കോട്ടയം: കേരള രാഷ്ട്രീയത്തിന്റെ തലവര മാറ്റിവരയ്ക്കുന്ന ഒരു വിപ്ലവകരമായ പ്രഖ്യാപനത്തിനാണോ രാഹുല്‍ ഗാന്ധിയിലൂടെ മലയാളി സാക്ഷ്യം വഹിച്ചത്? ‘സ്ത്രീകളാണ് കേരളത്തിന്റെ ഭാവി’ എന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ വെറുമൊരു പ്രസംഗമല്ല, മറിച്ച് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉയര്‍ത്താന്‍ പോകുന്ന വജ്രായുധമാണെന്ന് വ്യക്തമാകുന്നു. കേരളത്തിന്റെ കോണ്‍ഗ്രസ് ചരിത്രത്തിലാദ്യമായി ഒരു വനിതാ മുഖ്യമന്ത്രി എന്ന സ്വപ്നം രാഹുല്‍ പങ്കുവെച്ചതോടെ, യു.ഡി.എഫ് ക്യാമ്പിലെ മുതിര്‍ന്ന വനിതാ നേതാക്കള്‍ക്കിടയില്‍ പ്രതീക്ഷകള്‍ വാനോളമുയര്‍ന്നു കഴിഞ്ഞു.
നിലവില്‍ മത്സരരംഗത്തുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകയായ അഡ്വ. പി. ഐഷാ പോറ്റിയെ മുഖ്യമന്ത്രി പദത്തിലേക്ക് രാഹുല്‍ മനസ്സില്‍ കാണുന്നുണ്ടോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ പ്രധാന ചര്‍ച്ച. ഐഷാ പോറ്റിയെ കൂടാതെ ബിന്ദു കൃഷ്ണ, രമ്യാ ഹരിദാസ്, ഷാനിമോള്‍ ഉസ്മാന് തുടങ്ങിയ കരുത്തരായ നേതാക്കളും രാഹുലിന്റെ ഈ ‘വനിതാ മുഖ്യമന്ത്രി’ പ്രസ്താവനയോടെ സജീവ പരിഗണനയിലേക്ക് വരികയാണ്. മുഖ്യമന്ത്രി പദത്തെച്ചൊല്ലി പുരുഷ നേതാക്കള്‍ക്കിടയില്‍ നടക്കുന്ന വഴിവിട്ട ചര്‍ച്ചകള്‍ക്കും ഗ്രൂപ്പ് പോരിനും തടയിടാന്‍ ഒരു വനിതാ മുഖത്തെ ഉയര്‍ത്തിക്കാട്ടുക എന്ന തന്ത്രപരമായ നീക്കമാണ് രാഹുല്‍ നടത്തുന്നതെന്ന് കരുതപ്പെടുന്നു.
കൊല്ലത്തെ സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയും തൃക്കാക്കരയിലെ ഉമ തോമസും രാഹുലിന്റെ വാക്കുകളെ വലിയ ആവേശത്തോടെയാണ് വരവേറ്റത്. കോണ്‍ഗ്രസ് എന്നും സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ടെന്നും, സി.പി.എമ്മിന് ഒരിക്കലും സ്വപ്നം കാണാന്‍ കഴിയാത്ത മാറ്റമാണിതെന്നും ബിന്ദു കൃഷ്ണ തുറന്നടിച്ചു. ഒരു വനിതാ ജില്ലാ സെക്രട്ടറിയെ പോലും നിയമിക്കാന്‍ മടിക്കുന്ന സി.പി.എമ്മിന് കേരളത്തിന്റെ ഭരണം ഒരു വനിതയെ ഏല്‍പ്പിക്കാന്‍ ധൈര്യമുണ്ടോ എന്ന ചോദ്യം കോണ്‍ഗ്രസ് ക്യാമ്പുകളില്‍ നിന്ന് ഉയരുന്നു.
അതേസമയം, രാഹുലിന്റെ ഈ നീക്കം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കെ.കെ. ശൈലജയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കാണാന്‍ ആഗ്രഹിക്കുന്ന ഒരു വിഭാഗം ഇടത് അണികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ഈ ചര്‍ച്ചകള്‍ സഹായിക്കും. എന്നാല്‍ 95 സീറ്റില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് വെറും 9 വനിതകള്‍ക്ക് മാത്രമാണ് ഇത്തവണ സീറ്റ് നല്‍കിയതെന്ന യാഥാര്‍ത്ഥ്യം ചൂണ്ടിക്കാട്ടി ഇടതുപക്ഷം ഈ പ്രഖ്യാപനത്തെ പരിഹസിക്കുന്നുണ്ട്. മിക്ക സീറ്റുകളും സംവരണ വിഭാഗത്തിലാണെന്നതും അവര്‍ ആയുധമാക്കുന്നു.
എങ്കിലും, പ്രിയങ്ക ഗാന്ധിയുടെ കേരളത്തിലേക്കുള്ള കടന്നുവരവും ജെബി മേത്തറുടെ സാന്നിധ്യവും കോണ്‍ഗ്രസിന്റെ വനിതാ മുഖത്തിന് പുതിയ ഊര്‍ജ്ജം നല്‍കിയിട്ടുണ്ട്. ഐഷാ പോറ്റിയെപ്പോലെ പരിചയസമ്പന്നയായ ഒരു നേതാവിനെ മുന്‍നിര്‍ത്തി സ്ത്രീ വോട്ടര്‍മാരുടെ വലിയൊരു പിന്തുണ നേടിയെടുക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കേരളം ഇതുവരെ കാണാത്ത ഒരു ഭരണാധികാരിയെ സമ്മാനിക്കുമെന്ന് രാഹുല്‍ പറഞ്ഞു വയ്ക്കുമ്പോള്‍ അത് ഐഷാ പോറ്റിയിലൂടെയാകുമോ അതോ മറ്റൊരു സര്‍പ്രൈസ് മുഖമാകുമോ എന്നാണ് വോട്ടര്‍മാര്‍ ഉറ്റുനോക്കുന്നത്. സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ അടുത്ത കാലത്ത് എത്തിയതാണ് ഐഷാ പോറ്റി.
കൊട്ടാരക്കരയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലിനെയാണ് ഐഷാ പോറ്റി നേരിടുന്നത്. ഐഷാ പോറ്റി ജയിച്ചാല്‍ അത് കോണ്‍ഗ്രസിന് കരുത്താകും. സിപിഎമ്മിന് വേണ്ടി തവണ കൊട്ടാരക്കര നേടിയ നേതാവാണ് ഐഷാ പോറ്റി. അതുകൊണ്ട് തന്നെ ഐഷാ പോറ്റിയാണ് കോണ്‍ഗ്രസിലെ വനിതാ സ്ഥാനാര്‍ത്ഥികളില്‍ നിയമസഭാ പരിചയം കൂടുതലുള്ള നേതാവ്. പുരോഗമന കേരളം രാഹുലിന്റെ വിപ്ലവകരമായ പ്രഖ്യാപനത്തെ എങ്ങനെ സ്വീകരിക്കും എന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കൊടുങ്ങല്ലൂരമ്മയുടെ തിരുമുറ്റത്ത് ചുവടുവെച്ച് സ്പാനിഷ് സുന്ദരി; ഭക്തിലഹരിയില്‍ ആറാടി നിത്യാശ്രീ; വൈറലായി വിദേശി വ്ളോഗറുടെ ഭരണിപ്പകര്‍ച്ചകള്‍





