വാഷിംഗ്ടണ്‍: യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവെച്ച സമാധാന കരാറിനോടുള്ള ഇറാന്റെ പ്രതികരണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളി. ഇറാന്റെ മറുപടി തികച്ചും അസ്വീകാര്യമാണെന്നും അവര്‍ ‘കളിക്കുകയാണെന്നും’ ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് തുറക്കുക, ഇറാന്റെ ആണവ പദ്ധതികള്‍ മരവിപ്പിക്കുക എന്നീ പ്രധാന ആവശ്യങ്ങളടങ്ങിയ കരാറാണ് അമേരിക്ക മുന്നോട്ടുവെച്ചിരുന്നത്. എന്നാല്‍ ഇതിനോടുള്ള ഇറാന്റെ നിബന്ധനകള്‍ അംഗീകരിക്കാനാവില്ലെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു.
ഇറാന്റെ ഭാഗത്തുനിന്ന് അനുകൂലമായ നിലപാട് ഉണ്ടായില്ലെങ്കില്‍ പൂര്‍ണ്ണതോതിലുള്ള ബോംബിംഗ് പുനരാരംഭിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. അതേസമയം, ലെബനന് ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും യുദ്ധം അവസാനിപ്പിക്കണമെന്നും കപ്പല്‍ ഗതാഗതത്തിന് സുരക്ഷ ഉറപ്പാക്കണമെന്നുമാണ് ഇറാന്റെ നിലപാട്. പരിക്കേറ്റ് ചികിത്സയിലാണെന്ന് പറയപ്പെടുന്ന ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനി, ശത്രുക്കള്‍ക്കെതിരെ ശക്തമായ പോരാട്ടം തുടരാന്‍ സൈന്യത്തിന് പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി ഇറാന് സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു.
ആഗോളതലത്തില്‍ എണ്ണ, പ്രകൃതിവാതക വിതരണത്തെ ബാധിക്കുന്ന ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം ലോകവിപണിയെ പിടിച്ചുലച്ചിരിക്കുകയാണ്. ഏപ്രില്‍ 13 മുതല്‍ ഇറാന് തുറമുഖങ്ങള്‍ അമേരിക്കന്‍ സൈന്യം ഉപരോധിച്ചിരിക്കുകയാണ്. ഇതിനിടെ, ഉപരോധം ലംഘിക്കാന്‍ ശ്രമിച്ച രണ്ട് ഇറാനിയന്‍ ഓയില്‍ ടാങ്കറുകള്‍ക്ക് നേരെ അമേരിക്ക കഴിഞ്ഞ വെള്ളിയാഴ്ച ആക്രമണം നടത്തിയിരുന്നു. തങ്ങളുടെ കപ്പലുകള്‍ക്ക് നേരെ ഇനിയും ആക്രമണമുണ്ടായാല്‍ മേഖലയിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്കും കപ്പലുകള്‍ക്കും നേരെ അതിശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്കി.
ഇറാന്റെ കൈവശമുള്ള 60% ശുദ്ധീകരിച്ച യുറേനിയം ശേഖരമാണ് സമാധാന ചര്‍ച്ചകളിലെ മറ്റൊരു പ്രധാന തടസ്സം. ഇത് ആണവായുധ നിര്‍മ്മാണത്തിന് തൊട്ടടുത്താണെന്ന് ഐക്യരാഷ്ട്രസഭയുടെ ആണവ ഏജന്‍സി മുന്നറിയിപ്പ് നല്കുന്നു. യുറേനിയം സംഭരണ കേന്ദ്രങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങളുടെ സൈന്യം പൂര്‍ണ്ണ സജ്ജമാണെന്നും ഏത് വിധേനയുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങളെയും ചെറുക്കുമെന്നും ഇറാന് ബ്രിഗേഡിയര്‍ ജനറല്‍ അക്രമി നിയ വ്യക്തമാക്കി.
ട്രംപിന്റെ കടുത്ത നിലപാടും ഇറാന്റെ പ്രത്യാക്രമണ ഭീഷണിയും മിഡില്‍ ഈസ്റ്റിലെ സാഹചര്യം അതീവ ഗുരുതരമാക്കുന്നു. ഇതോടെ എണ്ണ വില കുറയാനുള്ള സാധ്യതയും കുറഞ്ഞു.

ലോസ് ഏഞ്ചല്‍സ് സ്വദേശിയായ 31 വയസ്സുകാരന് കോള്‍ തോമസ് അല്ലന്; വൈറ്റ് ഹൗസ് വിരുന്നിലെ വെടിവെപ്പ്; അക്രമി കാലിഫോര്‍ണിയയിലെ അധ്യാപകന്, വെളിപ്പെടുത്തലുമായി ട്രംപ്
ചന്ദ്രനെ വലംവെച്ച് ആര്‍ട്ടെമിസ് മടങ്ങി; പസഫിക്കില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു





