പാലക്കാട് പിഷാരടി? സമ്മതം മൂളി താരം; കോണ്‍ഗ്രസ് ആദ്യ പട്ടിക സ്‌ക്രീനിങ് സമിതിക്ക് കൈമാറി

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക എ.ഐ.സി.സി. സ്‌ക്രീനിങ് സമിതിക്ക് കൈമാറി. സിറ്റിങ് എം.എല്‍.എമാര്‍ ഉള്‍പ്പെടെ തര്‍ക്കങ്ങളില്ലാത്ത നാല്പതോളം മണ്ഡലങ്ങളിലെ പട്ടികയാണ് മധുസൂദനന്‍ മിസ്ത്രി അധ്യക്ഷനായ സമിതിക്ക് കൈമാറിയത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത് പാലക്കാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വമാണ്. സിനിമ-മിമിക്രി താരം രമേശ് പിഷാരടിയെ പാലക്കാട് കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടതായാണ് വിവരം. മത്സരിക്കാന്‍ പിഷാരടി സന്നദ്ധത അറിയിച്ചതോടെ പാലക്കാട്ടെ പോരാട്ടം താരപ്പൊലിമയുള്ളതാകും.
പാലക്കാടും തൃപ്പൂണിത്തുറയും ഒഴികെയുള്ള മണ്ഡലങ്ങളില്‍ സിറ്റിങ് എം.എല്‍.എമാര്‍ തന്നെ മത്സരിക്കണമെന്ന പൊതുധാരണയിലാണ് സംസ്ഥാന നേതൃത്വം. രമേശ് പിഷാരടി മത്സരിക്കാനാണ് സാധ്യത.  പാലക്കാട് മണ്ഡലത്തില്‍ യുവവോട്ടര്‍മാരെയും നിഷ്പക്ഷ വോട്ടര്‍മാരെയും ആകര്‍ഷിക്കാന്‍ പിഷാരടിയുടെ സാന്നിധ്യം ഗുണകരമാകുമെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു. തൃപ്പൂണിത്തുറയിലും സിറ്റിങ് എം.എല്‍.എയ്ക്ക് പകരം പുതിയൊരാളെ പരീക്ഷിക്കാനുള്ള ആലോചനകള്‍ സജീവമാണ്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫ്, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാ ദാസ്മുന്‍ഷി എന്നിവരുടെ സാന്നിധ്യത്തിലാണ് ഡല്‍ഹിയില്‍ സ്‌ക്രീനിങ് സമിതി യോഗം ചേര്‍ന്നത്. മൂന്ന് ഘട്ടങ്ങള്‍: മൂന്ന് ഘട്ടങ്ങളിലായി പട്ടിക കൈമാറാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ ഏകകണ്ഠമായി തീരുമാനമെടുത്ത സീറ്റുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എം.പിമാരുടെ കാര്യത്തില്‍ സസ്‌പെന്‍സ്: എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടിരിക്കുകയാണ്. അന്‍പത് സ്ഥാനാര്‍ഥികളുടെ പട്ടിക ഏതുനിമിഷവും പ്രഖ്യാപിക്കാന്‍ സജ്ജമാണെന്ന് വി.ഡി. സതീശന്‍ വ്യക്തമാക്കി. സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള യാത്ര സമാപിക്കുന്നതോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടടുത്ത് തന്നെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് പ്രചാരണത്തില്‍ മുന്‍തൂക്കം നേടാനാണ് കോണ്‍ഗ്രസ് ക്യാമ്പിന്റെ നീക്കം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.