ന്യൂഡല്‍ഹി: സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും തടയുന്ന കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) കൂടുതല്‍ ശക്തമാക്കിക്കൊണ്ട് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ നിര്‍ണ്ണായക നീക്കം. രാജ്യത്തെ ഞെട്ടിച്ച പല പ്രമുഖ കേസുകളിലും അന്വേഷണം മുറുകുന്നതിനിടയില്‍, ഇഡിയിലെ ജീവനക്കാരുടെ എണ്ണം ഒറ്റയടിക്ക് 60 ശതമാനം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ചരിത്രപരമായ ഉത്തരവാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ രാഷ്ട്രീയ-വ്യവസായ രംഗത്തെ വമ്പന്മാര്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക കുറ്റവാളികളെ പിടികൂടാന്‍ ഇഡിക്ക് ഇനി ഇരട്ടി കരുത്തുണ്ടാകും.
കേന്ദ്ര ഏജന്‍സികള്‍ക്ക് നേരെ പ്രാദേശിക തലങ്ങളില്‍ അക്രമങ്ങളും പ്രതിരോധങ്ങളും ഉയരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കേന്ദ്രത്തിന്റെ ഈ സുപ്രധാന നീക്കമെന്നത് ശ്രദ്ധേയമാണ്. ഉദ്യോഗസ്ഥ ക്ഷാമം മൂലം പല കേസുകളിലും അന്വേഷണം വൈകുന്നു എന്ന ആക്ഷേപത്തിന് ഇതോടെ പൂര്‍ണ്ണ പരിഹാരമാകും. താഴേത്തട്ടിലുള്ള അസിസ്റ്റന്റ് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍മാര്‍ മുതല്‍ ഉന്നത പദവിയായ അഡീഷണല്‍ ഡയറക്ടര്‍ തസ്തികയിലേക്ക് വരെ വലിയ തോതിലാണ് പുതിയ നിയമനങ്ങള്‍ നടക്കാന്‍ പോകുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരെ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ പിടികൂടുന്ന കുറ്റവാളികള്‍ക്ക് കോടതികളില്‍ നിന്ന് പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള നീക്കങ്ങളും കേന്ദ്രം ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇഡിയിലെ നിയമവിഭാഗം ഉള്‍പ്പെടെയുള്ള മറ്റ് അനുബന്ധ വകുപ്പുകളിലും ജീവനക്കാരുടെ എണ്ണം കുത്തനെ കൂട്ടും. കോടതികളില്‍ കേസുകള്‍ ശക്തമായി വാദിക്കുന്നതിനായി മാത്രം പുതുതായി 61 പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ നിയമനത്തിനാണ് കേന്ദ്ര ധനമന്ത്രാലയം ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രാജ്യത്തുടനീളം ഇഡി അന്വേഷിച്ചുവരുന്ന കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇതനുസരിച്ചുള്ള ജീവനക്കാര്‍ ഇല്ലാത്തത് ഏജന്‍സിയെ പ്രതിസന്ധിയിലാക്കിയിരുന്നു. മാര്‍ച്ച് 31-ലെ ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 8,851 കള്ളപ്പണം വെളുപ്പിക്കല്‍ (ജങഘഅ) കേസുകളാണ് ഇഡി ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും അതീവ ഗൗരവമേറിയ കേസുകളാണ്.
ഈ പിഎംഎല്‍എ കേസുകളുമായി ബന്ധപ്പെട്ട് മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1,187 പ്രമുഖരെയാണ് ഇഡി ഇതിനകം അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതില്‍ പലരും മുന്‍നിര രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരുമാണ്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ 2,396 കേസുകളില്‍ കോടതികളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഇഡിക്ക് സാധിച്ചിട്ടുണ്ട്. ഈ കേസുകളില്‍ നിന്നായി ഏകദേശം 2.35 ലക്ഷം കോടി രൂപയുടെ അവിഹിത സ്വത്താണ് ഇഡി ഇതുവരെ കണ്ടുകെട്ടിയിട്ടുള്ളത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍ക്ക് പുറമെ വിദേശനാണ്യ വിനിമയ ചട്ട ലംഘനവുമായി (എഋങഅ) ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തിലും വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. നിലവില്‍ ഇഡി രാജ്യവ്യാപകമായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഫെമ കേസുകളുടെ എണ്ണം 44,369 ആണ്. അന്താരാഷ്ട്ര തലത്തില്‍ ബന്ധങ്ങളുള്ള ഇത്തരം വന്‍കിട കേസുകള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ പുതിയ ഉദ്യോഗസ്ഥരുടെ വരവ് വേഗത കൂട്ടും.
ഇഡിയിലെ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം മുന്‍പും ശക്തമായി ഉയര്‍ന്നിരുന്നു. 2022-ല്‍ ഇഡി ഡയറക്ടറായിരുന്ന സഞ്ജയ് മിശ്ര ജീവനക്കാരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ അന്ന് ധനകാര്യ മന്ത്രാലയം അത് പൂര്‍ണ്ണമായി അംഗീകരിച്ചിരുന്നില്ല. പിന്നീട് വന്ന പല രാഷ്ട്രീയ സാഹചര്യങ്ങളും ഏജന്‍സിയുടെ ജോലിഭാരം ഇരട്ടിയാക്കി.
തുടര്‍ന്ന് പുതുതായി ചുമതലയേറ്റ ഇഡി ഡയറക്ടര്‍ രാഹുല്‍ നവീനാണ് ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണങ്ങളെ ബാധിക്കുന്നുണ്ടെന്ന് കാട്ടി, തസ്തികകള്‍ അടിയന്തരമായി 60% വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് വീണ്ടും കത്ത് നല്‍കിയത്. നിലവിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളും കള്ളപ്പണ കേസുകളുടെ ബാഹുല്യവും കണക്കിലെടുത്ത് കേന്ദ്ര ധനകാര്യ മന്ത്രാലയം ഇത്തവണ ഈ ആവശ്യത്തിന് പച്ചക്കൊടി കാട്ടുകയായിരുന്നു.
ഈ പുതിയ ഉത്തരവ് നടപ്പിലാകുന്നതോടെ ഏകദേശം 1200 മുതല്‍ 1300 വരെ പുതിയ ജീവനക്കാരാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ ജോലിയില്‍ പ്രവേശിക്കുക. നിലവില്‍ രാജ്യത്തുടനീളമായി കേവലം 2100-ഓളം ജീവനക്കാര്‍ മാത്രമാണ് ഈ സുപ്രധാന ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്നത്. ഇത്രയും കുറഞ്ഞ ജീവനക്കാരെ വെച്ചാണ് ഇഡി ഇതുവരെ വമ്പന്‍ സ്രാവുകളെ വലയിലാക്കിയിരുന്നത് എന്നുകൂടി ഓര്‍ക്കണം.
പുതിയ നിയമനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഇഡിയുടെ ആകെ ജീവനക്കാരുടെ എണ്ണം മൂവായിരത്തി അഞ്ഞൂറിലേക്ക് ഉയരും. കൂടുതല്‍ പ്രാദേശിക ഓഫീസുകള്‍ തുറക്കാനും സംസ്ഥാനങ്ങളിലെ വലിയ അഴിമതിക്കേസുകളിലേക്ക് ഒരേസമയം അന്വേഷണം വ്യാപിപ്പിക്കാനും ഇതിലൂടെ ഇഡിക്ക് സാധിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ റെയ്ഡുകള്‍ക്കും അറസ്റ്റുകള്‍ക്കുമാകും രാജ്യം സാക്ഷ്യം വഹിക്കാന്‍ പോകുന്നത് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
യോഗേഷ് ഗുപ്ത കേന്ദ്രത്തിലേക്ക്; എം.ആര്. അജിത് കുമാറിന് ഡിജിപി റാങ്കിലേക്ക് വഴിതുറക്കുന്നു
യോഗേഷ് ഗുപ്ത കേന്ദ്രത്തിലേക്ക്; എം.ആര്. അജിത് കുമാറിന് ഡിജിപി റാങ്കിലേക്ക് വഴിതുറക്കുന്നു







