തിരുവനന്തപുരം: കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ സെക്രട്ടേറിയറ്റ് ഇടനാഴികളെയും രാഷ്ട്രീയ കേന്ദ്രങ്ങളെയും ഒരുപോലെ പിടിച്ചുകുലുക്കിയ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന് ഡോ. ബി. അശോകിന്റെ സസ്പെന്ഷന് കസേരക്കളിക്ക് അന്ത്യം. ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി വായ്മൂടിക്കെട്ടാന് നോക്കിയ മുന്‍ ഭരണകൂടത്തിന്റെ പ്രതികാര നടപടിയെ ഒരൊറ്റ ഫയല്‍ തീര്‍പ്പാക്കലിലൂടെ വെട്ടിനിരത്തിക്കൊണ്ട്, അശോകിനെ സര്‍വീസിലേക്ക് സൌമനസ്യം തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ കടുംവെട്ട് തീരുമാനമെടുത്തു. സസ്പെന്ഷന് ഉത്തരവ് പൂര്‍ണ്ണമായി റദ്ദാക്കുന്നതിനൊപ്പം ഭരണസിരാകേന്ദ്രത്തില്‍ അതീവ നിര്‍ണ്ണായകമായ ‘താക്കോല്‍ സ്ഥാനം’ തന്നെ ഈ 1998 ബാച്ച് ഉദ്യോഗസ്ഥന് നല്‍കാനാണ് പുതിയ ഭരണകൂടത്തിന്റെ നീക്കം.
മുന്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെയും അധികാര വികേന്ദ്രീകരണത്തിലെ പാളിച്ചകളെയും ഐ.എ.എസ് അസോസിയേഷന്റെ തലപ്പത്തിരുന്നുകൊണ്ട് പരസ്യമായി ചോദ്യം ചെയ്തതിനാണ് ഏപ്രില്‍ അവസാന വാരത്തില്‍ ബി. അശോകിനെതിരെ ഇടത് മുന്നണി സര്‍ക്കാര്‍ അച്ചടക്ക ലംഘനത്തിന്റെ വാളോങ്ങിയത്. ഉദ്യോഗസ്ഥര്‍ ഭരണാധികാരികളുടെ വെറും ദാസന്മാരല്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന അശോകിനെ പുകച്ചുപുറത്തുചാടിക്കാന്‍ അന്ന് ആഭ്യന്തര-പൊതുഭരണ വകുപ്പുകള്‍ ഒത്തുകളിച്ചതായാണ് ആക്ഷേപം ഉയര്‍ന്നത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ഭരണമാറ്റത്തോടെ ചിത്രം പാടെ മാറിമറിയുകയായിരുന്നു.
ഭരണമാറ്റത്തിന്റെ കൃത്യമായ കാറ്റ് മുന്‍കൂട്ടി പ്രവചിച്ച ഉദ്യോഗസ്ഥനായിരുന്നു ഡോ. ബി. അശോക്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് തൊട്ടു മുന്‍പ് മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും മുന്‍ പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപിത വികസന പരാജയങ്ങളെയും കിഫ്ബി അടക്കമുള്ള സംവിധാനങ്ങളിലെ ദുരൂഹമായ ഫണ്ട് വിനിയോഗത്തെയും അദ്ദേഹം കടുത്ത ഭാഷയില്‍ തുറന്നുകാട്ടിയിരുന്നു. ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഈ അപ്രതീക്ഷിത പ്രഹരം അന്ന് ഭരണപക്ഷത്തെ കടുത്ത പ്രതിരോധത്തിലാക്കി.
ഇതേത്തടുര്‍ന്ന് കെയര്‍ടേക്കര്‍ പദവിയിലേക്ക് മാറുന്നതിന് തൊട്ടുമുന്‍പ് ചീഫ് സെക്രട്ടറിയെക്കൊണ്ട് അടിയന്തരമായി ഒപ്പിടുവിച്ചാണ് ഇടതു സര്‍ക്കാര്‍ അശോകിനെതിരെ സസ്പെന്ഷന് ഉത്തരവിറക്കിയത്. എന്നാല്‍ അന്ന് ഈ നടപടിയെ തികഞ്ഞ പുച്ഛത്തോടെയാണ് അശോക് നേരിട്ടത്. ‘ജനങ്ങളാല്‍ പൂര്‍ണ്ണമായി തള്ളപ്പെട്ട ഒരു കെയര്‍ടേക്കര്‍ സര്‍ക്കാരിന്റെ വെറുമൊരു പ്രതികാര നടപടി’ എന്ന് ഈ ഉത്തരവിനെ വിശേഷിപ്പിച്ച അദ്ദേഹം, പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഈ കള്ളക്കളി സ്വാഭാവികമായും റദ്ദാക്കപ്പെടുമെന്നും താന്‍ ഇതിനെതിരെ ട്രിബ്യൂണലിനെ സമീപിച്ച് സമയം കളയില്ലെന്നും പരസ്യമായി വെല്ലുവിളിച്ചിരുന്നു.
അശോക് അന്ന് പ്രവചിച്ചതുപോലെ തന്നെ കാര്യങ്ങള്‍ ഇപ്പോള്‍ യു.ഡി.എഫ് പാളയത്തില്‍ കൃത്യമായി ഒത്തുവന്നിരിക്കുകയാണ്. വി.ഡി. സതീശന് സര്‍ക്കാര്‍ അധികാരമേറ്റ് മൂന്നാം നാള് ഫയലുകള്‍ നോക്കിത്തുടങ്ങിയപ്പോള്‍ തന്നെ ആദ്യ പരിഗണനകളിലൊന്നായി ബി. അശോകിന്റെ സസ്പെന്ഷന് ഫയല്‍ മേശപ്പുറത്തെത്തി. ഉദ്യോഗസ്ഥരുടെ വികാരങ്ങളെ ചവിട്ടിമെതിച്ച മുന്‍ സര്‍ക്കാരിന്റെ ശൈലിക്ക് വിരുദ്ധമായി, അശോകിനെ അതിവേഗം തിരികെ വിളിക്കാന്‍ മുഖ്യമന്ത്രി ഒട്ടും മടിച്ചില്ല.
സെക്രട്ടേറിയറ്റിലെ ഉന്നത ഭരണതലത്തില്‍ കനത്ത അഴിച്ചുപണികള്‍ക്കും ഐ.എ.എസ്-ഐ.പി.എസ് തലപ്പത്തെ വന്‍ വെട്ടിനിരത്തലുകള്‍ക്കും പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ തുടക്കം കുറിക്കുന്നതിന്റെ കൃത്യമായ മണിമുഴക്കം കൂടിയാണ് ബി. അശോകിന്റെ ഈ ഗംഭീരമായ തിരിച്ചുവരവ്. മുന്‍പ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍, സൈനിക ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങിയ പ്രമുഖ പദവികളില്‍ തന്റെ അഡ്മിനിസ്ട്രേറ്റീവ് മികവ് തെളിയിച്ച ഉദ്യോഗസ്ഥനാണ് ഡോ. ബി. അശോക്.
മുന്‍ ഭരണകാലത്ത് പാര്‍ട്ടി വിധേയത്വം കാണിക്കാത്തതിന്റെ പേരില്‍ തഴയപ്പെടുകയും ഒതുക്കപ്പെടുകയും ചെയ്ത ഉന്നത ബ്യൂറോക്രാറ്റുകളുടെ വലിയൊരു നിര തന്നെ നിലവില്‍ സെക്രട്ടേറിയറ്റിലുണ്ട്. തങ്ങള്‍ക്ക് അനുകൂലമല്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ വിജിലന്‍സിനെ വിട്ടും സസ്പെന്ഷന് നല്‍കിയും വേട്ടയാടുന്ന മുന്‍ സര്‍ക്കാരിന്റെ ഫാസിസ്റ്റ് ശൈലിക്കുള്ള യു.ഡി.എഫിന്റെ ശക്തമായ മറുപടിയാണ് ഈ നീക്കം. ഉദ്യോഗസ്ഥ മേധാവിത്വത്തോടും സ്വേച്ഛാധിപത്യത്തോടും പൊരുതിയവര്‍ക്ക് പുതിയ ഭരണത്തില്‍ അര്‍ഹമായ നീതി ഉറപ്പാക്കുമെന്ന രാഷ്ട്രീയ പ്രഖ്യാപനം ഇതിലൂടെ പരസ്യമാക്കപ്പെടുകയാണ്.
പുതിയ അഴിച്ചുപണിയില്‍ അതീവ പ്രാധാന്യമുള്ള ധനകാര്യം, റവന്യൂ അല്ലെങ്കില്‍ പൊതുഭരണം പോലുള്ള താക്കോല്‍ വകുപ്പുകളിലൊന്നിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലേക്കാണ് അശോകിനെ പരിഗണിക്കുന്നത്. കിഫ്ബി ഉള്‍പ്പെടെയുള്ള മുന്‍ സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പുതിയ സര്‍ക്കാര്‍ പ്രഖ്യാപിക്കാനിരിക്കുന്ന ഉന്നതതല അന്വേഷണങ്ങളുടെ മേല്‍നോട്ട ചുമതലയും ഒരുപക്ഷേ അശോകിന്റെ കൈകളില്‍ സുരക്ഷിതമായിരിക്കുമെന്നാണ് മുന്നണിയിലെ പൊതുവികാരം.
ചീഫ് സെക്രട്ടറി റാങ്കിലേക്ക് വരും നാളുകളില്‍ ഉയര്‍ത്തപ്പെടേണ്ട ഒരു സീനിയര്‍ ഉദ്യോഗസ്ഥനെ രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ വഴിയില്‍ ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന ശക്തമായ നിലപാടിലാണ് മുഖ്യമന്ത്രി വി.ഡി. സതീശന്. നിയമപരമായ എല്ലാ വശങ്ങളും ചീഫ് സെക്രട്ടറി തലത്തില്‍ വീണ്ടും പരിശോധിച്ച്, പഴയ സസ്പെന്ഷന് ഉത്തരവ് പൂര്‍ണ്ണമായും റദ്ദാക്കിക്കൊണ്ടുള്ള പുതിയ വിജ്ഞാപനം പൊതുഭരണ വകുപ്പ് ഇന്ന് വൈകുന്നേരത്തോടെ പുറത്തിറക്കുമെന്നാണ് അറിയുന്നത്.
എന്തായാലും, ഡോ. ബി. അശോകിന്റെ തിരിച്ചെടുക്കല്‍ പുതിയ സര്‍ക്കാരിന്റെയും സിവില്‍ സര്‍വീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയും വലിയൊരു വിജയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. പഴയ ഭരണകൂടത്തിന്റെ ചട്ടക്കൂടുകളെ തച്ചുടച്ചുകൊണ്ട് അശോക് വീണ്ടും സെക്രട്ടേറിയറ്റിലെ തന്റെ പഴയ ഔദ്യോഗിക കസേരയിലേക്ക് നടന്നു കയറുമ്പോള്‍, അത് വരും ദിവസങ്ങളില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള പുതിയൊരു രാഷ്ട്രീയ പോര്‍മുഖത്തിന് കൂടി സെക്രട്ടേറിയറ്റ് മണ്ണില്‍ തിരികൊളുത്തുമെന്ന് ഉറപ്പാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
ധർമ്മടത്ത് പത്രിക സമർപ്പിച്ച് പിണറായി വിജയൻ; മണ്ഡലത്തിൽ വീടുകൾ കയറിയുള്ള പ്രചാരണത്തിന് തുടക്കം
ധർമ്മടത്ത് പത്രിക സമർപ്പിച്ച് പിണറായി വിജയൻ; മണ്ഡലത്തിൽ വീടുകൾ കയറിയുള്ള പ്രചാരണത്തിന് തുടക്കം







