റേഷൻ കാർഡ് വിവാദം: സിപിഐക്കെതിരെ ഗുരുതര ആരോപണവുമായി ശ്രീനാദേവി കുഞ്ഞമ്മ

sreedevi kunjamma
അടൂർ: റേഷൻകാർഡിൽ പേര് ചേർത്തത് വ്യാജമായല്ലെന്ന് കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. പരാതിക്ക് പുറകിൽ സിപിഐ പത്തനംതിട്ട ജില്ലാ നേതൃത്വമാണെന്നും ഇതിൽ സാമ്പത്തിക ഇടപാട് ഉണ്ടായിട്ടുണ്ടെന്ന് ശ്രീനാദേവി ആരോപിച്ചു.
പത്തനംതിട്ട ജില്ലാപഞ്ചായത്ത് അംഗവും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയുമാണ് ശ്രീനാദേവി കുഞ്ഞമ്മ. നേരത്തെ സിപിഐ നേതാവായിരുന്ന ഇവർ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോൺഗ്രസിലേക്ക് എത്തിയത്.
ശ്രീനാദേവി യാതൊരു ബന്ധവുമില്ലാത്ത ഒരു സ്ത്രീയുടെ റേഷൻ കാർഡിൽ വ്യാജമായി പേര് ചേർത്താണ് പത്തനംതിട്ട ജില്ലാപഞ്ചായത്തിലേക്ക് മത്സരിച്ചതെന്ന് സിപിഐ ജില്ലാ നേതൃത്വം ആരോപിച്ചിരുന്നു. ശ്രീനാദേവിയുടെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്തു ജില്ലാകോടതിയിൽ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്.
റേഷൻ കാർഡിൽ വ്യാജമായി പേര് ചേർത്തെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ അന്വേഷണം നടത്തി ശ്രീനാദേവിയുടെ പേര് റേഷൻ കാർഡിൽ നിന്ന് നീക്കം ചെയ്യുകയും ആ വിലാസത്തിൽ സ്ഥിരമായി ആരും താമസമില്ലാത്തതിനാൽ റേഷൻ കാർഡ് റദ്ദാക്കുകയും ചെയ്തിരുന്നു.
അടൂർ സ്വദേശികളും സഹോദരങ്ങളുമായ ശ്രീജിത്ത് എസ് പിള്ള, ശ്യാംജിത്ത് എസ് പിള്ള, സഞ്ജിത്ത് സോമനാഥൻ പിള്ള എന്നിവരുടെ പരാതിയിലാണ് അടൂർ താലൂക്ക് സപ്ലൈ ഓഫീസർ നടപടിയെടുത്തത്. പരാതിക്കാരുടെ അമ്മ യശോദ എസ് പിള്ളയുടെ റേഷൻ കാർഡിൽ തങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ശ്രീനാദേവി കുഞ്ഞമ്മ പേര് ചേർത്തു എന്നായിരുന്നു ഇവരുടെ പരാതി.
എന്നാൽ യശോദാ എസ് പിള്ള തന്റെ അമ്മാവിയാണ് എന്നാണ് ശ്രീനാദേവി പറയുന്നത്. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ഇത്തരം ഒരു പരാതി ഉയർന്നത്. പരാതിക്കാരെ സിപിഐ ജില്ലാ നേതൃത്വം സാമ്പത്തിക വാഗ്ദാനം നൽകി വശത്താക്കുകയായിരുന്നു. പരാതിക്കാരുടെ സ്വന്തം സഹോദരി ഇപ്പോഴും തന്റെ കൂടെയാണ്. അവർക്ക് അവകാശപ്പെട്ട കുടുംബ വസ്തുവിന്റെ പകുതി തനിക്ക് ഇഷ്ടദാനം രജിസ്റ്റർ ചെയ്ത് നൽകിയിട്ടുമു ണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് സിപിഐ ബാനറിൽ മത്സരിച്ചതും വിജയിച്ചതും ഇതേ വിലാസത്തിൽ തന്നെയായിരുന്നു. പരാതി ഇപ്പോൾ ഉണ്ടായത് രാഷ്ട്രീയ പ്രേരിതമാണെന്ന് ശ്രീനാദേവി ചൂണ്ടിക്കാട്ടുന്നു.
തന്റെ അടുത്ത ബന്ധുക്കളാണ് പരാതിക്കാർ തെളിയിക്കുന്നതിന് ആവശ്യമായ ശബ്ദ സന്ദേശങ്ങളും വിശദാംശങ്ങളും ശ്രീനാദേവി വെളിപ്പെടുത്തിയിട്ടുണ്ട്.
 ശ്രീനാദേവി പത്തനംതിട്ട ജില്ലക്കാരി അല്ല എന്ന ആരോപണത്തിനും അവർ മറുപടി പറയുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ സംഘടനകളിലെ ഭാരവാഹിത്വം എടുത്തുകാട്ടിയാണ് ശ്രീനാദേവി ഈ ആരോപണത്തെ പൊളിക്കുന്നത്. തന്റെ സ്കൂൾവിദ്യാഭ്യാസവും താമസവും എല്ലാം അടൂരിലെ കടമ്പനാട് പഞ്ചായത്തിൽ ആയിരുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. റേഷൻ കാർഡിൽ നിന്നും പേര് നീക്കിയ സപ്ലൈ ഓഫീസറുടെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശ്രീനാദേവി അറിയിച്ചു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.