തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഗതിവിഗതികള്‍ തീരുമാനിക്കുന്ന ആ നിര്‍ണ്ണായക ദിനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. അഞ്ചു വര്‍ഷത്തെ ഭരണത്തിന് ജനം മാര്‍ക്കിടുന്നത് എങ്ങനെയെന്നറിയാന്‍ കേരളം കണ്ണുതുറന്നിരിക്കുമ്പോള്‍, മുന്നണി ആസ്ഥാനങ്ങള്‍ ആവേശത്തിലും ആധിയിലുമാണ്. വിജയമുറപ്പിച്ച യു.ഡി.എഫ് പായസവും ലഡുവും കരുതി വെക്കുമ്പോള്‍, തുടര്‍ഭരണത്തിന്റെ ആത്മവിശ്വാസത്തില്‍ പടക്കം പൊട്ടിക്കാന്‍ സി.പി.എമ്മും സജ്ജമായിക്കഴിഞ്ഞു. എന്നാല്‍, വിധി അറിയുന്ന നേരത്ത് മുഖ്യമന്ത്രി പിണറായി വിജയന് തലസ്ഥാനത്തുണ്ടാകില്ലെന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ശ്രദ്ധേയമാവുകയാണ്.
എല്ലാ നിര്‍ണ്ണായക ഘട്ടങ്ങളിലും തലസ്ഥാനത്തെ കേന്ദ്രീകരിച്ച് നീങ്ങുന്ന പതിവ് രീതിയില്‍ നിന്ന് മാറി ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം മണ്ഡലമായ ധര്‍മ്മടത്താണ് ഫലമറിയുക. വോട്ടെണ്ണല്‍ ദിനത്തില്‍ അദ്ദേഹം തിരുവനന്തപുരത്ത് ഉണ്ടാകില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. കണ്ണൂരിലെ വീട്ടിലിരുന്നാവും ഭരണത്തുടര്ച്ചയുടെയോ പരാജയത്തിന്റെയോ കണക്കുകള്‍ അദ്ദേഹം പരിശോധിക്കുക. എന്നാല്‍ എ.കെ.ജി സെന്ററില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കള്‍ രാവിലെ തന്നെ എത്തും. വിജയം ഉറപ്പിച്ചാല്‍ മാത്രം മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് തിരിക്കാനാണ് സാധ്യത.
അതേസമയം, പ്രതിപക്ഷ നിരയുടെ പടനായകനായി വി.ഡി. സതീശന് തിരുവനന്തപുരത്തുണ്ടാകും. കന്റോണ്‍മെന്റ് ഹൗസിലിരുന്ന് ഫലങ്ങള്‍ വിലയിരുത്തുന്ന അദ്ദേഹം, യു.ഡി.എഫ് മുന്നേറ്റം പ്രകടമാകുന്നതോടെ കെ.പി.സി.സി ആസ്ഥാനത്തേക്ക് എത്തും. പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണം തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രതിപക്ഷ നേതാവ്.
ഭരണം കൈപ്പിടിയിലൊതുങ്ങുമെന്ന ശുഭപ്രതീക്ഷയില്‍ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവന് ഉത്സവലഹരിയിലാണ്. മണക്കാട് സുരേഷിന്റെ നേതൃത്വത്തില്‍ കെ.പി.സി.സി മുറ്റത്ത് പന്തലിട്ടു കഴിഞ്ഞു. വോട്ടെണ്ണല്‍ തത്സമയം കാണാന്‍ വലിയ എല്‍.ഇ.ഡി വാളുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വിജയമുറപ്പിച്ചാല്‍ വിതരണം ചെയ്യാന്‍ പായസവും ലഡുവും ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു. പ്രസിഡന്റ് സണ്ണി ജോസഫ് ഒന്‍പതു മണിയോടെ ആസ്ഥാനത്തെത്തും. എ.കെ. ആന്റണി വീട്ടിലിരുന്ന് ഫലമറിയുമ്പോള്‍ കെ.സി. വേണുഗോപാല്‍ ഡല്‍ഹിയിലായിരിക്കും.
എ.കെ.ജി സെന്ററില്‍ വലിയ ആഘോഷങ്ങള്‍ ഒരുക്കിയിട്ടില്ലെങ്കിലും കേഡര്‍മാരുടെ ആവേശം ഒട്ടും കുറവല്ല. പൂഴിക്കുന്ന് ആശാന്റെ പടക്കങ്ങളാണ് സി.പി.എം വോട്ടെണ്ണല്‍ ദിനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. തുടര്‍ഭരണം പ്രഖ്യാപിക്കപ്പെടുന്ന നിമിഷം തലസ്ഥാനത്തെ ചുവപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. എം.വി. ഗോവിന്ദന് രാവിലെ എത്തുന്നതോടെ നേതാക്കളുടെ വലിയ നിര തന്നെ എ.കെ.ജി സെന്ററിലുണ്ടാകും.
ബി.ജെ.പി ആസ്ഥാനമായ മാരാര്‍ജി ഭവനും ഒട്ടും പിന്നിലല്ല. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ഫലമറിയാന്‍ നേതാക്കള്‍ പത്തു മണിയോടെ എത്തും. ഇത്തവണ രണ്ടക്ക സംഖ്യയില്‍ സീറ്റുകള്‍ നേടുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി ക്യാമ്പ്.
ഭരണവിരുദ്ധ വികാരം യു.ഡി.എഫിന് തുണയാകുമോ അതോ ക്ഷേമപദ്ധതികള്‍ എല്‍.ഡി.എഫിന് തുടര്‍ഭരണം നല്‍കുമോ എന്ന ചോദ്യത്തിന് നാളെ ഉച്ചയോടെ ഉത്തരം ലഭിക്കും. കേരളം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് അറിയാന്‍ രാഷ്ട്രീയ കൗതുകത്തോടെ കാത്തിരിക്കുകയാണ് മലയാളികള്‍.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സൈബര്‍ പോര് മുറുകുന്നു: കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതല ഒഴിഞ്ഞ് ഹൈബി ഈഡന്; രാജി സ്വീകരിക്കാതെ നേതൃത്വം; ചാറ്റ് ചോര്‍ച്ചയില്‍ വെട്ടിലായി വി.ഡി ഗ്രൂപ്പ്





