നെടുങ്കണ്ടം: പച്ചടിയിലെ ചോരയുണങ്ങാത്ത മണ്ണില്‍ മണ്ണുമാന്തികള്‍ വീണ്ടും ഉരുളുമ്പോള്‍ പുറത്തുവരുന്നത് എട്ടു വര്‍ഷം മുന്‍പ് മറപുക്കപ്പെട്ട ക്രൂരതയുടെ ഞെട്ടിക്കുന്ന സൂചനകള്‍. അമ്മയെയും സഹോദരനെയും കൊന്നു കുഴിച്ചുമൂടിയ കേസില്‍ അറസ്റ്റിലായ സജി (50), എട്ടു വര്‍ഷം മുന്‍പ് കാണാതായ പിതാവ് മാത്യുവിനെയും (75) വകവരുത്തിയെന്ന സംശയത്തിന് ബലമേറുന്നു. സജിയുടെ പുരയിടത്തിലെ പഴയ ചാണകക്കുഴിക്കും പട്ടിക്കൂടിനും സമീപം നടത്തിയ തിരച്ചിലില്‍ അസ്ഥിക്കഷ്ണങ്ങള്‍ കണ്ടെടുത്തു.
2018 മാര്‍ച്ച് അഞ്ചിനാണ് മാത്യുവിനെ വീട്ടില്‍നിന്നു കാണാതാകുന്നത്. അന്ന് ലോക്കല്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും തുമ്പുണ്ടായില്ല. മാത്യു ബസ് കയറി പോകുന്നത് കണ്ടെന്ന ചില മൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം വഴിമുട്ടി. ഒടുവില്‍ തെളിവില്ലെന്നു കാട്ടി പോലീസ് ഫയല്‍ മടക്കി. എന്നാല്‍, കഴിഞ്ഞ ഏപ്രില്‍ 28-ന് മേരിക്കുട്ടിയുടെയും മകന് റെജിയുടെയും മൃതദേഹങ്ങള്‍ പറമ്പില്‍നിന്ന് കണ്ടെടുത്തതോടെയാണ് പഴയ ഫയലുകള്‍ വീണ്ടും പൊടിതട്ടിയത്.
അമ്മയെയും സഹോദരനെയും കൊന്നത് താനാണെന്ന് സമ്മതിച്ചെങ്കിലും അച്ഛന്റെ കാര്യത്തില്‍ സജി മൗനം പാലിക്കുകയായിരുന്നു. എന്നാല്‍ പോലീസിന്റെ പഴുതടച്ചുള്ള ചോദ്യംചെയ്യലില്‍ സജി നല്കിയ സൂചനകളാണ് ഇന്നത്തെ പരിശോധനയിലേക്ക് നയിച്ചത്. മേരിക്കുട്ടിയുടെയും റെജിയുടെയും മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് തൊട്ടടുത്തായി, പട്ടിക്കൂടിന് സമീപത്തെ പഴയ ചാണകക്കുഴി കേന്ദ്രീകരിച്ചായിരുന്നു ഇന്നത്തെ തിരച്ചില്‍. മണ്ണ് നീക്കിയപ്പോള്‍ കണ്ടെത്തിയ അസ്ഥിക്കഷ്ണങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചു.
സഹോദരന് റെജിയുമായുള്ള തര്‍ക്കമാണ് ഏപ്രില്‍ നാലിന് നടന്ന ഇരട്ടക്കൊലപാതകത്തിന് കാരണമെന്നാണ് സജിയുടെ മൊഴി. എന്നാല്‍, എട്ടു വര്‍ഷം മുന്‍പ് മാത്യുവിനെ കാണാതാകുമ്പോഴും സജിയുമായി വീട്ടില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായി സൂചനയുണ്ട്. കണ്ടെടുത്ത അസ്ഥികള്‍ മാത്യുവിന്റേതാണെന്ന് ഡിഎന്‍എ പരിശോധനയിലൂടെ സ്ഥിരീകരിച്ചാല്‍, സ്വന്തം അച്ഛനെയും അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയെന്ന അപൂര്‍വവും ക്രൂരവുമായ കുറ്റകൃത്യത്തിന് സജി മറുപടി പറയേണ്ടി വരും.
ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. അസ്ഥികള്‍ മാത്യുവിന്റേതാണെന്നു തെളിഞ്ഞാല്‍ കേസില്‍ സജിക്കെതിരെ മൂന്നാമതൊരു കൊലപാതകക്കുറ്റം കൂടി ചുമത്തും. സജിയെ സംഭവസ്ഥലത്തെത്തിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവെടുപ്പ് നടത്താനാണ് പോലീസിന്റെ നീക്കം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; ഗുരുതര പരിക്കേറ്റ രാധാമണി മെഡിക്കൽ കോളേജിൽ; മകൻ കസ്റ്റഡിയിൽ




