പിസ്റ്റള്‍ അടങ്ങിയ ബ്രീഫ്കേസ് ഒരിക്കലും കൈവിടില്ല; മരണത്തിന്റെ നിഗൂഢതകള്‍ ഒമ്പത് പേജുള്ള കുറിപ്പില്‍; കുടുംബത്തോട് മാപ്പ്; ജീവനക്കാര്‍ക്ക് നന്ദി…. റോയിയുടെ ആത്മഹത്യ നിശ്ചയിച്ചുറപ്പിച്ചത്

ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ ബിസിനസ് ലോകത്തെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. എപ്പോഴും തന്റെ കൈപ്പിടിയിലൊതുക്കാറുള്ള, പിസ്റ്റളും രേഖകളും അടങ്ങിയ കറുത്ത ബ്രീഫ്കേസ് തന്നെയാണോ ആ വ്യവസായ പ്രമുഖന്റെ ജീവനെടുത്തതെന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം. തന്റെ നിഴല്‍പോലെ കൂടെക്കരുതാറുള്ള ഈ ബ്രീഫ്കേസ് എവിടെയെങ്കിലും അബദ്ധത്തില്‍ മറന്നുപോയാല്‍ ഉടന്‍ തന്നെ ബോഡിഗാര്‍ഡുകളെ അയച്ച് ഇത് വരുത്തിക്കുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അടുത്ത സഹായികള്‍ വെളിപ്പെടുത്തുന്നു. റോയിയുടെ ആത്മഹത്യ മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണെന്നും സൂചനകളുണ്ട്. ഡയറിയ്ക്കുള്ളിലെ ആത്മഹത്യാ കുറിപ്പില്‍ ഇത് വ്യക്തമാണെന്നാണ് സൂചന.
ജനുവരി 30-ന് ലാംഫോര്‍ഡ് ടൗണിലെ ഓഫീസില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമ്പോഴും ഈ ബ്രീഫ്കേസ് അദ്ദേഹത്തിന് അരികിലുണ്ടായിരുന്നു. സാധാരണ ബെംഗളൂരുവിലെത്തിയാല്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കാറുള്ള റോയ്, പരിശോധനകള്‍ക്കിടെ അതീവ സുരക്ഷയുള്ള തന്റെ ചേംബറിലേക്ക് പ്രവേശിക്കുകയും ലൈസന്‍സുള്ള പിസ്റ്റള്‍ ഉപയോഗിച്ച് സ്വയം നിറയൊഴിക്കുകയുമായിരുന്നു. ശബ്ദം പുറത്തുകേള്‍ക്കാത്ത തരത്തിലുള്ള സജ്ജീകരണങ്ങള്‍ മുറിക്കുള്ളില്‍ ഉണ്ടായിരുന്നതിനാലാണ് ഉദ്യോഗസ്ഥരും ജീവനക്കാരും തൊട്ടടുത്തിരിക്കെ വെടിയൊച്ച ആരും കേള്‍ക്കാതിരുന്നത്. അദ്ദേഹത്തിന്റെ ശരീരത്തില്‍ ഒരു വെടിയുണ്ടയേറ്റ മുറിവാണ് കണ്ടെത്തിയത്. ഉപയോഗിച്ച ആയുധത്തിന്റെ കൃത്യമായ വിവരങ്ങള്‍ അറിയാന്‍ ബാലസ്റ്റിക് സംഘത്തിന്റെ പരിശോധനാ ഫലം കാത്തിരിക്കുകയാണ് പോലീസ്.
മരണത്തിന് മുന്‍പ് അദ്ദേഹം തയ്യാറാക്കിയ ഒമ്പത് പേജുള്ള വികാരനിര്‍ഭരമായ ആത്മഹത്യാക്കുറിപ്പ് അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവാകും. തന്റെ വിയോഗത്തിന് ശേഷം ബിസിനസ് സാമ്രാജ്യം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നതിനെക്കുറിച്ചുള്ള കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് അദ്ദേഹം ഇതില്‍ നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി തന്നോടൊപ്പം വിശ്വസ്തരായി നില്‍ക്കുന്ന ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ഒരു കാരണവശാലും തഴയരുതെന്ന് അദ്ദേഹം പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും കുറിപ്പിലുണ്ടെന്നാണ് സൂചന.
സാമ്പത്തിക രഹസ്യങ്ങളെക്കുറിച്ച് തന്റെ ഭാര്യക്ക് പൂര്‍ണ്ണമായ അറിവുണ്ടെന്ന് റോയി കുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ റോയിയുടെ ഭാര്യയുടെയും മക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് പ്രത്യേക അന്വേഷണ സംഘം. മരണത്തിന് തൊട്ടുപിന്നാലെ കര്‍ണാടക സര്‍ക്കാര്‍ രൂപീകരിച്ച എസ്ഐടിക്കെതിരെ ബിജെപി രംഗത്തെത്തിയത് കേസിന് രാഷ്ട്രീയ പരിവേഷവും നല്‍കിയിട്ടുണ്ട്. എസ്ഐടി എന്നാല്‍ ‘സിദ്ധരാമയ്യ ഇന്‍വെസ്റ്റിഗേഷന്‍ ടീം’ ആണെന്നും സ്വന്തക്കാരെ സംരക്ഷിക്കാനും പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനുമാണ് ഇത്തരം സംഘങ്ങളെ സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര ആരോപിച്ചു. എന്നാല്‍ സത്യം പുറത്തുകൊണ്ടുവരാനാണ് അന്വേഷണമെന്നും കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ആയുധമാക്കുന്ന രീതി പരിശോധിക്കണമെന്നും മന്ത്രിമാരായ എച്ച്.കെ. പാട്ടീലും ദിനേഷ് ഗുണ്ടുറാവുവും തിരിച്ചടിച്ചു.
മരണദിവസം രാവിലെ തായ്ലന്‍ഡിലായിരുന്ന സഹോദരന്‍ ബാബുവിനെ റോയ് പലതവണ വിളിച്ചിരുന്നുവെന്നത് മരണത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. തനിക്ക് സംസാരിക്കാനുണ്ടെന്നും എപ്പോഴാണ് തിരികെ വരുന്നതെന്നും മാത്രമാണ് അദ്ദേഹം ചോദിച്ചത്. റോയ് ഓഫീസില്‍ എത്തിയ സമയം സംബന്ധിച്ച മൊഴികളിലെ വൈരുധ്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ചിലര്‍ ഉച്ചയ്ക്ക് രണ്ട് മണിയെന്നും പരാതിക്കാരനായ എം.ഡി. ജോസഫ് മൂന്ന് മണിയെന്നുമാണ് മൊഴി നല്‍കിയിട്ടുള്ളത്. തോക്കുമായി മുറിക്കുള്ളില്‍ കയറിയ റോയിയെ തടയാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
ആദായനികുതി ഉദ്യോഗസ്ഥര്‍ തന്റെ മുറിയിലുണ്ടായിരുന്ന സമയത്ത് തന്നെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് അദ്ദേഹം നീങ്ങിയത് എങ്ങനെയെന്നത് വലിയൊരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. സാമ്പത്തിക സമ്മര്‍ദ്ദമാണോ അതോ ആദായനികുതി പരിശോധനകളാണോ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.