തിരുവനന്തപുരം : കേരളത്തിൽ വരും ദിവസങ്ങളിൽ മഴ വീണ്ടും സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ കാലവർഷം അടുത്ത 2-3 ദിവസങ്ങൾക്കുള്ളിൽ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും കൂടുതൽ ഭാഗങ്ങളിലേക്ക് മുന്നേറാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട് . ഇതിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് പ്രവചനം. അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടില്ല.
കാലവർഷത്തിന് പുറമെ നിലവിൽ മൂന്ന് ചക്രവാതച്ചുഴികള് കൂടി കേരള തീരത്ത് സജീവമാണ്. തെക്കുകിഴക്കൻ അറബിക്കടലിലും സമീപ പ്രദേശങ്ങളിലുമായാണ് ഒന്നാമത്തെ ചക്രവാതച്ചുഴി രൂപപ്പെട്ടിരിക്കുന്നത്. രണ്ടാമത്തേത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തമിഴ്നാട് തീരത്തിനും മുകളിലായി നിലനിൽക്കുന്നു. മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലുമായാണ് മൂന്നാമത്തെ ചക്രവാതച്ചുഴിയുള്ളത്.
ഇവയുടെ സ്വാധീനത്താൽ മെയ് 29, 31, ജൂൺ 1, 2 തീയതികളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മെയ് 29 മുതൽ ജൂൺ 2 വരെ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മോഡലിംഗിന്റെ മറവിലെ പെൺവാണിഭം ; മുഖ്യസൂത്രധാരൻ പിടിയിൽ ;
അടുത്ത ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്
- മെയ് 31: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം.
- ജൂൺ 01: കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്.
- ജൂൺ 02: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം.
ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.


ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ കവർച്ച ; 78 ഗ്രാം സ്വർണ്ണക്കട്ടികളുൾപ്പെടെ കാണാനില്ല ; നിലവറക്ക് പുറത്തുള്ള സ്വർണ്ണം ലോക്കറിലേക്ക് മാറ്റാൻ നിർദ്ദേശം





