കേരളം വീണ്ടും വലത്തോട്ട്? പിണറായി ഭരണത്തിന് അന്ത്യമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍; ബംഗാള്‍ ബിജെപി പക്ഷത്തേക്ക്… തമിഴ്‌നാട്ടില്‍ ഡിഎംകെ,… അസമിലും ബിജെപി

ന്യൂഡല്‍ഹി: കേരളത്തില്‍ ഭരണവിരുദ്ധ തരംഗം ആഞ്ഞടിക്കുമെന്നും പത്തു വര്‍ഷത്തെ പിണറായി വിജയന്‍ സര്‍ക്കാരിന് അന്ത്യം കുറിച്ച് യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ദേശീയ മാധ്യമങ്ങളും വിവിധ സര്‍വേ ഏജന്‍സികളും പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 140 അംഗ നിയമസഭയില്‍ യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടുമെന്നാണ് പ്രവചനം.

യുഡിഎഫ് തരംഗം; ബിജെപി അക്കൗണ്ട് തുറക്കും
ഭൂരിപക്ഷത്തിന് വേണ്ട 71 സീറ്റുകള്‍ യുഡിഎഫ് അനായാസം മറികടക്കുമെന്നാണ് ഭൂരിഭാഗം സര്‍വേകളും സൂചിപ്പിക്കുന്നത്. ടൈംസ് നൗ പ്രവചന പ്രകാരം യുഡിഎഫ് 78 മുതല്‍ 85 സീറ്റുകള്‍ വരെ നേടാം. എല്‍ഡിഎഫ് 56-66 സീറ്റുകളിലേക്ക് ചുരുങ്ങുമ്പോള്‍ ബിജെപി കേരളത്തില്‍ ഇത്തവണ അക്കൗണ്ട് തുറക്കുമെന്നും മൂന്ന് മുതല്‍ അഞ്ച് സീറ്റുകള്‍ വരെ നേടിയേക്കാമെന്നും സര്‍വേകള്‍ വ്യക്തമാക്കുന്നു. പീപ്പിള്‍ പള്‍സ്, സട്ടാ ബസാര്‍ എന്നിവയും യുഡിഎഫിന് 85 സീറ്റുകള്‍ വരെ പ്രവചിക്കുന്നുണ്ട്.

ബീക്കണ്‍ എക്‌സിറ്റ് പോള്‍ യുഡിഎഫിന് 81 സീറ്റുകള്‍ വരെ നല്‍കുമ്പോള്‍ ബിജെപിക്ക് അഞ്ച് സീറ്റുകളാണ് പ്രവചിക്കുന്നത്. സീ ന്യൂസ് സര്‍വേയില്‍ ഇരുമുന്നണികളും തമ്മില്‍ കടുത്ത പോരാട്ടമാണ് പ്രവചിക്കുന്നത് (യുഡിഎഫ് 63-74, എല്‍ഡിഎഫ് 58-70). ടീം പിഎസ്ആര്‍, പി മാര്‍ക്ക് സര്‍വേകളും യുഡിഎഫിന് തന്നെയാണ് മുന്‍തൂക്കം നല്‍കുന്നത്.

ബംഗാളില്‍ കാവിപ്പട; മമതയ്ക്ക് തിരിച്ചടി
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് ബിജെപി അധികാരം പിടിക്കുമെന്നാണ് പ്രവചനം. പി മാര്‍ക്കിന്റെ സര്‍വേ അനുസരിച്ച് ബിജെപി 175 സീറ്റുകള്‍ വരെ നേടിയേക്കാം. മാട്രിസ് സര്‍വേയും ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നുണ്ട്. മമത ബാനര്‍ജിയുടെ തട്ടകത്തില്‍ വലിയ തോതിലുള്ള വോട്ട് ചോര്‍ച്ചയുണ്ടാകുമെന്നാണ് കണക്കുകള്‍ പറയുന്നത്.

തമിഴ്നാട്ടില്‍ ഡിഎംകെ; അസമില്‍ ബിജെപി
തമിഴ്നാട്ടില്‍ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യം ഭരണം നിലനിര്‍ത്തുമെന്നാണ് പീപ്പിള്‍ പള്‍സ് പ്രവചിക്കുന്നത്. ഡിഎംകെ 145 സീറ്റുകള്‍ വരെ നേടിയേക്കാം. നടന്‍ വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) 18 മുതല്‍ 24 സീറ്റുകള്‍ വരെ നേടി ആദ്യ അങ്കത്തില്‍ തന്നെ നിര്‍ണ്ണായക ശക്തിയാകുമെന്നത് ശ്രദ്ധേയമാണ്. അസമില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്നും ആക്‌സിസ് മൈ ഇന്ത്യ സര്‍വേ 100 സീറ്റുകള്‍ വരെ എന്‍ഡിഎയ്ക്ക് പ്രവചിക്കുന്നു.

കേരളത്തില്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ വലിയ ആവേശം സൃഷ്ടിക്കുന്നതാണ് ഈ ഫലങ്ങള്‍. വോട്ടെണ്ണല്‍ ദിനത്തില്‍ ഈ പ്രവചനങ്ങള്‍ എത്രത്തോളം യാഥാര്‍ത്ഥ്യമാകുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.