ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന സന്തുലിതവും തന്ത്രപരവുമായ നിലപാടിന് അന്താരാഷ്ട്ര തലത്തില്‍ മാത്രമല്ല, ആഭ്യന്തര രാഷ്ട്രീയത്തിലും വലിയ അംഗീകാരം ലഭിക്കുന്നു. ബിജെപി സര്‍ക്കാരിന്റെ വിദേശനയത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നിരന്തരം വിമര്‍ശിക്കുമ്പോഴും, പാര്‍ട്ടിക്കുള്ളിലെ മുതിര്‍ന്ന നയതന്ത്രജ്ഞരും എംപിമാരും മോദി സര്‍ക്കാരിന്റെ നീക്കങ്ങളെ പുകഴ്ത്തി രംഗത്തെത്തുന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.
പശ്ചിമേഷ്യന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് എംപി മനീഷ് തിവാരി രംഗത്തെത്തി. മേഖലയില്‍ സംയമനത്തോടെയുള്ള നിലപാടാണ് ഇന്ത്യ എല്ലായ്പോഴും പാലിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ യുക്തിപൂര്‍വമാണ് പെരുമാറുന്നതെന്നും അദ്ദേഹം പ്രശംസിച്ചു. ‘പശ്ചിമേഷ്യയില്‍ ഒന്നിലധികം യുദ്ധങ്ങളാണ് നടക്കുന്നത്. ഇസ്രയേലും ഇറാനും അമേരിക്കയും തമ്മില്‍ നടക്കുന്ന കാര്യങ്ങളില്‍ പക്ഷം പിടിക്കുന്നത് മിഡില്‍ ഈസ്റ്റ് ഡൈനാമിക്സിനെ മാത്രം സംബന്ധിച്ചതല്ല. ശരിയാണ്, ഇത് നമ്മുടെ യുദ്ധമല്ല,’ തിവാരി പറഞ്ഞു. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഇന്ത്യയുടെ കഴിവിനെയാണ് അദ്ദേഹം ‘തന്ത്രപരമായ സ്വയംഭരണാധികാരം’ എന്ന് വിശേഷിപ്പിച്ചത്.
യുദ്ധത്തിന്റെ തുടക്കം മുതല്‍ തന്നെ ചര്‍ച്ചയുടെയും നയതന്ത്രത്തിന്റെയും ആവശ്യകതയെക്കുറിച്ച് ഇന്ത്യ സംസാരിച്ചിട്ടുണ്ട്. ഈ നിലപാട് ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ വര്‍ധിപ്പിച്ചു. ഗള്‍ഫ് മേഖലയില്‍ ഇറാന് നടത്തിയ ആക്രമണങ്ങളെ അപലപിക്കുമ്പോള്‍ തന്നെ, ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ ഇറാനുമായുള്ള ബന്ധം കാത്തുസൂക്ഷിക്കാനും മോദി സര്‍ക്കാരിന് കഴിഞ്ഞു. വിദേശകാര്യ വിദഗ്ധന്‍ കൂടിയായ കോണ്‍ഗ്രസ് എംപി ശശി തരൂരും കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ അഭിനന്ദിച്ചു. ഇന്ത്യന്‍ എക്സ്പ്രസ്സില്‍ എഴുതിയ ലേഖനത്തില്‍ യുഎസ്-ഇസ്രയേല്‍-ഇറാന് വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടുകള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കും ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന പരമാധികാര തത്വങ്ങള്‍ക്കും അനുസൃതമാണെന്ന് തരൂര്‍ വ്യക്തമാക്കി.
കുറച്ചു കാലമായി പാര്‍ട്ടി വേദികളിലും ദേശീയ രാഷ്ട്രീയത്തിലും നിശബ്ദത പാലിച്ചിരുന്ന തരൂര്‍, വിദേശനയത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച് രംഗത്തെത്തിയത് ശ്രദ്ധേയമാണ്. പ്രതിപക്ഷ നിരയിലെ പ്രധാനികള്‍ തന്നെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത് മോദി സര്‍ക്കാരിന്റെ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എല്‍പിജി, എണ്ണ വിതരണം തടസ്സപ്പെടാതിരിക്കാന്‍ ഇറാനുമായി ഇന്ത്യ നടത്തുന്ന നയതന്ത്ര നീക്കങ്ങള്‍ സാമ്പത്തിക ഭദ്രത ഉറപ്പാക്കി. യുദ്ധസാഹചര്യത്തിലും ആഭ്യന്തര വിപണിയില്‍ ഇന്ധനവില നിയന്ത്രിച്ചു നിര്‍ത്താന്‍ ഈ നീക്കങ്ങള്‍ സഹായിച്ചു.
മോദി സര്‍ക്കാരിന്റെ വിദേശനയങ്ങളെ ‘പരാജയം’ എന്ന് രാഹുല്‍ ഗാന്ധി വിശേഷിപ്പിക്കുമ്പോഴും സ്വന്തം പാര്‍ട്ടിക്കുള്ളിലെ വിദഗ്ധര്‍ തന്നെ അതിനെ തിരുത്തുകയാണ്. വിദേശകാര്യങ്ങളില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുന്നതാണ് രാജ്യതാത്പര്യമെന്ന സന്ദേശമാണ് തിവാരിയും തരൂരും നല്‍കുന്നത്. ദേശീയ സുരക്ഷയെയും അന്താരാഷ്ട്ര ബന്ധങ്ങളെയും ബാധിക്കുന്ന വിഷയങ്ങളില്‍ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കള്‍ തന്നെ സര്‍ക്കാരിനെ പുകഴ്ത്തുന്നത് ബിജെപിക്ക് വലിയ രാഷ്ട്രീയ ഊര്‍ജ്ജമാണ് നല്‍കുന്നത്. രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് സ്ഥാപിക്കാന്‍ ബിജെപിക്ക് ഇത് അവസരമൊരുക്കുന്നു.
സംഘര്‍ഷത്തില്‍ ഏതെങ്കിലും ഒരു പക്ഷത്ത് ചേരാതെ സമാധാനത്തിന് ആഹ്വാനം ചെയ്യുന്ന ഇന്ത്യയുടെ നിലപാട് ആഗോള തലത്തില്‍ വലിയ സ്വീകാര്യത നേടി. ലോകശക്തികള്‍ക്കിടയില്‍ സന്തുലിതമായ ഇടപെടല്‍ നടത്താന്‍ ബിജെപി സര്‍ക്കാരിന് കഴിയുന്നു എന്നതിന്റെ തെളിവായി ഇത് മാറുന്നു. നയതന്ത്ര വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുള്ള ഈ ഭിന്നത വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും. സര്‍ക്കാരിന്റെ വിജയങ്ങളെ അംഗീകരിക്കുന്ന തരൂരിലേക്കും തിവാരിയിലേക്കും രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുകയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിന് ചരിത്രത്തിലാദ്യമായി വനിതാ പ്രിൻസിപ്പൽ; പദവിയിലെത്തുന്നത് മലയാളി
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിന് ചരിത്രത്തിലാദ്യമായി വനിതാ പ്രിൻസിപ്പൽ; പദവിയിലെത്തുന്നത് മലയാളി







