വെള്ളറട: ക്ഷേത്രോത്സവ ഘോഷയാത്രയ്ക്കിടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ സി.പി.എം. പ്രാദേശിക നേതാക്കളടക്കം പിടിയിലാകുന്നത് പോലീസിന്റെ മിന്നും നീക്കങ്ങള്‍. സി.പി.എം. വെള്ളറട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രദീപ് (54), സതീഷ് (51) എന്നിവരെയാണ് വെള്ളറട പോലീസ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് പോലീസിന്റെ നിര്‍ണ്ണായക നീക്കം. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അക്രമികളെ സംരക്ഷിക്കുന്ന നിലപാട് ആരുടെ ഭാഗത്തുനിന്നുണ്ടായാലും വിട്ടുവീഴ്ചയുണ്ടാവില്ലെന്ന ഉറച്ച നിലപാടിലാണ് ജില്ലാ പോലീസ് അധികൃതര്‍. സര്‍ക്കാര്‍ മാറുമെന്ന് ഏതാണ്ട് പോലീസുകാര്‍ക്കും ഉറപ്പായി. ഇതാണ് ലോക്കല്‍ സെക്രട്ടറിയുടെ അറസ്റ്റിന് കാരണമായതും. സാധാരണ നിലയില്‍ ലോക്കല്‍ സെക്രട്ടറിയ്ക്കും മറ്റും മുന്‍കൂര്‍ ജാമ്യം ഉറപ്പാക്കി രക്ഷിച്ചെടുക്കുന്നതായിരുന്നു പതിവ് രീതി. അത് തെറ്റുകയാണ്. വോട്ടെടുപ്പ് കഴിഞ്ഞ ശേഷമുള്ള ജനവികാരം സര്‍ക്കാരിന് എതിരാണെന്ന് പോലീസും തിരിച്ചറിയുന്നു.
ചൂണ്ടിക്കല്‍ ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വെള്ളറട ജംഗ്ഷനില്‍ നടന്ന ഘോഷയാത്രയ്ക്കിടെയാണ് അക്രമം അരങ്ങേറിയത്. ഗാനമേളയ്‌ക്കൊപ്പം റോഡില്‍ നൃത്തം ചെയ്തവര്‍ ഗതാഗത തടസ്സമുണ്ടാക്കിയതോടെ എസ്.ഐ. അഭിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇത് നിയന്ത്രിക്കാന്‍ ശ്രമിച്ചു. ഈ സമയത്താണ് ലോക്കല്‍ സെക്രട്ടറി പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം പോലീസുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും എസ്.ഐയെ മര്‍ദ്ദിക്കുകയും ചെയ്തത്. നിരവധി ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു പോലീസ് ഉദ്യോഗസ്ഥനെതിരെ പരസ്യമായ ഈ അതിക്രമം.
മര്‍ദ്ദനമേറ്റ എസ്.ഐ. അഭിജിത്തിനെ സി.ഐ. പ്രസാദ് വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ തടിച്ചുകൂടിയ സി.പി.എം. പ്രവര്‍ത്തകര്‍ ചികിത്സ തടസ്സപ്പെടുത്താന്‍ ശ്രമിച്ചതായി പരാതിയുണ്ട്. ഇതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥനെ പാറശാല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥനെ ദേഹോപദ്രവം ഏല്‍പ്പിച്ചതിനും അതീവ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ എഫ്.ഐ.ആര്‍. തയ്യാറാക്കിയിരിക്കുന്നത്.
സംഭവം നടന്ന ഉടന്‍ തന്നെ കേസിലെ മറ്റൊരു പ്രതിയായ ശ്യാമിനെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ പ്രദീപ് ഉള്‍പ്പെടെയുള്ളവര്‍ ഒളിവില്‍ പോകുകയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ, സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് ഒടുവില്‍ പ്രതികളെ കുടുക്കിയത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ മാറ്റമുണ്ടാകുമെന്ന സൂചനകള്‍ക്കിടെ, പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ അതിവേഗ നടപടി സേനയ്ക്ക് വലിയ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്.
ക്രമസമാധാനം പാലിക്കാന്‍ ഡ്യൂട്ടിക്കിടെ നിന്ന ഉദ്യോഗസ്ഥനെ ആക്രമിച്ച നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. പാര്‍ട്ടി സെക്രട്ടറി തന്നെ നേരിട്ട് അക്രമത്തിന് നേതൃത്വം നല്‍കിയത് പ്രദേശത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്. പോലീസുകാരെ ‘കൈകാര്യം’ ചെയ്യാമെന്ന രീതിയിലുള്ള ചിലരുടെ ധാര്‍ഷ്ട്യത്തിന് വെള്ളറട പോലീസിന്റെ ഈ നടപടി ശക്തമായ താക്കീതാകുകയാണ്.


തന്ത്രിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത അയ്യപ്പന്റെ വാജിവാഹനം കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി എസ്ഐടി
ഇന്റലിജന്‍സ് മേധാവി പി. വിജയന്റെ കൃത്യമായ ‘കണ്ണ്’; വി.ഡി. സര്‍ക്കാരിനെ ചതിക്കുഴിയില്‍ വീഴ്ത്താന്‍ അണിയറ നീക്കം സജീവം; ഒളികാമറ ഓപ്പറേഷന് കോപ്പുകൂട്ടി ചാനലുകള്‍, ഇന്റലിജന്‍സ് മുന്നറിയിപ്പ് വിഡിക്ക് മുന്നില്‍; ‘മധുവിധുക്കാലം’ പോലും സതീശന് സര്‍ക്കാരിന് നല്കില്ലേ?





