ആറന്മുളയിൽ പോരാട്ടം മുറുകുന്നു; അബിൻ വർക്കിക്ക് കെട്ടിവെക്കാനുള്ള തുക നൽകി ‘വയറ്റിൽ കത്രിക കുടുങ്ങിയ’ ഉഷ ജോസഫ്

പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കിക്ക് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകി വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിന് ഇരയായ ഉഷ ജോസഫ്. ആലപ്പുഴ പുന്നപ്രയിലെ ഉഷയുടെ വീട്ടിലെത്തിയാണ് അബിൻ വർക്കി തുക ഏറ്റുവാങ്ങിയത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരെ ആറന്മുളയിൽ മത്സരിക്കുന്ന അബിൻ വർക്കിക്ക്, ഉഷ ജോസഫിന്റെ ഈ പിന്തുണ വലിയ രാഷ്ട്രീയ ആയുധമായി മാറിയിരിക്കുകയാണ്.
 കേരളത്തിലെ ആരോഗ്യവകുപ്പ് പൂർണ്ണമായും പരാജയമാണെന്നതിന്റെ തെളിവാണ് ഉഷ ജോസഫിനുണ്ടായ ദുരനുഭവമെന്ന് അബിൻ വർക്കി പറഞ്ഞു.ആരോഗ്യമേഖലയെ തകർത്ത സർക്കാരിനെതിരെയുള്ള കേരളത്തിലെ മുഴുവൻ അമ്മമാരുടെയും ശബ്ദമാണ് ഉഷ ജോസഫിന്റേത്. നൂറുകണക്കിന് അമ്മമാരുടെ പ്രാർത്ഥനയോടെയാണ് യുഡിഎഫ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ച് വർഷം മുൻപ് വണ്ടാനം മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെയാണ് ഉഷയുടെ വയറ്റിൽ കത്രിക മറന്നുവെച്ചത്.
ശസ്ത്രക്രിയയ്ക്ക് ശേഷം കടുത്ത വയറുവേദന അനുഭവപ്പെട്ടെങ്കിലും ഡോക്ടർമാർ അത് ഗൗരവമായി എടുത്തില്ല. മൂത്രത്തിൽ കല്ല് എന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.എംആർഐ സ്കാനിംഗിലൂടെയാണ് വയറ്റിൽ കത്രികയുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കഴിഞ്ഞ മാസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കത്രിക പുറത്തെടുത്തത്. നിലവിൽ വിശ്രമത്തിലാണ് ഉഷ ജോസഫ് .ആരോഗ്യവകുപ്പിന്റെ വീഴ്ചകൾ തിരഞ്ഞെടുപ്പ് വിഷയമാക്കി  വീണാ ജോർജിനെതിരെ യുഡിഎഫ് സജീവമായി ഉന്നയിക്കും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.