കൊച്ചി: പ്രമുഖ സംവിധായകന് രഞ്ജിത്തിനെതിരെയുള്ള ലൈംഗികാതിക്രമക്കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്താനാകാതെ അന്വേഷണസംഘം പ്രതിസന്ധിയില്‍. സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന കാരവന് ഡ്രൈവറെ പോലീസ് വിശദമായി ചോദ്യം ചെയ്തെങ്കിലും, ഇത്തരമൊരു കൃത്യത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്ന മറുപടിയാണ് ലഭിച്ചത്.
ഇതോടെ നേരിട്ടുള്ള സാക്ഷിമൊഴികളുടെ അഭാവം കേസിനെ ബാധിക്കുമോ എന്ന ആശങ്ക ശക്തമാണ്. നിലവില്‍ രഞ്ജിത്തിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് പോലീസ്. ഇതിലെ ഡിജിറ്റല്‍ തെളിവുകളിലാണ് ഇനി അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. പക്ഷേ ഫോണിലും പീഡനത്തിനുളള തെളിവുകള്‍ കിട്ടുക പ്രയാസമാകും.
വിശദമായ ചോദ്യം ചെയ്യലിലും തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അദ്ദേഹം. കുറ്റസമ്മതം നടത്താന്‍ രഞ്ജിത്ത് തയ്യാറാകാത്തതും പോലീസിന് വെല്ലുവിളിയാണ്. ഫോര്‍ട്ട് കൊച്ചി ആസ്പിന്‍ വാള്, കൃത്യം നടന്നുവെന്ന് പറയപ്പെടുന്ന കാരവന് എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയെങ്കിലും കൃത്യമായ ശാസ്ത്രീയ തെളിവുകള്‍ ഇനിയും ലഭിച്ചിട്ടില്ല.
ജനുവരിയില്‍ ഷൂട്ടിങ്ങിനിടെ കാരവനില്‍ വച്ച് യുവനടിയെ കയറിപ്പിടിച്ചു എന്നാണ് പരാതി. എന്നാല്‍, സിനിമ സെറ്റിലെ മറ്റംഗങ്ങള്‍ രഞ്ജിത്തിന് എതിരെ മൊഴി നല്കാന് സാധ്യത കുറവാണെന്നാണ് സൂചന. പ്രമുഖ സംവിധായകനും ഇടത് സഹയാത്രികനുമായ രഞ്ജിത്തിനെതിരെ മൊഴി നല്കാന് പലരും മടിക്കുന്നത് അന്വേഷണത്തെ ബാധിച്ചേക്കാം. കൂടാതെ, സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തിലും പോലീസ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
സിസിടിവി ദൃശ്യങ്ങളുടെ അഭാവം പ്രതിഭാഗത്തിന് കോടതിയില്‍ അനുകൂലമായേക്കാം. കാരവാനുള്ളില്‍ സിസിടിവി ഇല്ല. എന്നാല്‍ പുറത്തുണ്ടെന്നാണ് സൂചന. ഇതില്‍ നടി കരഞ്ഞു കൊണ്ട് പോയ ദൃശ്യമുണ്ടോ എന്നതാണ് നിര്‍ണ്ണായകം. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ രഞ്ജിത്തിനെ കൂടുതല്‍ സമയം കസ്റ്റഡിയില്‍ വെക്കേണ്ടതില്ലെന്ന് തീരുമാനിച്ചാണ് പോലീസ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. നിലവില്‍ എറണാകുളം സബ് ജയിലിലാണ് അദ്ദേഹം.
രഞ്ജിത്തിന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിച്ചേക്കും. ഡിജിറ്റല്‍ തെളിവുകള്‍ അനുകൂലമായാല്‍ മാത്രമേ കേസില്‍ ശക്തമായ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിന് സാധിക്കൂ. അതല്ലാത്ത പക്ഷം, സാക്ഷിമൊഴികള്‍ മാത്രം ആധാരമാക്കി നടത്തുന്ന പ്രോസിക്യൂഷന് നീക്കങ്ങള്‍ പാളിപ്പോകാന്‍ സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ ഫോറന്‍സിക് പരിശോധനാ ഫലം പുറത്തുവരുന്നതോടെ കേസില്‍ കൂടുതല്‍ വ്യക്തത കൈവരും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
മെഡിക്കൽ കോളേജ് ഐസിയു പ്രതിസന്ധി: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; അടിയന്തര അന്വേഷണത്തിന് ഉത്തരവ്
മെഡിക്കൽ കോളേജ് ഐസിയു പ്രതിസന്ധി: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; അടിയന്തര അന്വേഷണത്തിന് ഉത്തരവ്







