തിരുവനന്തപുരം: ക്രിസ്മസ് കാലത്തും രാജ്യത്തുടനീളം ക്രൈസ്തവ സമൂഹത്തിന് നേരെ അതിശക്തമായ അക്രമങ്ങള്‍ അരങ്ങേറുന്നതായി റിപ്പോര്‍ട്ട്. ആരാധന നടത്താനോ ക്രിസ്മസ് ആഘോഷിക്കാനോ അനുവദിക്കാത്ത വിധം ഭീതിദമായ സാഹചര്യമാണ് നിലവിലുള്ളതെന്നും മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങളില്‍ നിന്ന് സംഘ്പരിവാര്‍ പിന്തിരിയണമെന്നും ആവശ്യമുയര്‍ന്നു. 2024-ല്‍ മാത്രം ക്രൈസ്തവര്‍ക്കെതിരെ 830 അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഒക്ടോബര്‍ വരെ മാത്രം 706 അക്രമങ്ങള്‍ നടന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ തടയുകയും വിശ്വാസികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുകയാണ്. ജബല്പൂരില് കാഴ്ചപരിമിതിയുള്ള സ്ത്രീയെ പ്രാര്‍ത്ഥനയ്ക്കിടെ ആക്രമിച്ചതും ഛത്തീസ്ഗഡില്‍ ശവസംസ്കാരം തടയുകയും ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തതും ഇതിന്റെ ഭീകരത വ്യക്തമാക്കുന്നു. ഉത്തര്‍പ്രദേശില്‍ ക്രിസ്മസ് അവധി പിന്‍വലിച്ച ബി.ജെ.പി സര്‍ക്കാര്‍, ബൈബിള്‍ വിതരണം ചെയ്ത പാസ്റ്റര്‍മാരെ അറസ്റ്റ് ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ബൈബിള്‍ വിതരണം കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിലാണിത്. ക്രിസ്മസ് നക്ഷത്രങ്ങളും അലങ്കാരങ്ങളും വില്‍ക്കുന്ന കടകള്‍ക്ക് നേരെ പോലും വ്യാപകമായ അക്രമങ്ങളാണ് നടക്കുന്നത്.
കേരളത്തിലും സംഘ്പരിവാര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായും പാലക്കാട് കരോള്‍ സംഘത്തിന് നേരെ നടന്ന ആക്രമണം ഇതിന്റെ സൂചനയാണെന്നും ആരോപണമുണ്ട്. പാലക്കാട്ടെ അക്രമത്തെ ബി.ജെ.പി നേതാക്കള്‍ ന്യായീകരിക്കുകയാണ്. തിരുവനന്തപുരം പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസിലെ ക്രിസ്മസ് ആഘോഷത്തില്‍ ആര്.എസ്.എസ് ഗണഗീതം ഉള്‍പ്പെടുത്തണമെന്ന് ബി.എം.എസ് നേതാവ് ആവശ്യപ്പെട്ടതും തുടര്‍ന്ന് ആഘോഷം തന്നെ റദ്ദാക്കിയതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കേരളത്തില്‍ കേക്കും വൈനുമായി സൗഹൃദം നടിക്കാന്‍ എത്തുന്നവര്‍ ഉത്തരേന്ത്യയില്‍ ക്രൈസ്തവരെ വേട്ടയാടുന്ന ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് കർശന നിയന്ത്രണം
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ദേശീയ ന്യൂനപക്ഷ കമ്മീഷനും വിദ്യാഭ്യാസ കമ്മീഷനും കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രവര്‍ത്തനരഹിതമായി തുടരുകയാണ്. മതേതര രാജ്യത്ത് ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ഈ സാഹചര്യത്തിനെതിരെ അതിശക്തമായ പ്രതിഷേധം ഉയരണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നത് അവസാനിപ്പിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ ആയുധം താഴെ വെക്കാന്‍ തയ്യാറാകണമെന്നും രാജ്യത്തെ ക്രൈസ്തവ സഹോദരങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കണമെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.







