വാഷിംഗ്ടണ്‍/ടെഹ്റാന്: മിഡില്‍ ഈസ്റ്റില്‍ കഴിഞ്ഞ രണ്ട് മാസമായി നിലനില്‍ക്കുന്ന താല്‍ക്കാലിക വെടിനിര്‍ത്തലിന് ആയുസ്സൊടുങ്ങുന്നു എന്ന സൂചനകള്‍ നല്കി യു.എസ്-ഇറാന് സമാധാന ചര്‍ച്ചകള്‍ പൂര്‍ണ്ണമായും സ്തംഭനാവസ്ഥയിലേക്ക്. യു.എസ് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ക്ക് ബദലായി ഇറാന് സമര്‍പ്പിച്ച ആവശ്യങ്ങളെ ‘അസംബന്ധം’ എന്ന് വിശേഷിപ്പിച്ച് തള്ളിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇറാനെതിരെ കടുത്ത അന്ത്യശാസനവുമായി രംഗത്തെത്തി. ഇറാനുമേല്‍ രാജ്യാന്തര സമ്മര്‍ദ്ദം മുറുക്കുന്നതിന്റെ ഭാഗമായി ‘സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണെന്ന്’ ട്രംപ് മുന്നറിയിപ്പ് നല്കി. ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ വരുംദിവസങ്ങളില്‍ പ്രദേശത്ത് വീണ്ടുമൊരു വന്‍ യുദ്ധപ്രതിസന്ധിക്ക് ഈ പ്രസ്താവന തിരികൊളുത്തിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ വഴിയാണ് ട്രംപ് ഇറാനെതിരെ ആഞ്ഞടിച്ചത്. ‘ഇറാന് എത്രയും പെട്ടെന്ന് നീക്കങ്ങള്‍ നടത്തണം, അതും വളരെ വേഗത്തില്‍. ഇല്ലെങ്കില്‍ അവരുടേതായി ഒന്നും ബാക്കി കാണില്ല. സമയം വളരെ വിലപ്പെട്ടതാണ്.’- ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവുമായി ഞായറാഴ്ച നടത്താനിരുന്ന നിര്‍ണ്ണായക ചര്‍ച്ചയ്ക്ക് തൊട്ടുമുന്‍പാണ് ട്രംപിന്റെ ഈ കടുത്ത ഭീഷണി പുറത്തുവന്നത് എന്നത് മിഡില്‍ ഈസ്റ്റിലെ സൈനിക നീക്കങ്ങളുടെ വേഗത കൂട്ടുമെന്ന സൂചന നല്കുന്നു.
നിലവിലെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ ഇപ്പോള്‍ ‘തീവ്രപരിചരണ വിഭാഗത്തില്‍’ ആണെന്നും ഇറാന്റെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും അപ്രായോഗികമാണെന്നും ട്രംപ് വ്യക്തമാക്കിക്കഴിഞ്ഞു. ഏപ്രില്‍ ആദ്യവാരം പ്രഖ്യാപിച്ച വെടിനിര്‍ത്തലിന് തൊട്ടുമുന്‍പ്, ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ ഒരു ‘സമ്പൂര്‍ണ്ണ സംസ്കാരം’ തന്നെ ഇല്ലാതാകുമെന്ന ട്രംപിന്റെ മുന്‍ ഭീഷണിയുടെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ പുതിയ പ്രസ്താവനയും പുറത്തുവരുന്നത്.
അതേസമയം, യു.എസിന്റെ മറുപടിയില്‍ ഇറാന് പ്രതീക്ഷിച്ച യാതൊരുവിധ വിട്ടുവീഴ്ചകളും ഉണ്ടായിട്ടില്ലെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഷിംഗ്ടണ്‍ കടുംപിടിത്തം തുടര്‍ന്നാല്‍ ചര്‍ച്ചകള്‍ പൂര്‍ണ്ണമായും പരാജയപ്പെടുമെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘മെഹര്‍’ (ങലവൃ) മുന്നറിയിപ്പ് നല്കി. എന്നാല്‍ തങ്ങള്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ ഉത്തരവാദിത്തമുള്ളതും ഔദാര്യം നിറഞ്ഞതുമാണെന്നാണ് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് അവകാശപ്പെടുന്നത്.
ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘തസ്നിം’ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ലബനനിലെ ഹിസ്ബുള്ളയ്ക്കെതിരെയുള്ള ഇസ്രായേല്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെ എല്ലാ മുന്നണികളിലെയും യുദ്ധം ഉടനടി അവസാനിപ്പിക്കുക, ഇറാന്റെ തുറമുഖങ്ങള്‍ക്കുമേല്‍ യു.എസ് ഏര്‍പ്പെടുത്തിയിരിക്കുന്ന കപ്പല്‍ ഉപരോധം പിന്‍വലിക്കുക, ഭാവിയില്‍ ആക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പുനല്‍കുക, യുദ്ധക്കെടുതികള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം നല്‍കുക, ഹോര്‍മുസ് കടലിടുക്കിന്മേലുള്ള ഇറാന്റെ പരമാധികാരം അംഗീകരിക്കുക എന്നിവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങള്‍.
എന്നാല്‍ ഇതിന് പകരമായി വാഷിംഗ്ടണ്‍ അഞ്ച് കടുത്ത നിബന്ധനകളാണ് മുന്നോട്ടുവെച്ചിരിക്കുന്നതെന്ന് ഇറാന്റെ ‘ഫാര്‍സ്’ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം മുഴുവന്‍ യു.എസിന് കൈമാറണമെന്നും, രാജ്യത്ത് ആകെ ഒരു ആണവനിലയം മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂ എന്നതുമാണ് അതില്‍ പ്രധാനം.
ആണവ പദ്ധതികള്‍ പൂര്‍ണ്ണമായി നിര്‍ത്തലാക്കണമെന്ന മുന്‍ നിലപാടില്‍ നിന്ന് മാറി, ഇരുപത് വര്‍ഷത്തേക്ക് ആണവ പദ്ധതികള്‍ നിര്‍ത്തിവെക്കാന്‍ ഇറാന് തയ്യാറായാല്‍ അത് അംഗീകരിക്കാമെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നു. ഇത് യു.എസിന്റെ നിലപാടിലെ നേരിയ മാറ്റമായി കാണാമെങ്കിലും മറ്റ് നിബന്ധനകളില്‍ ഇരുരാജ്യങ്ങളും ഇപ്പോഴും ബഹുദൂരം അകലെയാണ്.
കഴിഞ്ഞ ഫെബ്രുവരി 28-നാണ് യു.എസ്-ഇസ്രായേല്‍ സഖ്യസേന ഇറാനെതിരെ ശക്തമായ വ്യോമാക്രമണം ആരംഭിച്ചത്. തുടര്‍ന്ന് ചര്‍ച്ചകള്‍ക്കായി പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ഇടയ്ക്കുള്ള ചില ചെറിയ ഏറ്റുമുട്ടലുകള്‍ ഒഴിച്ചാല്‍ നിലവില്‍ വലിയ ലംഘനങ്ങളില്ലാതെ തുടരുകയാണ്. എങ്കിലും യുദ്ധഭീതി പൂര്‍ണ്ണമായി ഒഴിഞ്ഞിട്ടില്ല.
ആഗോളതലത്തില്‍ 20 ശതമാനത്തോളം എണ്ണയും പ്രകൃതിവാതകവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ (ടൃേമശ േീള ഒീൃാൗ്വ) നിയന്ത്രണം ഇപ്പോഴും ഇറാന്റെ പക്കലാണ്. യു.എസ് ഉപരോധത്തിന് മറുപടിയായി ഇറാന് ഈ ജലപാത ഫലത്തില്‍ അടച്ചതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുകയാണ്. ഉപരോധത്തിലൂടെ ഇറാന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കാന്‍ യു.എസും കപ്പല്‍പ്പാതകള്‍ അടച്ച് അന്താരാഷ്ട്ര വ്യാപാരം തടസ്സപ്പെടുത്താന്‍ ഇറാനും ശ്രമിക്കുന്നതോടെ ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
പാകിസ്ഥാന്റെ മധ്യസ്ഥതയിലാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. എന്നാല്‍ ട്രംപിന്റെ പുതിയ അന്ത്യശാസനത്തോടെ മിഡില്‍ ഈസ്റ്റിലെ സമാധാന നീക്കങ്ങള്‍ വീണ്ടും കരിനിഴലിലാവുകയാണ്. ചര്‍ച്ചകള്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടാല്‍ മേഖല വീണ്ടുമൊരു വന്‍ യുദ്ധത്തിലേക്ക് വഴുതിവീഴുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


“ഇറാനിൽ ഭരണമാറ്റം വേണം; രണ്ടാമത്തെ വിമാനവാഹിനിക്കപ്പലും അയച്ച് ട്രംപ്! ഉത്തരവിനായി യുഎസ് സൈന്യം സജ്ജം; പശ്ചിമേഷ്യയിൽ യുദ്ധഭീതി”





