കാസര്‍കോട്: ഗവണ്മെന്റ് കോളേജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ജോലിക്കായി മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ പ്രതിയായ വധു; കോളേജില്‍ ഹാജരാകാത്തതിന് നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്ന് ആറാം സെമസ്റ്ററിന് ശേഷമുള്ള ‘എക്സിറ്റ് ഓപ്ഷന്’ സ്വീകരിച്ച് പഠനം അവസാനിപ്പിച്ച പഴയ എസ്.എഫ്.ഐ. നേതാവായ വരന്. മുന്‍ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയും സി.പി.എം. നേതാവുമായ പി.എം. ആര്‍ഷോയും, മുന്‍ എസ്.എഫ്.ഐ. നേതാവ് കെ. വിദ്യയും വിവാഹിതരാകുന്നു. വരും തിങ്കളാഴ്ച കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചാണ് വിവാഹ രജിസ്ട്രേഷന് നടപടികള്‍ നടക്കുക. എസ്.എഫ്.ഐ. സംസ്ഥാന നേതൃത്വത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്ന ഇരുവരുടെയും വിവാഹ വാര്‍ത്ത രാഷ്ട്രീയ-വിദ്യാര്‍ത്ഥി മേഖലകളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ പി.എം. ആര്‍ഷോ നിലവില്‍ സി.പി.എം. പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ്. ദീര്‍ഘകാലം എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയായിരുന്ന ആര്‍ഷോ, സംഘടനയ്ക്കുള്ളിലും പുറത്തും നിരവധി വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിത്വമാണ്. മഹാരാജാസ് കോളേജ് കേന്ദ്രീകരിച്ചുണ്ടായ മാര്‍ക്ക് ലിസ്റ്റ് വിവാദവും പരീക്ഷ എഴുതാതെ ജയിച്ചെന്ന ആക്ഷേപവും വലിയ തോതില്‍ മാധ്യമശ്രദ്ധ നേടിയിരുന്നു.
എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പദവിയിലിരിക്കെ ആര്‍ഷോയുടെ പല നിലപാടുകളും പ്രതികരണങ്ങളും പൊതുസമൂഹത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്കും രാഷ്ട്രീയ കൊടുങ്കറ്റുകള്ക്കും വഴിവെച്ചിരുന്നു. പല ഘട്ടങ്ങളിലും ഉന്നത ഇടതുപക്ഷ നേതാക്കള്‍ വരെ പരസ്യമായി ആര്‍ഷോയുടെ ശൈലിയെ തള്ളിപ്പറയുന്ന സാഹചര്യങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടുണ്ട്.
എറണാകുളം മഹാരാജാസ് കോളേജിലെ സംയോജിത ആര്‍ക്കിയോളജി പി.ജി. വിദ്യാര്‍ത്ഥിയായിരുന്ന ആര്‍ഷോ പിന്നീട് വിവാദങ്ങളെത്തുടര്‍ന്ന് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ആര്‍ഷോ ദീര്‍ഘനാളായി കോളേജില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ അദ്ദേഹത്തിന്റെ പിതാവിന് ഔദ്യോഗികമായി നോട്ടീസ് അയച്ചിരുന്നു.
കൃത്യമായ കാരണം കാണിച്ചില്ലെങ്കില്‍ കോളേജില്‍ നിന്ന് പുറത്താക്കുമെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ കര്‍ശന മുന്നറിയിപ്പ്. ഇതിന് പിന്നാലെയാണ് ആറാം സെമസ്റ്ററിന് ശേഷമുള്ള ‘എക്സിറ്റ് ഓപ്ഷന്’ സ്വീകരിച്ച് താന്‍ പഠനം അവസാനിപ്പിക്കുകയാണെന്ന് ആര്‍ഷോ ഇ-മെയില്‍ വഴി കോളേജ് അധികൃതരെ അറിയിച്ചത്. പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലും രാഷ്ട്രീയത്തില്‍ സജീവമായി തുടര്‍ന്ന ആര്‍ഷോയ്ക്ക് സി.പി.എം. പിന്നീട് പാലക്കാട് ജില്ലാ കമ്മിറ്റിയിലേക്ക് ഭാരവാഹിത്വം നല്‍കുകയായിരുന്നു.
കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ കെ. വിദ്യ കോളേജ് അധ്യാപികയായി ജോലി നേടുന്നതിനായി അട്ടപ്പാടി രാജീവ് ഗാന്ധി ഗവണ്മെന്റ് കോളേജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എന്ന കേസില്‍ പ്രതിയാണ്. ഈ വ്യാജരേഖാ കേസ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെയും എസ്.എഫ്.ഐ. സംസ്ഥാന നേതൃത്വത്തെയും ഒരേപോലെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ വിദ്യയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയും ദിവസങ്ങളോളം ജയില്‍വാസം അനുഭവിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്.
സംഘടനാ രംഗത്ത് സജീവമായിരുന്ന കാലത്ത് ഇരുവരും തമ്മിലുണ്ടായിരുന്ന ക്യാമ്പസ് സൗഹൃദമാണ് ഇപ്പോള്‍ വിവാഹത്തിലേക്ക് എത്തിനില്‍ക്കുന്നത്. രണ്ട് പേരും ഒരേസമയം വ്യത്യസ്തമായ വന്‍ വിവാദങ്ങളില്‍ അകപ്പെട്ടപ്പോഴും സൈബര്‍ ഇടങ്ങളിലും അല്ലാതെയും വലിയ രീതിയിലുള്ള രാഷ്ട്രീയ ആയുധമായി പ്രതിപക്ഷം ഇവരെ ഉയര്‍ത്തിക്കാട്ടിയിരുന്നു. കടുത്ത നിയമപോരാട്ടങ്ങളും രാഷ്ട്രീയ വിവാദങ്ങളും ഇരുവര്‍ക്കും ചുറ്റും പുകയുന്നതിനിടയിലാണ് തിങ്കളാഴ്ച ലളിതമായ ചടങ്ങുകളോടെ തൃക്കരിപ്പൂരില്‍ വെച്ച് ഇരുവരും നിയമപരമായി ഒന്നാകുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഭരണം എൽഡിഎഫിനെന്ന് വെള്ളാപ്പള്ളി നടേശൻ; ബിജെപിയെ ചെറുതായി കാണരുത്, തിരുവനന്തപുരത്ത് അക്കൗണ്ട് തുറക്കുമെന്ന് പ്രവചനം





