കേസ് ഡയറി തിരുത്താന്‍ തലസ്ഥാനത്ത് രഹസ്യതാമസം; നവകേരള മര്‍ദ്ദനക്കേസില്‍ ആദ്യ അന്വേഷണം അട്ടിമറിച്ചെന്ന് എസ്ഐടി കണ്ടെത്തല്‍; ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം സിഡി ഫയല്‍ മാറ്റിയെഴുതി; മുന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴി പുറത്ത്; ഡിജിപിക്ക് പ്രത്യേക റിപ്പോര്‍ട്ട് നല്‍കും; വിവാദ ഗണ്‍മാന്‍ സന്ദീപ് പോലീസിലേക്ക് മടങ്ങി

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ കറുത്ത കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് – കെഎസ്യു പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ സ്‌ഫോടനാത്മകമായ അട്ടിമറി വിവരങ്ങള്‍ പുറത്ത്. മുന്‍ ഇടത് സര്‍ക്കാരിന്റെ കാലത്ത് നടന്ന പ്രാഥമിക അന്വേഷണം പൂര്‍ണ്ണമായും അട്ടിമറിക്കപ്പെട്ടതായും ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം കേസ് ഡയറി (സിഡി ഫയല്‍) തിരുത്തിയതായും യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം (എസ്ഐടി) കണ്ടെത്തി. കേസ് അട്ടിമറിക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നെന്ന കണ്ടെത്തല്‍ പുറത്തുവന്നതിന് പിന്നാലെ, പ്രതിയായ വിവാദ ഗണ്‍മാന്‍ എസ്. സന്ദീപിനെ പിണറായി വിജയന്റെ സുരക്ഷാ സംഘത്തില്‍ നിന്നും ഒഴുവാക്കി പോലീസിലേക്ക് മടക്കി അയച്ചു.
മുന്‍ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്ന ‘സെഡ് പ്ലസ്’ സുരക്ഷ പുതിയ സര്‍ക്കാര്‍ പൂര്‍ണ്ണമായി പിന്‍വലിച്ചതോടെയാണ് സന്ദീപിന്റെ മടക്കം. നിലവില്‍ മുന്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ പദവികള്‍ മുന്‍നിര്‍ത്തി ‘വൈ’ കാറ്റഗറി സുരക്ഷ മാത്രമാണ് പിണറായി വിജയന് നല്‍കുന്നത്. ഇതോടെ കമാന്‍ഡോ സന്നാഹങ്ങളും എസ്‌കോര്‍ട്ട് വാഹനങ്ങളും ഒഴിവാക്കപ്പെട്ടു. അതേസമയം, കേസിലെ മറ്റൊരു പ്രധാന പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥന്‍ അനില്‍കുമാര്‍ ഇപ്പോഴും പിണറായി വിജയനൊപ്പം സുരക്ഷാ ഡ്യൂട്ടിയില്‍ തുടരുകയാണ്.
കേസില്‍ ആദ്യഘട്ട അന്വേഷണം നടത്തിയ സബ് ഇന്‍സ്പെക്ടറും (എസ്‌ഐ) രണ്ട് പോലീസുകാരുമാണ് ഇപ്പോള്‍ പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ അതീവ ഗുരുതരമായ മൊഴി നല്‍കിയിരിക്കുന്നത്. ക്രമസമാധാന ചുമതലയുണ്ടായിരുന്ന അന്നത്തെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നേരിട്ടുള്ള ഇടപെടലിനെത്തുടര്‍ന്നാണ് കേസ് അട്ടിമറിച്ചതെന്ന് ഇവര്‍ സമ്മതിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ നിര്‍ബന്ധപൂര്‍വ്വം തിരുവനന്തപുരത്ത് താമസിപ്പിച്ചാണ് കേസ് ഡയറി തിരുത്തിയെഴുതിച്ചതെന്നും മൊഴിയിലുണ്ട്. ഗണ്‍മാന്‍മാരെ സംരക്ഷിക്കാന്‍ വേണ്ടി യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവെച്ച് പുതിയ റിപ്പോര്‍ട്ട് ഉണ്ടാക്കുകയായിരുന്നു.
എന്നാല്‍, ഈ തിരുത്തല്‍ നടത്തുന്നതിന് തൊട്ടുമുമ്പുള്ള യഥാര്‍ത്ഥ അന്വേഷണ റിപ്പോര്‍ട്ട് എസ്ഐടി റെയ്ഡിലൂടെ കണ്ടെടുത്തു കഴിഞ്ഞു. ആദ്യ റിപ്പോര്‍ട്ടില്‍ ഗണ്‍മാന്‍മാരുടെ മര്‍ദ്ദനം കൃത്യമായി രേഖപ്പെടുത്തിയിരുന്നതായാണ് സൂചന. പോലീസിനെക്കൊണ്ട് തന്നെ പോലീസ് ഫയലുകള്‍ തിരുത്തിച്ച ഈ വലിയ നിയമലംഘനത്തെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തി എസ്ഐടി മേധാവി ഡിജിപിക്ക് അടിയന്തരമായി പ്രത്യേക റിപ്പോര്‍ട്ട് കൈമാറും. ഫയല്‍ തിരുത്താന്‍ നിര്‍ദ്ദേശം നല്‍കിയ ഉന്നത ഉദ്യോഗസ്ഥനെതിരെയും വരും ദിവസങ്ങളില്‍ നടപടിയുണ്ടാകും.
2023 ഡിസംബര്‍ 15-ന് ആലപ്പുഴയില്‍ വെച്ചായിരുന്നു മന്ത്രിമാര്‍ സഞ്ചരിച്ച നവകേരള ബസിന് നേരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍മാരായ അനില്‍കുമാറും സന്ദീപും ചേര്‍ന്ന് ലാത്തികൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്. അന്ന് മുഖ്യമന്ത്രി ഇതിനെ ‘രക്ഷണപ്രവര്‍ത്തനം’ എന്ന് ന്യായീകരിച്ചതിനെത്തുടര്‍ന്ന് പ്രാദേശിക പോലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് പരിക്കേറ്റ നേതാക്കള്‍ കോടതിയെ സമീപിച്ച ശേഷമാണ് ഗണ്‍മാന്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് നിര്‍ബന്ധിതരായത്.
ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പിയുടെ മേല്‍നോട്ടത്തിലുള്ള പുതിയ പ്രത്യേക അന്വേഷണസംഘം ഇന്ന് മുതല്‍ സാക്ഷികളുടെ മൊഴിയെടുപ്പ് ഊര്‍ജ്ജിതമാക്കി. അന്ന് മര്‍ദ്ദനത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ പ്രമുഖ മാധ്യമപ്രവര്‍ത്തകന്റെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തിയത്. മര്‍ദ്ദനമേറ്റ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവും നിലവില്‍ യുഡിഎഫ് എംഎല്‍എയുമായ എ.ഡി. തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ് എന്നിവരോട് നാളെ ശനിയാഴ്ച നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് നല്‍കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഡിജിറ്റല്‍ ദൃശ്യങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം കൂടി ലഭിക്കുന്നതോടെ പ്രതികളായ പോലീസുകാരുടെ അറസ്റ്റിലേക്ക് എസ്ഐടി കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.