6100 കിലോ ഭാരമുള്ള ഉപഗ്രഹം; ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് വിക്ഷേപിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ വാര്‍ത്താവിനിമയ ഉപഗ്രഹം; ബഹിരാകാശത്തും ‘ബാഹുബലി’ വീരഗാഥ; ഐ എസ് ആര്‍ ഒ ചരിത്രം കുറിച്ചു

ചെന്നൈ: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നും വിക്ഷേപിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ ‘ബ്ലൂബേര്‍ഡ്-6’ ലക്ഷ്യസ്ഥാനത്തെത്തിച്ച് ഇന്ത്യ പുതിയ ചരിത്രം കുറിച്ചു. ഐഎസ്ആര്‍ഒയുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ എല്‍വിഎം-3 (ബാഹുബലി റോക്കറ്റ്) ആണ് ഈ വമ്പന്‍ ഉപഗ്രഹത്തെ ബഹിരാകാശത്തേക്ക് എത്തിച്ചത്. അമേരിക്കന്‍ സ്വകാര്യ കമ്പനിയായ എഎസ്ടി സ്പേസ് മൊബൈലിന് വേണ്ടി ഇന്ത്യ നടത്തിയ ഈ വിക്ഷേപണം രാജ്യത്തിന്റെ ബഹിരാകാശ മേഖലയ്ക്ക് കൈവന്ന വലിയൊരു നേട്ടമാണ്.

ചൊവ്വാഴ്ച രാവിലെ ആരംഭിച്ച 24 മണിക്കൂര്‍ കൗണ്ട്ഡൗണിന് ശേഷം ബുധനാഴ്ച രാവിലെ എട്ടാമത്തെ ദൗത്യത്തിനായി കുതിച്ചുയര്‍ന്ന ബാഹുബലി റോക്കറ്റ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി.പ്രത്യേക സിഗ്‌നല്‍ റിസീവറുകളോ ടവറുകളോ ഇല്ലാതെ തന്നെ സാധാരണ സ്മാര്‍ട്ട്ഫോണുകളിലേക്ക് ബഹിരാകാശത്തുനിന്ന് നേരിട്ട് ഇന്റര്‍നെറ്റ് എത്തിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. 6100 കിലോ (6.1 ടണ്‍) ഭാരമുള്ള ഈ ഉപഗ്രഹം, ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് (LEO) വിക്ഷേപിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ വാര്‍ത്താവിനിമയ ഉപഗ്രഹമെന്ന പദവിയും സ്വന്തമാക്കി.

ബുധനാഴ്ച രാവിലെ 8:54-ന് രണ്ടാം വിക്ഷേപണ തറയില്‍ നിന്നായിരുന്നു ഈ അഭിമാന വിക്ഷേപണം നടന്നത്. ഭാവിയില്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുത്ത എല്‍വിഎം-3 റോക്കറ്റിന്റെ ആറാമത്തെ വിജയകരമായ ഓപ്പറേഷണല്‍ ഫ്‌ലൈറ്റായിരുന്നു ഇത്. വാര്‍ത്താവിനിമയ ഗോപുരങ്ങളോ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളോ ഇല്ലാത്ത ?????മമായ മേഖലകളിലും ഇനി ബ്ലൂബേര്‍ഡ് ബ്ലോക്ക് 2 ഉപഗ്രഹ ശൃംഖല വഴി അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാകും. നേരിട്ട് സ്മാര്‍ട്ട്ഫോണുകളിലേക്ക് 4G, 5G ഹൈസ്പീഡ് സേവനങ്ങള്‍ എത്തിക്കാനായി 223 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള കൂറ്റന്‍ ആന്റിനകളാണ് ഈ പേടകത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്.

നേരത്തെ നവംബര്‍ രണ്ടിന് ഇന്ത്യ വിക്ഷേപിച്ച 4400 കിലോ ഭാരമുള്ള ഉപഗ്രഹത്തിന്റെ റെക്കോര്‍ഡാണ് ഇതോടെ തിരുത്തപ്പെട്ടത്. സാധാരണ നിലയില്‍ മൊബൈല്‍ കവറേജ് ഇല്ലാത്ത ഇടങ്ങളില്‍പ്പോലും ഇനി റേഞ്ച് ലഭ്യമാക്കാന്‍ ഈ ആധുനിക സംവിധാനം സഹായിക്കും. ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (NSIL) വഴിയാണ് ഈ വമ്പന്‍ കരാര്‍ ഇന്ത്യയ്ക്ക് ലഭിച്ചത്.

ചന്ദ്രയാന്‍ 2, ചന്ദ്രയാന്‍ 3 ദൗത്യങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിച്ച എല്‍വിഎം-3 റോക്കറ്റിന്റെ വിശ്വാസ്യതയും കരുത്തും അടിവരയിടുന്നതാണ് ഈ ദൗത്യവിജയം. ലോകത്തെ മുന്‍നിര ബഹിരാകാശ ഏജന്‍സികളോട് കിടപിടിക്കുന്ന അത്യാധുനിക വിക്ഷേപണ സൗകര്യങ്ങള്‍ ഇന്ത്യയ്ക്കുണ്ടെന്ന് ഒരിക്കല്‍ക്കൂടി ഈ നേട്ടത്തിലൂടെ വ്യക്തമായി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.