കണ്ണൂര്‍: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ പുകയുന്ന ‘കണ്ണൂര്‍ കനല്’ കെട്ടടങ്ങുന്നില്ല. ഹൈക്കമാന്‍ഡ് നേരിട്ട് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടും പോകേണ്ടെന്ന തീരുമാനത്തിലാണ് കണ്ണൂര്‍ എം.പി കെ. സുധാകരന്. തിങ്കളാഴ്ച ഡല്‍ഹിയിലെത്താനായിരുന്നു നിര്‍ദ്ദേശമെങ്കിലും, അവിടെ നടക്കുന്നത് വെറും അനുനയ നീക്കങ്ങള്‍ മാത്രമായിരിക്കുമെന്ന ബോധ്യത്തിലാണ് സുധാകരന്റെ പിന്മാറ്റം. കണ്ണൂരില്‍ താന്‍ തന്നെ മത്സരിക്കുമെന്ന നിലപാടില്‍ അണുകിട വിട്ടുവീഴ്ചയ്ക്കില്ലെന്ന് സുധാകരന് വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായിരിക്കുകയാണ്.
കണ്ണൂരിലെ വീട്ടില്‍ പൊതുപരിപാടികള്‍ ഒഴിവാക്കി തങ്ങുന്ന സുധാകരന്, തന്റെ അനുയായികളെ അണിനിരത്തി നേതൃത്വത്തിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുകയാണ്. കണ്ണൂരുമായുള്ള തന്റെ വൈകാരിക ബന്ധം വിവരിക്കുന്ന ഫെയ്സ്ബുക്ക് കുറിപ്പ് കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവെച്ചിരുന്നു. സുധാകരന് താല്പര്യമുള്ള മറ്റൊരാളെ കണ്ണൂരില്‍ നിര്‍ത്താം എന്ന ഫോര്‍മുല നേതൃത്വം മുന്നോട്ടുവെച്ചെങ്കിലും അദ്ദേഹം അത് തള്ളിക്കളഞ്ഞു. ഒന്നുകില്‍ താന്‍ മത്സരിക്കും, അല്ലെങ്കില്‍ മറ്റാരുമില്ല എന്ന കടുത്ത നിലപാടിലാണ് സുധാകരന്.
രാഹുല്‍ ഗാന്ധിയുമായി നേരിട്ട് സംസാരിച്ചതിന് ശേഷം മാത്രം നിലപാട് പരസ്യമാക്കാം എന്നാണ് സുധാകരന്റെ അടുത്ത നീക്കം. എന്നാല്‍ ഡല്‍ഹിയില്‍ നടന്ന സ്ക്രീനിംഗ് യോഗത്തില്‍ 20 സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണയായെന്നാണ് സൂചന. ഈ പട്ടികയില്‍ സുധാകരന് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കടുത്ത നടപടികളിലേക്ക് കടക്കുമെന്ന സുധാകരന്റെ ഭീഷണി വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തലവേദനയാകുമെന്ന് ഉറപ്പാണ്. കണ്ണൂരിലെ ഈ ‘സുധാകരന് ഫാക്ടര്‍’ പരിഹരിക്കാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നേരിട്ട് ഇടപെട്ടേക്കും. വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് സുധാകരന് ഇറങ്ങുമ്പോള്‍ മണ്ഡലം കൈവിടുമോ എന്ന ഭയത്തിലാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം.
കണ്ണൂര്‍ സീറ്റിനായി കടുംപിടുത്തം തുടരുന്ന കെ. സുധാകരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ തട്ടകമായ പറവൂരിലും എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പറവൂര്‍, ഇടപ്പള്ളി, ആലുവ എന്നിവിടങ്ങളില്‍ ‘സേവ് കോണ്‍ഗ്രസ് ഫോറ’ത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. സതീശന്റെ ഓഫീസിന് മുന്നിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.
‘വാക്കുകള്‍ പാലിക്കപ്പെടാനുള്ളതാണ്, ചരിത്രം വാക്ക് പാലിച്ചവരുടേതാണ്’ എന്നാണ് രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള സുധാകരന്റെ ചിത്രം സഹിതമുള്ള പോസ്റ്ററുകളിലെ വാചകം. കണ്ണൂരില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി സുധാകരന് വാക്ക് നല്‍കിയിട്ടുണ്ടെന്നും കേരളത്തില്‍ എവിടെ മത്സരിച്ചാലും ജയിക്കാന്‍ കെല്പുള്ള നേതാവാണ് സുധാകരനെന്നും പോസ്റ്ററുകള്‍ വിളിച്ചുപറയുന്നു. ഗ്രൂപ്പ് വൈരത്തിനപ്പുറം സുധാകരന് ഫാക്ടര്‍ തിരഞ്ഞെടുപ്പില്‍ സജീവമാക്കാനാണ് അണികളുടെ നീക്കം.
കണ്ണൂരില്‍ മത്സരിക്കാനാവില്ലെന്ന സൂചനകള്‍ ശക്തമായതോടെ അത്യന്തം വൈകാരികമായ പ്രതികരണമാണ് സുധാകരന് ഫെയ്സ്ബുക്കിലൂടെ നടത്തിയത്. ‘കണ്ണൂര്‍ എന്നത് എന്റെ ഹൃദയരക്തമാണ്, എന്റെ മേല്‍വിലാസമാണ്’ എന്ന് തുടങ്ങുന്ന കുറിപ്പില്‍ സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ താന്‍ നടത്തിയ പോരാട്ടങ്ങളെ സുധാകരന് എണ്ണിപ്പറയുന്നു. കല്ലില്‍ നിന്നും കത്തിയില്‍ നിന്നും ബോംബില്‍ നിന്നും അണികളെ സംരക്ഷിച്ച തള്ളക്കോഴിയായാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. മരിച്ചുവീണ സഹപ്രവര്‍ത്തകരുടെ മുഖങ്ങള്‍ ഉള്‍ക്കണ്ണില്‍ തെളിയുന്നുവെന്നും താന്‍ അറിയാത്ത കണ്ണൂരില്ലെന്നും അദ്ദേഹം കുറിച്ചു.
വീടിനെയും വീട്ടുകാരെയും പോലും ചിന്തിക്കാതെ പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ച തന്റെ കനല്‍വഴികള്‍ മറ്റുള്ളവര്‍ക്ക് മറക്കാനായേക്കുമെന്നും എന്നാല്‍ തനിക്കത് മരണത്തിലും മറക്കാനാവില്ലെന്നും സുധാകരന് ഓര്‍മ്മിപ്പിക്കുന്നു. ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് അണികളെയും വൈകാരികതയെയും മുന്‍നിര്‍ത്തി സുധാകരന് സമ്മര്‍ദ്ദ തന്ത്രം പയറ്റുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പൊതു സമ്മേളനത്തില്‍ ചോദ്യം ചോദിച്ച പാര്‍ട്ടിക്കാരനോട് വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞു; പത്ര സമ്മേളനത്തില്‍ മാധ്യ പ്രവര്‍ത്തകര്‍ ചോദിച്ചാല്‍ . ‘ഇയാള്‍ക്ക് വേറെന്തോ സൂക്കേടാണ് കേട്ടോ’ എന്ന് പറയും; ചോദ്യശരങ്ങളില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി; മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ പിണറായിയുടെ കടന്നാക്രമണം





