മുംബൈ: നാസിക് ടി.സി.എസ് ബി.പി.ഒ യൂണിറ്റിലെ പീഡന-മതപരിവര്‍ത്തന പരാതിയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം പുതിയ തലത്തിലേക്ക്. അതിനിടെ പ്രതി ചേര്‍ക്കപ്പെട്ട നിദ ഖാന്‍ ഒളിവില്‍ അല്ലെന്നും അവര്‍ മുംബൈയിലെ സ്വന്തം വീട്ടിലുണ്ടെന്നും കുടുംബം അറിയിച്ചു. തന്റെ ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുന്ന നിദ ഖാന്‍ ഒളിവില്‍ പോയി എന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിലെ എട്ട് പ്രതികളില്‍ ഒരാളായ നിദ ഖാന്‍ അറസ്റ്റ് ഭയന്ന് ഒളിവിലാണെന്നായിരുന്നു പോലീസ് നേരത്തെ അവകാശപ്പെട്ടിരുന്നത്.
നിദ ഖാന്‍ സ്ഥാപനത്തിന്റെ എച്ച്.ആര്‍ ഹെഡ് ആണെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കുടുംബം വ്യക്തമാക്കുന്നു. അവര്‍ വെറുമൊരു ടെലികോളര്‍ മാത്രമാണെന്നും സെയില്‍സ് ടീമിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും സഹോദരന്‍ പറഞ്ഞു. 2021 ഡിസംബറിലാണ് നിദ ബി.പി.ഒയില്‍ ജോലിയില്‍ പ്രവേശിച്ചത്. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ ഫോട്ടോയില്‍ നിദയുടെ പദവി എഡിറ്റ് ചെയ്ത് ചേര്‍പ്പിച്ചതാണെന്നും കുടുംബം ആരോപിച്ചു. നാസിക് ടി.സി.എസ് ബി.പി.ഒ യൂണിറ്റിലെ എട്ട് വനിതാ ജീവനക്കാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് രാജ്യം ഞെട്ടിയ ഈ സംഭവം പുറംലോകം അറിഞ്ഞത്. സഹപ്രവര്‍ത്തകര്‍ക്കെതിരെ ലൈംഗിക പീഡനം, മാനസിക പീഡനം, മതപരമായ വിവേചനം, നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമങ്ങള്‍ എന്നിവയാണ് പരാതിക്കാര്‍ ഉന്നയിച്ചിരിക്കുന്നത്.
2022 ഫെബ്രുവരി മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് പീഡനങ്ങള്‍ നടന്നതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ജോലിസ്ഥലത്ത് വെച്ച് മോശമായി സ്പര്‍ശിക്കുക, ലൈംഗിക ചുവയുള്ള സംസാരം, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുക തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. പരാതി നല്‍കിയപ്പോള്‍ എച്ച്.ആര്‍ വിഭാഗം അത് അവഗണിച്ചുവെന്നും ആക്ഷേപമുണ്ട്. ലൈംഗിക പീഡനത്തിന് പുറമെ ഹൈന്ദവ വിശ്വാസികളായ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് നിസ്‌കരിപ്പിക്കുകയും നോമ്പ് എടുപ്പിക്കുകയും ചെയ്തുവെന്ന ആരോപണവും ഈ കേസിനെ കൂടുതല്‍ വിവാദമാക്കി. ചില പ്രതികള്‍ മറ്റ് ജീവനക്കാരോട് ഹൈന്ദവ യുവതികളെ പ്രേമിച്ച് വിവാഹം കഴിച്ച് മതം മാറ്റാന്‍ നിര്‍ദ്ദേശിച്ചതായും സാക്ഷിമൊഴികളുണ്ട്.
യൂണിറ്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥ എന്ന നിലയില്‍ നിദ ഖാന്‍ മറ്റ് പ്രതികള്‍ക്ക് ഒത്താശ ചെയ്തുവെന്നും പെണ്‍കുട്ടികളുടെ പരാതികള്‍ ഒതുക്കിത്തീര്‍ത്തുവെന്നുമാണ് പോലീസ് കണ്ടെത്തല്‍. എന്നാല്‍, ഒരു താഴ്ന്ന തസ്തികയില്‍ ജോലി ചെയ്തിരുന്ന തന്റെ മകള്‍ക്ക് എങ്ങനെയാണ് ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയുകയെന്ന് നിദയുടെ പിതാവ് ചോദിക്കുന്നു. മകളെ ജോലിക്ക് വിട്ടതില്‍ താന്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ഏഴ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അസിഫ് അന്‍സാരി, ഷാഫി ഷെയ്ഖ്, ഷാരൂഖ് ഖുറേഷി തുടങ്ങിയവരാണ് അറസ്റ്റിലായ പ്രമുഖര്‍. നിദ ഖാനായി തിരച്ചില്‍ ശക്തമാക്കിയെന്ന് പോലീസ് അറിയിക്കുമ്പോഴാണ് അവര്‍ മുംബൈയില്‍ ഉണ്ടെന്ന കുടുംബത്തിന്റെ വെളിപ്പെടുത്തല്‍.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് നാസിക് പോലീസ് 12 അംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. പരാതികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഒന്‍പതോളം എഫ്.ഐ.ആറുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സംഭവത്തെ ‘അതീവ ഗുരുതരം’ എന്നാണ് വിശേഷിപ്പിച്ചത്. തങ്ങളുടെ സ്ഥാപനത്തില്‍ പീഡനങ്ങള്‍ക്ക് സീറോ ടോളറന്‍സ് പോളിസിയാണുള്ളതെന്ന് ടി.സി.എസ് വ്യക്തമാക്കി. ആരോപണവിധേയരായ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്നും ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ അറിയിച്ചു.
സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഇടപെടുകയും ഒരു വസ്തുതാന്വേഷണ സമിതിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഐ.ടി മേഖലയിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമങ്ങള്‍ കര്‍ശനമാക്കണമെന്ന ആവശ്യം ഇതോടെ ശക്തമായി. വര്‍ഷങ്ങളോളം ഭീഷണി കാരണം മൗനം പാലിച്ചിരുന്ന പെണ്‍കുട്ടികള്‍ ഇപ്പോള്‍ ഓരോരുത്തരായി പരാതിയുമായി മുന്നോട്ട് വരുന്നത് കേസിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. ചതിക്കപ്പെട്ടവരും പീഡിപ്പിക്കപ്പെട്ടവരും തങ്ങള്‍ക്ക് അര്‍ഹമായ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
അതേസമയം, ഗര്‍ഭിണിയാണെന്ന വസ്തുത മുന്‍നിര്‍ത്തി നിദ ഖാന്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചേക്കുമെന്ന് സൂചനയുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശബരിമല സ്വര്‍ണ്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രനെതിരെ നീങ്ങാന്‍ ആഭ്യന്തര വകുപ്പിന്റെ പച്ചക്കൊടി; അന്വേഷണം എഡിജിപി നേരിട്ട് ഏറ്റെടുക്കുന്നു





