യമായി അറിയുന്നതോടെ ആ 15 മിനിറ്റിലെ നിഗൂഢതകള്‍ അഴിക്കാന്‍ പോലീസിന് സാധിക്കും. കേരള പോലീസിന്റെ പ്രത്യേക സംഘവും ചിക്കമഗളൂരുവില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് കിട്ടിയ അവധിക്കാലം ആഘോഷിക്കാന്‍ പോയ ശ്രീനന്ദ ഒരു നാടിന്റെയാകെ നോവായി മാറുമ്പോള്‍, നീതിക്കായി പോരാടാന്‍ ഉറച്ചുതന്നെയാണ് ഈ കുടുംബം. സിസിടിവി ദൃശ്യങ്ങളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവരുന്നതോടെ മരണത്തിലെ ദുരൂഹതകള്‍ നീങ്ങുമെന്ന പ്രതീക്ഷയിലാണ് കേരളം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മടക്കയാത്രയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി; കടയ്ക്കലില്‍ പ്രവാസി ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അഞ്ചുമുക്ക് സ്വദേശികളായ സുഗതന്റേയും ലതയുടേയും മരണകാരണം അവ്യക്തം





