വിധിയെഴുതി കേരളം; ഇനി ഉറ്റുനോക്കുന്നത് മെയ് നാലിലേക്ക്; മുന്നണികള്‍ കണക്കുകൂട്ടലില്‍

തിരുവനന്തപുരം: കടുത്ത ചൂടിനെ അവഗണിച്ചു ജനസാഗരം ബൂത്തുകളിലേക്കൊഴുകിയതോടെ കേരളം വിധിയെഴുതിക്കഴിഞ്ഞു. ഇനി മെയ് നാല് വരെ നീളുന്ന ആകാംക്ഷയുടെയും കണക്കുകൂട്ടലുകളുടെയും നാളുകള്‍. സ്‌ട്രോങ്ങ് റൂമുകളിലേക്ക് മാറ്റപ്പെട്ട വോട്ടിംഗ് യന്ത്രങ്ങള്‍ക്കൊപ്പം സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നെഞ്ചിടിപ്പും ഉയരുകയാണ്. വോട്ടര്‍പട്ടികയിലെ കൃത്യമായ ശുദ്ധീകരണത്തിന് ശേഷം നടന്ന പോളിംഗില്‍ രേഖപ്പെടുത്തിയ വര്‍ദ്ധനവ് ആര്‍ക്ക് ഭരണത്തിലേക്കുള്ള വാതില്‍ തുറക്കുമെന്ന ചര്‍ച്ചയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍.
പതിവ് ശൈലിയില്‍ നിന്ന് മാറി ഇത്തവണ തെക്കന്‍ കേരളത്തില്‍ രേഖപ്പെടുത്തിയ മികച്ച പോളിംഗ് യുഡിഎഫ് ക്യാമ്പുകളില്‍ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. കുറഞ്ഞത് 80 സീറ്റുകള്‍ നേടി ഭരണം തിരിച്ചുപിടിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവകാശവാദം. ‘ബൈ ബൈ പിണറായി’ എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രതികരിച്ചപ്പോള്‍, പിണറായി വിജയന് കേരള ജനത ഗുഡ്ബൈ പറഞ്ഞ ദിവസമായിരുന്നു വോട്ടെടുപ്പ് ദിനമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രത്യാശ പ്രകടിപ്പിച്ചു. ന്യൂനപക്ഷ വോട്ടുകള്‍ പരമാവധി തങ്ങള്‍ക്ക് അനുകൂലമായി സമാഹരിക്കാന്‍ കഴിഞ്ഞുവെന്ന വിലയിരുത്തലിലാണ് മുസ്ലിം ലീഗ്.
ഭരണവിരുദ്ധ വികാരങ്ങളുണ്ടെന്ന പ്രചാരണത്തെ എല്‍ഡിഎഫ് പൂര്‍ണ്ണമായും തള്ളിക്കളയുന്നു. വികസനത്തിന് ഇടവേളയുണ്ടാകരുതെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ക്ക് ലഭിച്ച ജനപിന്തുണ വോട്ടായി മാറിയെന്നും വ്യക്തമായ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നുമാണ് ഇടത് ക്യാമ്പിലെ ഉറച്ച വിശ്വാസം. സിപിഎമ്മിന്റെ ശക്തമായ സംഘടനാ സംവിധാനത്തിലൂടെ പരമാവധി വോട്ടുകള്‍ ബൂത്തിലെത്തിക്കാന്‍ സാധിച്ചതായി നേതാക്കള്‍ വിലയിരുത്തുന്നു.
സംസ്ഥാനത്ത് ഇത്തവണ വന്‍ മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ. വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ അഞ്ചിലധികം സീറ്റുകളില്‍ വിജയം ഉറപ്പാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. കഴിഞ്ഞ തവണ നേരിയ വോട്ടുകള്‍ക്ക് നഷ്ടപ്പെട്ട മണ്ഡലങ്ങള്‍ ഇത്തവണ കൈവിടില്ലെന്നും വോട്ടുവിഹിതത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. കേരളത്തില്‍ ഇത്തവണ തൂക്കുസഭ വരുമെന്നും ബിജെപി എംഎല്‍എമാര്‍ ഭരണം നിശ്ചയിക്കുന്ന നിര്‍ണ്ണായക ശക്തിയാകുമെന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നു.
ബൂത്തുതല വിവരശേഖരണവും പ്രാദേശികാടിസ്ഥാനത്തിലുള്ള അവലോകനങ്ങളുമായി മുന്നണികള്‍ സജീവമായിക്കഴിഞ്ഞു. വോട്ടെണ്ണല്‍ ദിനമായ മെയ് നാലിന് മാത്രമേ ഈ പ്രവചനങ്ങളുടെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകൂ. അതുവരെ കേരളം ഇനി രാഷ്ട്രീയ പ്രവചനങ്ങളുടെയും വാതുവെപ്പുകളുടെയും ആവേശത്തിലായിരിക്കും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.