“എല്ലാ ഇന്ത്യക്കാരുടെയും ഡിഎൻഎ മഹാദേവന്റേത്”; ജാമിയ വിസിയുടെ പ്രസംഗം വിവാദത്തിൽ ,ആർഎസ്എസ് പരിപാടിക്ക് വേദിയൊരുക്കിയതിനെതിരെ ക്യാമ്പസിൽ പ്രതിഷേധം

ന്യൂഡൽഹി: ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ ആർഎസ്എസ് സംഘടിപ്പിച്ച ‘യുവ കുംഭ്’ പരിപാടിക്കിടെ വൈസ് ചാൻസലർ പ്രൊഫസർ മസ്ഹർ ആസിഫിന്റെ പ്രസംഗം വിവാദത്തിൽ. എല്ലാ ഇന്ത്യക്കാരുടെയും ഡിഎൻഎ മഹാദേവന്റെ ഡിഎൻഎ ആണെന്ന പരാമർശമാണ് ഇപ്പോൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

ചൊവ്വാഴ്ച ഡൽഹിയിലെ സർവകലാശാലാ കാമ്പസിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു വിസി. ഭാരതീയർക്കിടയിലെ വൈവിധ്യങ്ങൾക്കിടയിലും നമ്മെ ഒന്നിപ്പിക്കുന്നത് ഉള്ളിലൂടെ ഒഴുകുന്ന ‘മഹാദേവ ഡിഎൻഎ’ ആണെന്ന് അദ്ദേഹം അവകാശപ്പെട്ടു. സഹവർത്തിത്വത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ് സനാതന സംസ്കാരമെന്നും പ്രസംഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ പങ്കെടുത്ത ആർഎസ്എസ് നേതാക്കളെ വേദിയിൽ വച്ച് സ്വാഗതം ചെയ്യുകയും, പരിപാടി സംഘടിപ്പിച്ചതിന് അവർക്ക് നന്ദി അറിയിക്കുകയും ചെയ്തു.

ആർഎസ്എസ് പരിപാടിക്ക് സർവകലാശാലയിൽ അനുമതി നൽകിയ നടപടിക്കെതിരെ ക്യാമ്പസിൽ വിദ്യാർത്ഥി സംഘടനകൾ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.

സർവകലാശാലയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങൾക്കും പഠനക്കൂട്ടായ്മകൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കെ, ആർഎസ്എസ് പരിപാടിക്ക് എസി ഹാൾ വരെ അനുവദിച്ചത് ഇരട്ടത്താപ്പാണെന്ന് എഐഎസ്എ ഡൽഹി പ്രസിഡന്റ് സയ്യിദ് ആരോപിച്ചു. കാമ്പസിന്റെ മതേതര സ്വഭാവത്തിന് വിരുദ്ധമാണ് വിസിയുടെ ഇത്തരം നിലപാടുകളെന്നും വിദ്യാർത്ഥി സംഘടനകൾ കുറ്റപ്പെടുത്തുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.