ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളും ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതും ഇന്ത്യയെ കടുത്ത എണ്ണ പ്രതിസന്ധിയിലേക്ക് നയിക്കുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിലുണ്ടായ സംഘര്‍ഷം ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരാന്‍ കാരണമായി.
ഇതോടെ ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില ഗണ്യമായി വര്‍ദ്ധിക്കുമെന്നാണ് സൂചന. ഈ സാഹചര്യം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് ഇടയാക്കും. കേരളത്തില്‍ നിന്നുള്ള കയറ്റുമതിയേയും സംഘര്‍ഷം ബാധിച്ചിട്ടുണ്ട്,. പല ഗള്‍ഫ് രാജ്യങ്ങളും ഇറക്കുമതി കുറച്ചു. ഇതും വലിയ സാമ്പത്തിക പ്രതിസന്ധിയാകും.
ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയുടെ 90 ശതമാനവും ആശ്രയിക്കുന്നത് പശ്ചിമേഷ്യന്‍ രാജ്യങ്ങളെയാണ്. ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ഇറാഖ്, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ധന വിതരണം പ്രതിസന്ധിയിലായി. ഈ സാഹചര്യത്തില്‍ എണ്ണ ലഭ്യത ഉറപ്പാക്കാന്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമാകും.
നേരത്തെ അമേരിക്കന്‍ ഉപരോധത്തെത്തുടര്‍ന്ന് റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറച്ചിരുന്നെങ്കിലും, ഊര്‍ജ്ജ സുരക്ഷ മുന്‍നിര്‍ത്തി വീണ്ടും മോസ്കോയെ സമീപിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. റഷ്യയില്‍ നിന്നും വീണ്ടും എണ്ണ വാങ്ങും. കേന്ദ്ര സര്‍ക്കാര്‍ സ്ഥിതി ഗതികള്‍ വീക്ഷിക്കുന്നുണ്ട്. ഏകദേശം 74 ദിവസത്തേക്ക് ആവശ്യമായ എണ്ണ ശേഖരം ഇന്ത്യയിലുണ്ടെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, സംഘര്‍ഷം നീണ്ടുപോയാല്‍ ഇത് പര്യാപ്തമാകില്ല.
നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വിലയില്‍ 13 ശതമാനത്തോളം വര്‍ദ്ധനവ് രേഖപ്പെടുത്തിക്കഴിഞ്ഞു. പാചകവാതക വിതരണത്തിലും തടസ്സമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വരും മാസങ്ങളില്‍ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ഇത് സാരമായി ബാധിക്കും. ഇന്ധന വില നിയന്ത്രിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് എണ്ണ മന്ത്രാലയം അറിയിച്ചെങ്കിലും ആഗോള വിപണിയിലെ അസ്ഥിരത വലിയ വെല്ലുവിളിയാണ്.
പശ്ചിമേഷ്യന്‍ യുദ്ധം മൂര്‍ച്ഛിച്ചതോടെ ലോകത്തിന്റെ എണ്ണക്കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലിയുള്ള തര്‍ക്കം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളവിടും എന്നു തന്നെയാണ് വിലയിരുത്തല്‍. 2026 മാര്‍ച്ച് ആദ്യവാരം ജലപാത അടച്ചെന്ന ഇറാന്റെ പ്രഖ്യാപനവും അത് തള്ളിക്കൊണ്ടുള്ള അമേരിക്കയുടെ നിലപാടും ആഗോള വിപണിയില്‍ കടുത്ത അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഹോര്‍മുസ് കടലിടുക്ക് അടച്ചുവെന്ന ഇറാന്റെ അവകാശവാദം യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തള്ളിയെങ്കിലും മേഖലയില്‍ ആക്രമണങ്ങള്‍ തുടരുകയാണ്. അമേരിക്കന്‍ അനുകൂല ഇന്ധന ടാങ്കറുകള്‍ക്ക് നേരെ ഇറാന് ഡ്രോണ്‍ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ‘സ്കൈലൈറ്റ്’ എന്ന ടാങ്കറിലെ 15 ഇന്ത്യക്കാരുള്‍പ്പെടെയുള്ള ജീവനക്കാരെ കഴിഞ്ഞ ദിവസം ഒഴിപ്പിച്ചിരുന്നു. സൗദി അറേബ്യയും യുഎഇയും പൈപ്പ് ലൈനുകള്‍ വഴി ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും, ഏഷ്യന്‍ വിപണികളിലേക്കുള്ള എണ്ണക്കയറ്റുമതിക്ക് ഈ ജലപാതയല്ലാതെ മറ്റ് സുരക്ഷിത മാര്‍ഗങ്ങളില്ല. യുദ്ധം നീണ്ടുപോയാല്‍ എണ്ണവില ബാരലിന് 100 ഡോളര്‍ കടക്കുമെന്നാണ് സാമ്പത്തിക ലോകം ഭയപ്പെടുന്നത്.
ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ 50 ശതമാനത്തോളവും പാചകവാതകത്തിന്റെ (ഘജഏ) പകുതിയിലധികവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പരമാവധി വര്‍ദ്ധിപ്പിച്ച് പ്രതിസന്ധി മറികടക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. എന്നാല്‍ ഇതിനോടകം തന്നെ ആഗോള വിപണിയില്‍ ഉണ്ടായ വിലക്കയറ്റം ഇന്ത്യയിലും പ്രതിഫലിച്ചു തുടങ്ങും. ഗതാഗത ചെലവ് വര്‍ദ്ധിക്കുന്നതോടെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണാതീതമാകാന്‍ സാധ്യതയുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കാലത്ത് ഈ വിലക്കയറ്റം സര്‍ക്കാരിനും വലിയ രാഷ്ട്രീയ വെല്ലുവിളിയാകും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ചാള്‍സ് രാജാവും ട്രംപും; ഇറാന് വിഷയത്തില്‍ നയതന്ത്ര അതിര്‍വരമ്പുകള്‍ ഭേദിച്ച് ട്രംപിന്റെ വെളിപ്പെടുത്തല്‍; ലണ്ടനും വാഷിംഗ്ടണും ‘റീസെറ്റ്’ മോഡില്‍




