ചാനല്‍ ചര്‍ച്ചകളിലെ ഇടത് ശബ്ദം അഡ്വ.ബി.എന്‍.ഹസ്‌കര്‍ സി.പി.എം വിട്ട് ആര്‍.എസ്.പിയില്‍.

പ്രമുഖ അഭിഭാഷകനും ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യവുമായ അഡ്വ. ബി.എന്‍. ഹസ്‌കര്‍ ആര്‍.എസ്.പിയിലേക്ക് ചേരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വെള്ളാപ്പള്ളി നടേശനെതിരെയും ചാനല്‍ ചര്‍ച്ചകളില്‍ നടത്തിയ വിമര്‍ശനങ്ങളെത്തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ഹസ്‌കര്‍ സി.പി.എം വിട്ട് ആര്‍.എസ്.പി പാളയത്തിലെത്തുന്നത്.

മുന്‍ മന്ത്രി ബേബി ജോണിന്റെ ചരമവാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ചവറ ഇടപ്പള്ളിക്കോട്ടയില്‍ വെച്ചാണ് ഹസ്‌കര്‍ ആര്‍.എസ്.പി അംഗത്വം സ്വീകരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, ഷിബു ബേബി ജോണ്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി ഔദ്യോഗിക വാഹനത്തില്‍ കയറ്റിയതിനെ ഹസ്‌കര്‍ ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിച്ചിരുന്നു. ഇത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന് കാട്ടി സി.പി.എം ഹസ്‌കറെ ശാസിച്ചു. എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്ന ഹസ്‌കര്‍, പാര്‍ട്ടി ശാസനയെ പരിഹസിക്കുകയും ഗണ്‍മാനെ തിരികെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. താന്‍ പറഞ്ഞത് പാര്‍ട്ടി ലൈന്‍ തന്നെയാണെന്നും ആത്മവഞ്ചന ചെയ്യാന്‍ തനിക്കാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഹസ്‌കറിന്റെ രാഷ്ട്രീയ പ്രവേശം കൊല്ലത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. ആര്‍.എസ്.പിയുടെ കരുത്തുറ്റ മണ്ഡലമായ ഇരവിപുരത്ത് ഹസ്‌കര്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ ഹസ്‌കറിന് കഴിയുമെന്നത് അനുകൂല ഘടകമാണ്.മുസ്ലീം ലീഗിന്റെ പൂര്‍ണ്ണ പിന്തുണ ഹസ്‌കറിനുണ്ടാകും.എന്‍.കെ. പ്രേമചന്ദ്രന്റെ മകന്‍ കാര്‍ത്തിക് പ്രേമചന്ദ്രന്റെ പേരും ഇരവിപുരത്തേക്ക് ഉയരുന്നുണ്ടെങ്കിലും, കുടുംബ രാഷ്ട്രീയത്തോടുള്ള വിയോജിപ്പ് കാരണം ഹസ്‌കറിന് മുന്‍ഗണന ലഭിക്കാന്‍ സാധ്യതയുണ്ട്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.