തങ്ങളെ അനാവശ്യമായി വലിച്ചിഴക്കുന്നതില്‍ സോണിയാ കുടുംബം കടുത്ത അതൃപ്തിയില്‍

ഡൽഹി: കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഉള്‍പ്പെടെ നിയമസഭയില്‍ വലിച്ചിഴച്ചതില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി. കഴിഞ്ഞ ദിവസങ്ങളില്‍ നിയമസഭയില്‍ നടന്ന ചര്‍ച്ചകളിലാണ് ഭരണപക്ഷത്തുനിന്നും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും വരെ വലിച്ചിഴച്ചത്. ഇത് അനാവശ്യമായ കാര്യമായിപ്പോയി എന്നതാണ് അവരുടെ നിലപാട്.

കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചയില്‍ തന്നെ ശബരിമല വിഷയത്തില്‍ സോണിയാ ഗാന്ധിയെ നിരന്തരം വലിച്ചിഴക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിലെ അതൃപ്തി രാഹുല്‍ ഗാന്ധി രേഖപ്പെടുത്തിയിരുന്നു., അത്തരം നീക്കങ്ങളില്‍ നിന്നും മാറിനില്‍ക്കണമെന്ന നിര്‍ദ്ദേശവും അദ്ദേഹം നല്‍കിയിരുന്നു. അത് മറികടന്നുകൊണ്ടാണ് ഇപ്പോള്‍ നിയമസഭയില്‍ തന്നെ ഇന്ദിരാ കുടുംബത്തിലെ സകലരേയും വലിച്ചിഴച്ചതെന്നാണ് അവരുടെ പരാതി.
വി.ഡി. സതീശനെതിരായി പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ ശത്രുപക്ഷത്ത് നില്‍ക്കുന്നവര്‍ ഇത് ഫലപ്രദമായി ഉപയോഗിക്കുന്നുമുണ്ട്. ശബരിമല സ്വര്‍ണ്ണപാളി വിഷയത്തില്‍ സോണിയാ ഗാന്ധിയും ഉണ്ണികൃഷ്ണന്‍പോറ്റിയും ബെല്ലാരി ഗോവര്‍ദ്ധനും അടൂര്‍ പ്രകാശിനും ആന്റോ ആന്റണിക്കും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അല്‍പ്പം മൗനം പാലിച്ചിരുന്നതാണ്. എന്നാല്‍ ശബരിമല വിഷയം എന്തുകൊണ്ട് പ്രതിപക്ഷം ഇപ്പോള്‍ ഉന്നയിക്കുന്നില്ലെന്ന് ചോദിച്ചുകൊണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നിരന്തം കോണ്‍ഗ്രസിനെ വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ നിന്നും പുറത്തുകടക്കുന്നതിനും വിഷയം കത്തിച്ചുനിര്‍ത്തുന്നതിനുമായാണ് ഇക്കാര്യം നിയമസഭയില്‍ ഉയര്‍ത്തികൊണ്ടുവന്നത്.
നിയമസഭയില്‍ ഇക്കാര്യത്തില്‍ ഒരു മേല്‍കൈ നേടാനാകുമെന്ന പ്രതീക്ഷയാണ് അവര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ എല്ലാം അട്ടിമറിച്ചുകൊണ്ട് മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രത്യാക്രമണം തുടങ്ങിയതോടെയാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചത്.
സോണിയാ ഗാന്ധിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും മറ്റും ഒന്നിച്ചുള്ള ചിത്രം തന്നെയായിരുന്നു സഭയില്‍ ഭരണപക്ഷത്തിന്റെ ആയുധം. ആദ്യദിവസം മന്ത്രി വി. ശിവന്‍കുട്ടിയാണ് അത് ഉയര്‍ത്തിയതെങ്കില്‍ പിന്നീടുള്ള ദിവസങ്ങളില്‍ മന്ത്രിമാരായ എം.ബി. രാജേഷും പി. രാജീവും അത് ഏറ്റെടുക്കുകയായിരുന്നു. സോണിയാ ഗാന്ധിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ് വി.ഡി. സതീശന്‍ ഇത്തരം ഒരു നീക്കം നടത്തുന്നതെന്ന ആരോപണമാണ് ഇന്നലെ പി. രാജീവ് ഉയര്‍ത്തിയത്. മാത്രമല്ല, രാഹുല്‍ ഗാന്ധി നരേന്ദ്രമോദിയെ ലോക്‌സഭയില്‍ വച്ച് കെട്ടിപ്പിടിച്ചതും തൊഴിലുറപ്പ് നിയമത്തെ അട്ടിമറിച്ചശേഷം നരേന്ദ്രമോദി വിളിച്ച ചായസല്‍ക്കാരത്തിന് പ്രിയങ്കാ ഗാന്ധി പങ്കെടുത്തതുമൊക്കെ അവര്‍ ഉയര്‍ത്തികാട്ടി. ഇത് രാഹുല്‍ ഗാന്ധിക്ക് കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. അനാവശ്യമായി തങ്ങളെ വിഷയത്തില്‍ വലിച്ചിഴച്ചുവെന്ന വികാരമാണ് അവര്‍ക്കുള്ളത്. മാത്രമല്ല, ഇത്തരത്തിലുള്ള സംഭവം പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുപോലും സതീശന്‍ അത് വകവച്ചില്ലെന്ന വികാരവും അവര്‍ക്കുണ്ട്.
നിയമസഭയില്‍ ഇത്തരം ഒരു നിലപാട് സ്വീകരിക്കുന്നതില്‍ യു.ഡി.എഫിനുള്ളില്‍ തന്നെ കടുത്ത അതൃപ്തിയുണ്ട്. പാര്‍ലമെന്ററി പാര്‍ട്ടി നേതൃത്വം എടുത്ത തീരുമാനവുമായി എല്ലാവരും സഹരിച്ചുവെങ്കിലും ശബരിമല വിഷയം ഉയര്‍ത്തി കഴിഞ്ഞദിവസങ്ങളില്‍ പ്രതിപക്ഷം നിയമസഭയില്‍ നടത്തിയ പ്രതിഷേധം ഉദ്ദേശിച്ച ഫലം ഉണ്ടാക്കിയില്ലെന്ന വികാരമാണ് പലരും പ്രകടിപ്പിക്കുന്നത്. ചര്‍ച്ചയ്ക്ക് തയാറായില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് ഭരണപക്ഷം പ്രതിപക്ഷത്തെ പ്രതിക്കൂട്ടിലാക്കുന്നത്. അത് പൊതുസമുഹത്തില്‍ വലിയ വിശ്വാസ്യത ഉണ്ടാക്കുന്നതുമാണ്. ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമായിട്ടുപോലും അതിന് വഴങ്ങാതെ ബഹളവുമായി സഭ തടസപ്പെടുത്തുന്നതിനെതിരെ മറ്റു പല വ്യാഖ്യാനങ്ങളും ഉണ്ടാകുമെന്നും ലീഗ് ഉള്‍പ്പെടെയുള്ളവര്‍ ഭയപ്പെടുന്നുണ്ട്.
അതിനുള്ള നീക്കം ഭരണപക്ഷത്തുനിന്നും ആരംഭിച്ചിട്ടുമുണ്ട്. അതിന്റെ ഭാഗമായാണ് കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടികൊണ്ട് മുഖ്യമന്ത്രി തന്നെ പ്രത്യേക പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചത്. ഇതിനെ അനുകൂലിക്കാന്‍ മടിച്ചാണ് പ്രതിപക്ഷം സഭയില്‍ ഇത്തരം നാടകം നടത്തുന്നതെന്ന പ്രചാരണം ഇടതുകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഒപ്പം തന്നെ കേന്ദ്ര ബജറ്റിനെതിരെ ഒരക്ഷരം പറയാതിരിക്കുക എന്നതുകൂടി ഈ പ്രതിഷേധത്തിന് പിന്നിലുണ്ട്. ഇന്നലെ ബജറ്റിലെ പൊതുചര്‍ച്ച അവസാനിച്ചു. ആ പശ്ചാത്തലത്തില്‍ ഇനി പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കും.
അല്ലെങ്കില്‍ ബജറ്റ് ചര്‍ച്ചയില്‍ അവര്‍ കേന്ദ്രത്തിനെതിരെ പറയാന്‍ നിര്‍ബന്ധിതരാകും. അത്തരത്തില്‍ വിമര്‍ശിച്ചില്ലെങ്കില്‍ അത് ചൂണ്ടിക്കാട്ടി ഭരണപക്ഷാംഗങ്ങള്‍ തിരിച്ചടിക്കുമായിരുന്നു. ഇതില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള തന്ത്രമായിരുന്നു ഈ നാടകങ്ങള്‍ എന്ന പ്രതീതിയാണ് സി.പി.എം സൃഷ്ടിക്കാന്‍ പോകുന്നതും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.