തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ, കേരള സി.പി.എമ്മിന്റെ ചരിത്രത്തിലൊരിക്കലും ഉണ്ടാകാത്ത വിധം പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും സര്‍വാധിപത്യത്തിനെതിരെ പാര്‍ട്ടിയില്‍ പരസ്യമായ പടയൊരുക്കം. രണ്ട് പതിറ്റാണ്ടുകാലം പാര്‍ട്ടിയെയും ഭരണത്തെയും ഒരേപോലെ മുള്‍മുനയില്‍ നിര്‍ത്തിയ പിണറായി വിജയന്റെ കസേരയ്ക്ക് നേരെ അണികളും താഴെത്തട്ടിലെ നേതാക്കളും വിരല്‍ ചൂണ്ടുന്ന അസാധാരണ കാഴ്ചയ്ക്കാണ് ഇപ്പോള്‍ കേരള രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്. പത്തനംതിട്ടയില്‍ തുടങ്ങി കൊല്ലം വഴി കണ്ണൂരിലേക്ക് പടരുന്ന ഈ തിരുത്തല്‍ കൊടുങ്കാറ്റില്‍, സംസ്ഥാന നേതൃത്വം അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലാവുകയും വരും ദിവസങ്ങളില്‍ വലിയൊരു അധികാരമാറ്റത്തിന്റെ സൂചനകള്‍ പുറത്തുവരികയും ചെയ്യുന്നു.
കനത്ത പരാജയം നേരിട്ടിട്ടും തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ പിണറായി വിജയന്‍ വീണ്ടും പ്രതിപക്ഷ നേതാവായി കസേര ഉറപ്പിച്ചതാണ് താഴെത്തട്ടിലുള്ള അണികളെയും ജില്ലാ നേതൃത്വങ്ങളെയും ചൊടിപ്പിച്ചത്. പാര്‍ട്ടിയില്‍ പുതുതലമുറയ്ക്ക് വഴിയൊരുക്കേണ്ടതിന് പകരം, പ്രായപരിധിയില്‍ ഇളവ് നല്‍കിയതിന്റെ ആനുകൂല്യം മുതലെടുത്ത് പിണറായി വീണ്ടും പദവികള്‍ വെട്ടിപ്പിടിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജില്ലാ കമ്മിറ്റികള്‍ വെട്ടിത്തുറന്നു പറയുന്നു. മുഖ്യമന്ത്രിയാകാന്‍ വേണ്ടി നല്‍കിയ ഇളവ് തോറ്റമ്പിയ ശേഷം പ്രതിപക്ഷ നേതാവാകാന്‍ ഉപയോഗിക്കുന്നത് അണികളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നാണ് ഉയര്‍ന്നുവരുന്ന പ്രധാന ആക്ഷേപം.
പിണറായി വിജയന്‍ തിരഞ്ഞെടുപ്പിനെ നയിച്ചതാണ് ഇടതുമുന്നണിയുടെ തകര്‍ച്ചയ്ക്ക് ആഴം കൂട്ടിയതെന്ന കടുത്ത രാഷ്ട്രീയ വിശകലനമാണ് കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്. ഭരണകാലത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ നടത്തിയ പല പരസ്യപ്രയോഗങ്ങളും ജനങ്ങള്‍ക്കിടയില്‍ വലിയ അവമതിപ്പുണ്ടാക്കി. മാധ്യമങ്ങളോടും പൊതുജനങ്ങളോടും ക്രമസമാധാന പ്രശ്‌നങ്ങളുയര്‍ന്നപ്പോഴും മുഖ്യമന്ത്രി നടത്തിയ ‘വീട്ടില്‍ പോയി ചോദിക്ക്’, ‘ഡാഷ് മോനേ’ തുടങ്ങിയ ധാര്‍ഷ്ട്യം നിറഞ്ഞ കമ്യൂണിസ്റ്റ് വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെയുള്ള ജനവികാരമാണ് പോളിങ് ബൂത്തുകളില്‍ പ്രതിഫലിച്ചതെന്ന് നേതാക്കള്‍ സമ്മതിക്കുന്നു.
വികസനങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും ഉണ്ടായെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുമ്പോഴും, സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ തരംഗമുണ്ടായിരുന്നു എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ എ.കെ.ജി സെന്ററിലെ നേതാക്കള്‍ക്ക് സാധിച്ചില്ല. ജനങ്ങളുടെ മനസ്സ് വായിക്കാന്‍ കഴിയാത്തവിധം പാര്‍ട്ടി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ ജനങ്ങളില്‍ നിന്നും അകന്നുപോയതാണ് ഈ ദുരന്തത്തിന് കാരണം. പരമ്പരാഗത വോട്ടുബാങ്കുകളായ പിന്നാക്ക-ദളിത് വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും പൂര്‍ണ്ണമായും എല്‍.ഡി.എഫിനെ കൈവിട്ടത് പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലെ വോട്ടുചോര്‍ച്ച അടിവരയിടുന്നു.
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം തന്നെ അണികളുടെ കടുത്ത വിചാരണ നേരിടുന്നത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ്. താന്‍ നയിക്കുന്ന പാര്‍ട്ടിയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പകരം പിണറായിയുടെ കുടുംബത്തെയും സ്വന്തം ഭാര്യയെയും സംരക്ഷിക്കാനാണ് ഗോവിന്ദന്‍ ശ്രമിച്ചതെന്ന ഗുരുതരമായ ആക്ഷേപമാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്. ഈ വിമര്‍ശനം സംസ്ഥാന നേതാക്കളെ പോലും നിശബ്ദരാക്കി. തളിപ്പറമ്പില്‍ നിയമസഭാ സീറ്റിലേക്ക് എം.വി. ഗോവിന്ദന്‍ സ്വന്തം ഭാര്യ പി.കെ. ശ്യാമളയെ മത്സരിപ്പിച്ചത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പോലും തെറ്റായ സന്ദേശമാണ് നല്‍കിയത്.
ഇതിന് പുറമെ പാര്‍ട്ടിയുടെ ചുവപ്പുക്കോട്ടയായ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദവും തളിപ്പറമ്പിലെ വിവാദപരമായ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പാര്‍ട്ടിക്കുള്ളില്‍ വലിയ അസംതൃപ്തി ഉണ്ടാക്കി. മേല്‍ത്തട്ടിലെ ചില ഉന്നത നേതാക്കളെ പ്രീണിപ്പിക്കുന്നതിനും സ്വന്തക്കാര്‍ക്ക് കസേര ഉറപ്പാക്കുന്നതിനും വേണ്ടി സംസ്ഥാന നേതൃത്വം കാണിച്ച ഈ സ്വജനപക്ഷപാതമാണ് യു.ഡി.എഫിന് അനുകൂലമായി താഴെത്തട്ടില്‍ വലിയ അടിയൊഴുക്കുകളുണ്ടാകാന്‍ കാരണം. അണികള്‍ ചോരനീരാക്കി കെട്ടിപ്പടുത്ത പാര്‍ട്ടി സംവിധാനത്തെ നേതാക്കളുടെ സ്വാര്‍ത്ഥതയ്ക്കായി തകര്‍ത്തുവെന്നാണ് ഉയര്‍ന്നുവരുന്ന വിമര്‍ശനം.
തോല്‍വിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കൂടിയ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ മുന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിനെ സാക്ഷിനിര്‍ത്തിയായിരുന്നു മന്ത്രിമാര്‍ക്കെതിരെയുള്ള വിമര്‍ശനം. പാര്‍ട്ടിയെ പൂര്‍ണ്ണമായും നോക്കുകുത്തിയാക്കി പ്രവര്‍ത്തിച്ച മന്ത്രിമാരുടെ ശൈലി ജനങ്ങളെ ഭരണത്തില്‍ നിന്നും അകറ്റി. കമ്യൂണിസ്റ്റ് പാരമ്പര്യമോ പ്രത്യയശാസ്ത്ര അടിത്തറയോ ഇല്ലാതെ പാര്‍ട്ടിയിലേക്കും മന്ത്രിസഭയിലേക്കും ഇടിച്ചുകയറിയ പലരും അധികാരം കിട്ടിയപ്പോള്‍ വഴിമറന്നു പ്രവര്‍ത്തിക്കുകയായിരുന്നു എന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
മുഖ്യമന്ത്രിയുടെ ഓഫീസാകട്ടെ പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ്ണമായും അന്യമായിരുന്നു. മുഖ്യമന്ത്രിയും മറ്റ് പ്രധാന മന്ത്രിമാരും പുലര്‍ത്തിയ പെരുമാറ്റരീതികള്‍ കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധമായിരുന്നു. വിനയത്തിന് പകരം അഹങ്കാരവും ധാര്‍ഷ്ട്യവും മുഖമുദ്രയാക്കിയ ഭരണാധികാരികളെ ജനങ്ങള്‍ വോട്ടിലൂടെ തറപ്പറ്റിക്കുകയായിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പോലും തയ്യാറാകാത്ത നേതൃത്വത്തോട് ഇനി വിട്ടുവീഴ്ചയില്ലെന്ന പ്രഖ്യാപനമാണ് ഓരോ കോണ്‍ഫറന്‍സ് ഹാളുകളില്‍ നിന്നും ഉയരുന്നത്.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സംസ്ഥാന നേതൃത്വം മാത്രമല്ല, ജില്ലാ സെന്ററുകളും പൂര്‍ണ്ണ പരാജയമായിരുന്നു എന്ന വിലയിരുത്തലിലാണ് കൊല്ലം ജില്ലാ നേതൃത്വം. കൊല്ലത്ത് ഇടതുമുന്നണിക്കുണ്ടായ വന്‍ തകര്‍ച്ചയ്ക്ക് പിന്നില്‍ ജില്ലാ നേതാക്കളുടെ കൃത്യമായ പങ്കും അനാസ്ഥയുമുണ്ട്. താഴെത്തട്ടില്‍ വോട്ടര്‍മാരെ നേരില്‍ കാണുന്നതിലോ സര്‍ക്കാരിനെതിരെയുള്ള അതൃപ്തികള്‍ പരിഹരിക്കുന്നതിലോ നേതാക്കള്‍ക്ക് കൃത്യമായ പ്ലാന്‍ ഉണ്ടായിരുന്നില്ല. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.എന്‍. ബാലഗോപാല്‍, പുത്തലത്ത് ദിനേശന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. ജയചന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ ആഭ്യന്തര കലഹം അരങ്ങേറിയത്. സാധാരണ ഗതിയില്‍ ഔദ്യോഗിക ലൈനിനപ്പുറം ഒരു വാക്ക് പോലും മിണ്ടാത്ത ജില്ലാ ഭാരവാഹികള്‍ ഇത്തവണ പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ ആഞ്ഞടിച്ചപ്പോള്‍ സംസ്ഥാന നേതാക്കള്‍ക്ക് മറുപടിയില്ലാതായി.
പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ഈ കലാപം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകാനാണ് സാധ്യത. ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന ജില്ലാ കമ്മിറ്റി യോഗങ്ങളിലും ഈ വിമര്‍ശനങ്ങള്‍ കൂടുതല്‍ രൂക്ഷമായി തുടരും. പാര്‍ട്ടി അണികളെയും താഴെത്തട്ടിലുള്ള കമ്മിറ്റികളെയും അനുനയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിണറായി വിജയന് പ്രതിപക്ഷ നേതൃസ്ഥാനം അടിയന്തിരമായി ഒഴിഞ്ഞ് കൊടുക്കേണ്ടി വരും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ അനുമതിയില്ലാതെ ‘ഗ്രീന്‍ ചാനല്‍’ വഴി പാഴ്സലുകള്‍ കടത്തി; കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ലഭിക്കുക ‘സ്വാഭാവിക ജാമ്യം’; ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ അന്വേഷണം ആ പഴയ യുഎഇ കോണ്‍സുലേറ്റിലേക്ക്; പുതിയ തിയറി ചര്‍ച്ചകളില്‍




