സി.ബി.എസ്.ഇ. ത്രിഭാഷാ നയം: അക്ഷരക്കൂട്ടുകള്‍ക്ക് വേലിതീര്‍ക്കുമ്പോള്‍ പുറത്താകുന്നത് അറബിയും മലയാളവും; ആശങ്കയോടെ വിദ്യഭ്യാസ മേഖല

കോഴിക്കോട്: രാജ്യത്തെ സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ ജൂണ്‍ ഒന്നു മുതല്‍ നടപ്പിലാക്കാന്‍ പോകുന്ന പുതിയ ത്രിഭാഷാ പഠനരീതി, പതിറ്റാണ്ടുകളായി വിദ്യാര്‍ത്ഥികള്‍ ഹൃദയത്തോട് ചേര്‍ത്തുവെച്ച ഭാഷാപഠനത്തിന് കരിനിഴലാകുന്നു. ദേശീയ വിദ്യാഭ്യാസ നയം (ചഋജ), ദേശീയ പാഠ്യപദ്ധതി രൂപരേഖ (ചഇഎ), എന്‍.സി.ഇ.ആര്‍.ടി.യുടെ പുതിയ സിലബസ് എന്നിവയുടെ ചുവടുപിടിച്ചാണ് സി.ബി.എസ്.ഇ. പുതിയ പരിഷ്‌കാരം അടിച്ചേല്‍പ്പിക്കുന്നത്. ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കേണ്ട മൂന്ന് ഭാഷകളില്‍ രണ്ടെണ്ണം ഇന്ത്യന്‍ ഭാഷകളും ഒരെണ്ണം വിദേശഭാഷയുമായിരിക്കണമെന്നാണ് പുതിയ സര്‍ക്കുലറിലെ കര്‍ശന നിര്‍ദേശം. ഇതോടെ സിലബസിലെ സമവാക്യങ്ങള്‍ മാറിമറിയുകയും അറബി, ഫ്രഞ്ച് അടക്കമുള്ള ഭാഷകളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാവുകയും ചെയ്യുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും.
സി.ബി.എസ്.ഇ. പുറത്തുവിട്ട വിദേശഭാഷാ പട്ടികയില്‍ അറബിക്, ഫ്രഞ്ച്, ജര്‍മന്‍, ജാപ്പനീസ്, കൊറിയന്‍, സ്പാനിഷ്, റഷ്യന്‍, പേര്‍ഷ്യന്‍, ചൈനീസ് എന്നീ ഭാഷകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിര്‍ബന്ധിത മൂന്ന് ഭാഷകളില്‍ രണ്ടെണ്ണം ഇന്ത്യന്‍ ഭാഷകളാകണം എന്ന വ്യവസ്ഥ വരുമ്പോള്‍ സ്വാഭാവികമായും വിദേശഭാഷാ പട്ടികയിലുള്ള ഒന്നിന് മാത്രമേ വിദ്യാര്‍ത്ഥിക്ക് ഇനി ഇടം ലഭിക്കൂ. നിലവില്‍ കേരളത്തിലെയും രാജ്യത്തെയും നിരവധി സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ അറബി രണ്ടാം ഭാഷയായി പഠിപ്പിച്ചുപോരുന്നുണ്ട്. പുതിയ മാറ്റം വരുന്നതോടെ ഈ പദവി നഷ്ടമാകുമോ എന്നാണ് വിദ്യഭ്യാസ പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്.
ഏറ്റവും വലിയ തിരിച്ചടി നേരിടാന്‍ പോകുന്നത് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ്. അവിടെ ‘റീജനല്‍ ലാംഗ്വേജ്’ ആയി വലിയൊരു വിഭാഗം കുട്ടികളും അറബിയാണ് തിരഞ്ഞെടുക്കുന്നത്. പ്രവാസം അവസാനിപ്പിച്ച് ഇവര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തുമ്പോള്‍, പുതിയ ത്രിഭാഷാ സമവാക്യം കാരണം ഇതേ രീതിയില്‍ പഠനം തുടരാന്‍ സാധിക്കാതെ വരും. ഗള്‍ഫിലെ സ്‌കൂളുകള്‍ക്ക് നിലവില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യയിലെ സ്‌കൂളുകളിലേക്ക് മാറുമ്പോള്‍ ഈ ആനുകൂല്യം ലഭിക്കില്ലെന്നത് രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്നു.
പുതിയ വിദ്യാഭ്യാസ ഘടനയനുസരിച്ച് ഭാഷകളെ ആര്‍1, ആര്‍2, ആര്‍3 എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. ഇതില്‍ ബോര്‍ഡ് പരീക്ഷയുള്ള പ്രധാന ഭാഷകളായി മാറുന്നത് ആര്‍1ഉം ആര്‍2ഉം ആണ്. മൂന്നാമത്തെ ഭാഷയായ ആര്‍3ക്ക് ബോര്‍ഡ് പരീക്ഷയുണ്ടാകില്ല; പകരം സ്‌കൂള്‍ തലത്തിലുള്ള ഇന്റേണല്‍ അസെസ്‌മെന്റ് മാര്‍ക്ക് മാത്രമായിരിക്കും നല്‍കുക. നിലവില്‍ സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ ഒന്നാം ഭാഷയായി (ആ്ര്‍1) പഠിപ്പിക്കുന്നത് ഇംഗ്ലീഷ് ആണ്. എന്നാല്‍, പ്രോട്ടോക്കോള്‍ പ്രകാരം ഇംഗ്ലീഷ് ഒരു ഇന്ത്യന്‍ ഭാഷയാണോ അതോ വിദേശഭാഷയാണോ എന്ന കാര്യത്തില്‍ സി.ബി.എസ്.ഇ. അധികൃതര്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
പുതിയ ഭാഷാനയം വഴി ഇംഗ്ലീഷിനും ഹിന്ദിക്കും അമിത പ്രാധാന്യം ലഭിക്കുമ്പോള്‍ പ്രാദേശിക ഭാഷയായ മലയാളം പടിയടച്ച് പിന്തള്ളപ്പെടും എന്ന സൂചനയുമുണ്ട്. മൂന്ന് ഭാഷകളുടെ പാറ്റേണില്‍ മലയാളത്തെ ബോര്‍ഡ് പരീക്ഷയില്ലാത്ത ഞ3 വിഭാഗത്തിലേക്ക് മാറ്റാന്‍ സ്‌കൂളുകള്‍ നിര്‍ബന്ധിതരാകും. മാര്‍ക്കെയറിങ് ഘടനയില്‍ പ്രാധാന്യം കുറയുന്നതോടെ വിദ്യാര്‍ത്ഥികള്‍ മലയാളം പഠിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ഇത് കാരണമാകും. മാതൃഭാഷയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ട്.
കേരളത്തിലെ സ്‌കൂളുകളില്‍ നിലവില്‍ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബി (അല്ലെങ്കില്‍ സംസ്‌കൃതം, ഫ്രഞ്ച്) എന്നിങ്ങനെ നാല് ഭാഷകള്‍ വരെ കൈകാര്യം ചെയ്യാനുള്ള അന്തരീക്ഷമുണ്ട്. എന്നാല്‍ പുതിയ കേന്ദ്ര നയം വരുന്നതോടെ ഇതില്‍ ഏതെങ്കിലും ഒരു ഭാഷയുടെ ചിറകരിയപ്പെടും. ഹിന്ദിക്ക് രാജ്യവ്യാപകമായി കൂടുതല്‍ പ്രാധാന്യം നല്‍കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിനിടയില്‍ മറ്റ് പ്രാദേശിക-സാമുദായിക ഭാഷകള്‍ വിസ്മൃതിയിലേക്ക് തള്ളപ്പെടുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം.
ഈ ത്രിഭാഷാ നയം കേരളത്തേക്കാള്‍ കൂടുതല്‍ വെല്ലുവിളിയുയര്‍ത്താന്‍ പോകുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. നിലവില്‍ ഉത്തരേന്ത്യയിലെ ഭൂരിഭാഗം സി.ബി.എസ്.ഇ. സ്‌കൂളുകളിലും ഹിന്ദിയും ഇംഗ്ലീഷും അടക്കം രണ്ട് ഭാഷകള്‍ മാത്രമാണ് പ്രധാനമായും പഠിപ്പിക്കുന്നത്. പുതിയ നിയമപ്രകാരം മൂന്ന് ഭാഷകള്‍ നിര്‍ബന്ധമാകുമ്പോള്‍ അവര്‍ക്ക് തികച്ചും അപരിചിതമായ മൂന്നാമതൊരു ഭാഷ കൂടി പുതുതായി പഠിപ്പിച്ചു തുടങ്ങേണ്ടി വരും. ഇത് സ്‌കൂളുകള്‍ക്ക് വലിയ സാമ്പത്തിക-അധ്യാപക ബാധ്യത വരുത്തിവെക്കും.
അറബിക് പോലെ തന്നെ ഫ്രഞ്ച്, ജര്‍മന്‍, സംസ്‌കൃതം തുടങ്ങിയ ഭാഷകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയും ഈ പ്രോട്ടോക്കോള്‍ കുരുക്ക് ബാധിക്കും. വിദ്യഭ്യാസ നയത്തിന്റെ പേരില്‍ ഭാഷാ വൈവിധ്യങ്ങളെ തച്ചുടയ്ക്കുന്ന ഈ പരിഷ്‌കാരത്തിനെതിരെ വരുംദിവസങ്ങളില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരാനാണ് സാധ്യത.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.