കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യാന്‍ വിളിച്ചാലും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉടന്‍ ഹാജരായേക്കില്ല. സാക്ഷിയായി മൊഴി നല്കാന് സമന്‍സ് നല്‍കാനാണ് ഇ.ഡി നീക്കമെങ്കിലും, നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് പാര്‍ട്ടി തീരുമാനപ്രകാരം മാത്രമേ ഹാജരാകേണ്ടതുള്ളൂ എന്നാണ് സിപിഎം നിലപാട്. വരാനിരിക്കുന്ന നിയമസഭാ ബജറ്റ് സമ്മേളനത്തിന് ശേഷം കേസില്‍ നിര്‍ണ്ണായകമായ നാടകീയ നീക്കങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
കേസുമായി ബന്ധപ്പെട്ട് ഇ.ഡിക്ക് പുറമെ സംസ്ഥാനത്തെ പ്രത്യേക അന്വേഷണ സംഘവും കടകംപള്ളിയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിക്കുമെന്നാണ് സൂചന. കേന്ദ്ര ഏജന്‍സി സാക്ഷിയായി വിളിച്ചാലും പിന്നീട് പ്രതിപ്പട്ടികയിലേക്ക് ഉള്‍പ്പെടുത്തുമോ എന്ന ആശങ്ക പാര്‍ട്ടി കേന്ദ്രങ്ങള്‍ക്കുണ്ട്. ഈ സാഹചര്യത്തില്‍ നിയമപരമായ പഴുതുകള്‍ തേടാനാണ് കടകംപള്ളിയുടെ നീക്കം. ബജറ്റ് സമ്മേളനം നടക്കുമ്പോള്‍ ഹാജരാകുന്നത് ഒഴിവാക്കി, രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്.
അതേസമയം, ശബരിമലയിലെ സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട ക്രമക്കേടിലൂടെ ലഭിച്ച പണം എങ്ങോട്ടൊക്കെ ഒഴുകി എന്നതിനെക്കുറിച്ച് ഇ.ഡിക്ക് കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കടകംപള്ളിയുടെയും കുടുംബാംഗങ്ങളുടെയും സാമ്പത്തിക ഇടപാടുകള്‍ ഇ.ഡി ഇതിനോടകം പരിശോധിച്ചു കഴിഞ്ഞു. പ്രതികളായ ഉണ്ണിക്കൃഷ്ണന് പോറ്റി, മുരാരി ബാബു എന്നിവരുമായി മുന്‍ മന്ത്രിക്ക് അവിഹിതമായ സാമ്പത്തിക ബന്ധമുണ്ടോ എന്നതാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്.
ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന് പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചാലുടന്‍ ഇ.ഡി ഇയാളെ കസ്റ്റഡിയിലെടുത്ത് കടകംപള്ളിക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. നിയമസഭാ സമ്മേളനം കഴിയുന്നതോടെ അന്വേഷണ ഏജന്‍സികള്‍ നടപടികള്‍ കടുപ്പിക്കുന്നത് സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കടകംപള്ളി ഇ.ഡിക്ക് കത്ത് നല്‍കാനാണ് നിലവിലെ സാധ്യതകള്‍.
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഉയരുന്ന ആരോപണങ്ങള്‍ നിയമസഭയില്‍ തള്ളി മന്ത്രി വി.എന്‍. വാസവന് വിശദീകരണം നല്‍കിയിരുന്നു. കടകംപള്ളി സുരേന്ദ്രന് ദേവസ്വം മന്ത്രിയായിരുന്ന കാലയളവില്‍ ബോര്‍ഡിന്റെ ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്ന് അദ്ദേഹം സഭയെ അറിയിച്ചു. റോജി എം. ജോണ്‍ എം.എല്‍.എയുടെ ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ദേവസ്വം ബോര്‍ഡിന്റെ ഭരണപരമായ കാര്യങ്ങളില്‍ മന്ത്രി നേരിട്ട് ഇടപെടാറില്ലെന്നും യോഗങ്ങളില്‍ പങ്കെടുക്കാറില്ലെന്നും മന്ത്രി വ്യക്തമാക്കി. 1950-ലെ ട്രാവന്‍കൂര്‍-കൊച്ചി ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആക്ട് പ്രകാരം ദേവസ്വം വകുപ്പ് മന്ത്രി ബോര്‍ഡ് അംഗമല്ല. അതിനാല്‍ തന്നെ ബോര്‍ഡ് യോഗങ്ങളില്‍ പങ്കെടുക്കാന്‍ മന്ത്രിക്കു നിയമപരമായി അധികാരമില്ല. ദേവസ്വം ബോര്‍ഡ് മെമ്പര്‍മാര്‍ക്ക് മാത്രമാണ് യോഗങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്. 2016 മുതല്‍ 2021 വരെയുള്ള കാലയളവിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗങ്ങളുടെ മിനിട്സുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദേവസ്വം കമ്മീഷണറുടെ സാന്നിധ്യത്തിലാണ് സാധാരണയായി ബോര്‍ഡ് യോഗങ്ങള്‍ ചേരാറുള്ളത്. സ്വതന്ത്രമായ തീരുമാനങ്ങളാണ് ബോര്‍ഡ് കൈക്കൊള്ളുന്നത്. മന്ത്രി യോഗങ്ങളില്‍ പങ്കെടുക്കുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമാണ്. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി വിശ്വാസികളെയും ബോര്‍ഡിനെയും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ശബരിമലയിലെയും മറ്റ് ദേവസ്വങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വിവാദങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും മന്ത്രി പറഞ്ഞു.
കടകംപള്ളി സുരേന്ദ്രനെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നീളുന്നതിനിടെ സര്‍ക്കാര്‍ നിയമസഭയില്‍ നല്കിയ ഈ വിശദീകരണം രാഷ്ട്രീയമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഭരണഘടനാപരമായ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍ മന്ത്രിക്കു പ്രതിരോധ കവചം തീര്‍ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പൊലീസുകാരനെതിരെയുള്ള കേസ് റദ്ദാക്കാന്‍ കമ്മീഷണറുടെ ഇടപെടല്‍; വീഴ്ചയില്‍ ശംഖുമുഖം എ.സി. വിശദീകരണം നല്‍കണം; മിഥുന് റോയിയേയും സഹോദരിയേയും കേസില്‍ പെടുത്തിയവര്‍ കുടുങ്ങും





