കൊച്ചി: കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള സൈബര്‍ പോര് സകല പരിധികളും ലംഘിച്ചതോടെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ഹൈബി ഈഡന്‍ എംപി. നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് സ്ഥാനമൊഴിയുന്നതെന്ന് ഹൈബി വ്യക്തമാക്കുന്നുണ്ടെങ്കിലും, ‘ഇലക്ഷന്‍ 2026 വി.ഡി.എസ്’ എന്ന വാട്സാപ്പ് ഗ്രൂപ്പിലെ വിവാദ ചാറ്റുകള്‍ പുറത്തുവന്നതാണ് പെട്ടെന്നുള്ള നീക്കത്തിന് പിന്നിലെന്ന് ഉറപ്പാണ്.
ഹൈബിയുടെ രാജി സന്നദ്ധത കെപിസിസി ഇതുവരെ ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ലെങ്കിലും, ചാറ്റ് ചോര്‍ച്ചാ വിവാദത്തില്‍ നേതൃത്വം പൂര്‍ണ്ണമായും പ്രതിരോധത്തിലായിരിക്കുകയാണ്. അതേസമയം, അച്ചടക്കലംഘനത്തിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉറച്ച നിലപാടെടുത്തതോടെ വി.ഡി. സതീശന്‍ പക്ഷത്തിന് ഈ നീക്കങ്ങള്‍ തിരിച്ചടിയാകുമോ എന്ന ചോദ്യവും ഉയരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാന്‍ ലക്ഷ്യമിട്ട് രൂപീകരിച്ച ഗ്രൂപ്പില്‍ കെ.സി. വേണുഗോപാല്‍, കെ. സുധാകരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ അതിരൂക്ഷമായി അധിക്ഷേപിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ‘കണ്ണൂര്‍ സിംഹമല്ല, ഏത് കോണോത്തല സിംഹം അലറിയാലും ജനങ്ങള്‍ സതീശനൊപ്പമാണ്’ തുടങ്ങിയ മോശം പരാമര്‍ശങ്ങള്‍ കെപിസിസി അതീവ ഗൗരവത്തിലാണ് കാണുന്നത്. കെ.സി. വേണുഗോപാലിനെ ദേശീയ രാഷ്ട്രീയത്തില്‍ മാത്രം ഒതുക്കണമെന്നും വിവിധ സംസ്ഥാനങ്ങളിലെ തോല്‍വിയുടെ ഭാരം അദ്ദേഹത്തിന്റെ തലയില്‍ കെട്ടിവെക്കണമെന്നും ഗ്രൂപ്പില്‍ ആസൂത്രണം നടന്നത് ഗ്രൂപ്പ് പോരിന്റെ ആഴം വ്യക്തമാക്കുന്നു. വേണുഗോപാല്‍ പക്ഷത്തുള്ള യുവ എംഎല്‍എ റോജി എം. ജോണിനെ സൈബറിടത്തില്‍ വേട്ടയാടാന്‍ ‘സ്ട്രാറ്റജിസ്റ്റ്’ ഗ്രൂപ്പ് ആഹ്വാനം ചെയ്തതും വലിയ വിവാദമായി.
ചാറ്റ് ചോര്‍ച്ചാ വിവാദത്തില്‍ ഹൈബി ഈഡനും ഈ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഉണ്ടായിരുന്നു എന്നത് അദ്ദേഹത്തിന് വലിയ രാഷ്ട്രീയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഡിജിറ്റല്‍ മീഡിയ സെല്‍ ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്നതിന് പകരം സൈബര്‍ ക്വട്ടേഷന്‍ സംഘമായി മാറിയെന്ന ആരോപണം ശക്തമായതോടെയാണ് ഹൈബി രാജിക്കത്ത് നല്‍കിയത്. എന്നാല്‍, വിവാദങ്ങള്‍ക്കിടെ ഹൈബിയുടെ രാജി സ്വീകരിക്കുന്നത് അക്രമികളെ ശരിവെക്കുന്നതിന് തുല്യമാകുമെന്ന ആശങ്കയിലാണ് കെപിസിസി. പാര്‍ട്ടിക്കുള്ളിലെ ഇത്തരം ‘സൈബര്‍ ക്വട്ടേഷനുകള്‍’ വെച്ചുപൊറുപ്പിക്കില്ലെന്ന കര്‍ശന നിലപാടിലാണ് കെ.സി. വേണുഗോപാല്‍.
വാട്സാപ്പ് ഗ്രൂപ്പ് അഡ്മിനെതിരെയും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സൈബര്‍ സ്ട്രാറ്റജിസ്റ്റുകള്‍ക്കെതിരെയും കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കാന്‍ കെപിസിസി ഒരുങ്ങുകയാണ്. നേതാക്കളുടെ കുടുംബാംഗങ്ങളെപ്പോലും അധിക്ഷേപിക്കുന്ന നിലയിലേക്ക് സൈബര്‍ പോര് താഴ്ന്നതില്‍ കെ. സുധാകരന്‍ പക്ഷവും കടുത്ത അതൃപ്തിയിലാണ്. സതീശനായി നടന്ന ഈ ആസൂത്രിത നീക്കങ്ങള്‍ പുറത്തായതോടെ പാര്‍ട്ടിക്കുള്ളില്‍ വി.ഡി. ഗ്രൂപ്പിന് ഇത് രാഷ്ട്രീയമായി വലിയ കോട്ടമുണ്ടാക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. അച്ചടക്ക നടപടികളിലേക്ക് ഹൈക്കമാന്‍ഡ് കടന്നാല്‍ അത് വരാനിരിക്കുന്ന മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചര്‍ച്ചകളെയും ബാധിച്ചേക്കാം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തൃശ്ശൂരെടുക്കാന്‍ ജോണ്‍ ബ്രിട്ടാസ് ? സിപിഐയില്‍ നിന്ന് സീറ്റ് ഏറ്റെടുക്കാന്‍ സിപിഎം, പാര്‍ട്ടിക്ക് അപ്പുറത്തുള്ള വോട്ടുകള്‍ സമാഹരിക്കാന്‍ ബ്രിട്ടാസിന് കഴിയുമെന്ന് വാദവുമായി ഒരു വിഭാഗം





