കുരുക്കു മുറുക്കി ഇ.ഡി; കരിമണല്‍ കനലില്‍ വീണ വിജയന്‍; പടിവാതില്‍ക്കല്‍ സമന്‍സ്? കൊച്ചിയിലും തലസ്ഥാനത്തും മിന്നല്‍ പരിശോധന; കൈമാറിയത് ശതകോടികളുടെ സാമ്പത്തിക രേഖകള്‍. ഡല്‍ഹിയില്‍ നിന്ന് പച്ചക്കൊടി ലഭിച്ചാല്‍ അറസ്റ്റ്?

കൊച്ചി: കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലും എക്‌സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം നേരിടുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെയുള്ള നീക്കങ്ങള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വേഗം കൂട്ടുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമായി നടന്ന അപ്രതീക്ഷിത മിന്നല്‍ പരിശോധനകളില്‍ കേസിന്റെ ഗതി മാറ്റാന്‍ പോന്ന അതിനിര്‍ണ്ണായകമായ ഡിജിറ്റല്‍-ബാങ്ക് രേഖകള്‍ ലഭിച്ചതായാണ് സൂചന. പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയായതോടെ, കേവലമൊരു ചോദ്യം ചെയ്യലിനപ്പുറം കസ്റ്റഡിയിലെടുത്ത് അന്വേഷിക്കേണ്ട പഴുതടച്ച തെളിവുകള്‍ ഇ.ഡിയുടെ പക്കലുണ്ടെന്നാണ് അന്വേഷണസംഘത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
റെയ്ഡില്‍ പിടിച്ചെടുത്ത ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെയും ഫോണ്‍ രേഖകളുടെയും ആദ്യഘട്ട വിശകലനം കൊച്ചി സോണല്‍ ഓഫീസ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വിശദമായ റിപ്പോര്‍ട്ട് ഡല്‍ഹിയിലെ ഇ.ഡി ആസ്ഥാനത്തേക്ക് കൈമാറിയിട്ടുണ്ട്. ഡയറക്ടറേറ്റില്‍ നിന്നുള്ള നിയമോപദേശവും അന്തിമ അനുമതിയും ലഭിക്കുന്ന മുറയ്ക്ക് വീണ വിജയന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയക്കും. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (ജങഘഅ) ശക്തമായ വകുപ്പുകള്‍ ചുമത്താനുള്ള തെളിവുകള്‍ ലഭ്യമായതിനാല്‍, അടുത്ത നീക്കം കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് സാധ്യത.
എക്‌സാലോജിക് കമ്പനി നല്‍കാത്ത സേവനത്തിനാണ് സി.എം.ആര്‍.എല്ലില്‍ നിന്നും പണം കൈപ്പറ്റിയതെന്ന ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ (കഠടഇ) കണ്ടെത്തലുകള്‍ക്ക് പുറമെ, ഈ പണം വെളുപ്പിക്കാന്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചതിന്റെ ശാസ്ത്രീയ തെളിവുകളാണ് ഇ.ഡി ഇപ്പോള്‍ ശേഖരിക്കുന്നത്. പിടിച്ചെടുത്ത വീണ വിജയന്റെ മൊബൈല്‍ ഫോണും സി.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്തയുടെ ലാപ്‌ടോപ്പും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.
ഇതിനു പുറമെ, സി.എം.ആര്‍.എല്‍ ഓഫീസില്‍ നിന്ന് കണ്ടെടുത്ത രഹസ്യ ഡയറിയിലെ മറ്റ് പേരുകാരിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയാണ്. ഡയറിയില്‍ കോടികളുടെ പണമിടപാട് രേഖപ്പെടുത്തിയിട്ടുള്ള മറ്റ് പ്രമുഖ രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതാക്കളുടെ ബാങ്ക് വിവരങ്ങളും ഇ.ഡി സമാന്തരമായി പരിശോധിച്ചു തുടങ്ങി. ഡിജിറ്റല്‍ ഫോറന്‍സിക് ഫലം പുറത്തുവരുന്നതോടെ കേസില്‍ കൂടുതല്‍ ഉന്നതരിലേക്ക് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ നീണ്ടേക്കും.
അതേസമയം, ഇ.ഡിയുടെ മിന്നല്‍ നീക്കങ്ങളെ നിയമപരമായി തടയാന്‍ കരിമണല്‍ കമ്പനി മാനേജ്‌മെന്റും അണിയറയില്‍ സജീവമാണ്. ഇ.ഡി അന്വേഷണത്തിന്റെ തുടര്‍ച്ച തടയണമെന്നും റെയ്ഡ് നടപടികള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സി.എം.ആര്‍.എല്‍ ഉടന്‍ തന്നെ ഹൈക്കോടതിയെ സമീപിക്കും. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ ഉള്‍പ്പെടുത്തി പ്രതിരോധ കോട്ട തീര്‍ക്കാനാണ് ശശിധരന്‍ കര്‍ത്തയുടെയും പ്രതിപക്ഷ നേതാവിന്റെയും കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. ചോദ്യം ചെയ്യലിന് സമന്‍സ് ലഭിച്ചാല്‍ സ്വീകരിക്കേണ്ട മുന്‍കൂര്‍ ജാമ്യ സാധ്യതകളും പ്രതിഭാഗം നിയമവിദഗ്ധര്‍ പരിശോധിക്കുന്നുണ്ട്.
പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില്‍ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി സംഘത്തെ വഴിയില്‍ തടഞ്ഞ് അക്രമിച്ച കേസ് ഇപ്പോള്‍ കേന്ദ്ര ഏജന്‍സിക്ക് അനുകൂലമായ ആയുധമായി മാറിയിരിക്കുകയാണ്. പാളയം ലോക്കല്‍ സെക്രട്ടറി ഐ.പി. ബിനു ഉള്‍പ്പെടെ അറസ്റ്റിലായ 18 സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ റിമാന്‍ഡ് നടപടികള്‍ ഇന്ന് നടക്കും. കേസ് അട്ടിമറിക്കാന്‍ കായികബലവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിക്കുന്നു എന്നതിന്റെ തെളിവായി ഈ തെരുവ് അക്രമത്തെ ഇ.ഡി കോടതിയില്‍ ഉയര്‍ത്തിക്കാട്ടും. പ്രതികളുടെ ജാമ്യം തടയാനും കേന്ദ്ര ഏജന്‍സികള്‍ക്ക് പ്രത്യേക സുരക്ഷ ഉറപ്പാക്കാനും ഈ സംഭവം പ്രൊസിക്യൂഷന്‍ ചൂണ്ടിക്കാണിക്കും.
വരുംദിവസങ്ങളില്‍ കേരള രാഷ്ട്രീയം സാക്ഷ്യം വഹിക്കാന്‍ പോകുന്നത് സമാനതകളില്ലാത്ത ഒരു നിയമപോരാട്ടത്തിനാണ്. സി.എം.ആര്‍.എല്ലിന്റെ ഹൈക്കോടതി ഹര്‍ജിയും വീണ വിജയനെതിരെയുള്ള തുടര്‍ നടപടികളും പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയ ഭാവിയെപ്പോലും നേരിട്ട് ബാധിക്കുന്നവയാണ്. കേന്ദ്ര ഏജന്‍സിയുടെ പഴുതടച്ചുള്ള നീക്കങ്ങള്‍ക്ക് മുന്നില്‍ രാഷ്ട്രീയ പ്രതിരോധങ്ങള്‍ എത്രത്തോളം ഫലപ്രദമാകുമെന്നത് വരും ദിവസങ്ങളില്‍ കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ നിന്നറിയാം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.