കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പത്നി പി.കെ. ശ്യാമള തളിപ്പറമ്പില്‍ അങ്കത്തിനിറങ്ങുമ്പോള്‍ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പുകയുന്നത് കനത്ത പോരാട്ടത്തിന്റെ കനലുകള്‍. ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പാര്‍ട്ടി അണികള്‍ക്കിടയില്‍ തന്നെ ‘കുടുംബാധിപത്യ’ ആരോപണം ശക്തമായതോടെ, ഈ പ്രതിഷേധക്കനല്‍ കെടുത്താന്‍ ‘ജയരാജന്മാരെ’ തന്നെ രംഗത്തിറക്കി ഗോവിന്ദന് മാസ്റ്റര്‍ പുതിയ കരുനീക്കം നടത്തുകയാണ്. പി. ജയരാജനും എം.വി. ജയരാജനും ഒരേസമയം തളിപ്പറമ്പില്‍ കേന്ദ്രീകരിക്കുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ശ്യാമളയെ പണ്ട് പരസ്യമായി തള്ളിപ്പറഞ്ഞ ചരിത്രമാണ് പി. ജയരാജനുള്ളത്. ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് അന്ന് ധര്‍മ്മശാലയില്‍ ആഞ്ഞടിച്ച പി.ജെ തന്നെ ഇന്ന് ശ്യാമളയ്ക്കായി വോട്ടു ചോദിക്കേണ്ടി വരുന്നു എന്നത് കാലത്തിന്റെ കാവ്യനീതി. തളിപ്പറമ്പിലെ സാധാരണക്കാര്‍ക്കിടയിലും അണികള്‍ക്കിടയിലുമുള്ള പി.ജെയുടെ അനിഷേധ്യമായ സ്വാധീനം വോട്ടാക്കി മാറ്റാനാണ് പാര്‍ട്ടി ലക്ഷ്യം. വിഘടിച്ചു നില്‍ക്കുന്നവരെ അനുനയിപ്പിക്കാന്‍ ‘ചുവപ്പന്‍ താരം’ തന്നെ വേണമെന്ന് ഗോവിന്ദന് മാസ്റ്റര്‍ക്ക് നന്നായറിയാം.
സാധാരണയായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളെ മണ്ഡലം ചുമതല ഏല്‍പ്പിക്കാറില്ല. എന്നാല്‍ പി. ജയരാജന് മാത്രം മണ്ഡലം നിയന്ത്രിച്ചാല്‍ കാര്യങ്ങള്‍ പാര്‍ട്ടിയുടെ കൈവിട്ടു പോകുമോ എന്ന ഭയം നേതൃത്വത്തിനുണ്ട്. ഇതിനാണ് കാസര്‍കോടിന്റെ ചുമതലയ്ക്കൊപ്പം എം.വി. ജയരാജനെ തളിപ്പറമ്പിലും ‘കാവല്‍’ നിര്‍ത്തിയിരിക്കുന്നത്.
യു.ഡി.എഫ് കോട്ടയായ പേരാവൂരില്‍ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനെ വീഴ്ത്താന്‍ ‘ശൈലജ ടീച്ചറെ’ തന്നെ പാര്‍ട്ടി നിയോഗിച്ചു കഴിഞ്ഞു. പേരാവൂരിലെ ഓരോ വോട്ടും ഉറപ്പിക്കാന്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനും കരുത്തനായ വത്സന് പനോളിക്കുമാണ് ചുമതല. കണ്ണൂരിലെ മുഴുവന്‍ സംഘടനാ സംവിധാനവും പേരാവൂരിലേക്ക് പറിച്ചുനടാനാണ് നീക്കം.
ഔദ്യോഗിക പ്രഖ്യാപനം വരും മുന്‍പേ പി.കെ. ശ്യാമള മണ്ഡലത്തില്‍ നിശബ്ദ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. വ്യക്തികളെ നേരില്‍ കണ്ട് പരാതികള്‍ തീര്‍ക്കാനാണ് ശ്രമം. സോഷ്യല്‍ മീഡിയയിലെ പ്രതിഷേധവും ആന്തൂര്‍ വിവാദത്തിന്റെ കറയും കഴുകിക്കളഞ്ഞ് തളിപ്പറമ്പ് നിലനിര്‍ത്താന്‍ സകല അടവുകളും പയറ്റുകയാണ് കണ്ണൂരിലെ സി.പി.എം നേതൃത്വം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പണിയെടുത്തു ശീലിച്ച ‘അതിഥി കൈകള്‍’ അപ്രത്യക്ഷമായതോടെ സംസ്ഥാനത്തെ നിര്‍മ്മാണ-വ്യാവസായിക മേഖലകള്‍ കടുത്ത സ്തംഭനാവസ്ഥയിലേക്ക്; വിയര്‍പ്പൊഴിയുന്ന കേരളം; താളം തെറ്റുന്ന നിര്‍മ്മാണ മേഖല





