വാഷിങ്ടണ്‍: പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തി ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണം ഇറാന് കടുപ്പിക്കുന്നു. തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് ഇറാന്റെ ഔദ്യോഗിക കറന്‍സിയായ ‘റിയാല്‍’ അടിസ്ഥാനമാക്കി ടോള്‍ ഏര്‍പ്പെടുത്താന്‍ ഇറാന് പാര്‍ലമെന്റ് സുരക്ഷാ സമിതി അംഗീകാരം നല്കി. യു.എസ്, ഇസ്രയേല്‍ കപ്പലുകള്‍ക്ക് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയ ഇറാന്, തങ്ങളെ ഉപരോധിച്ച രാജ്യങ്ങള്‍ക്കും നിയന്ത്രണം ബാധകമാകുമെന്ന് വ്യക്തമാക്കി. ഇതോടെ ലോകത്തെ പ്രധാന ഊര്‍ജ്ജ വിതരണ പാതയായ ഹോര്‍മുസില്‍ സംഘര്‍ഷം രണ്ടാം മാസത്തിലേക്ക് കടക്കുകയാണ്.
ഇറാന്റെ ഈ നീക്കത്തിന് പിന്നാലെ കടുത്ത യുദ്ധഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. നിശ്ചിത സമയപരിധിക്കുള്ളില്‍ കരാറിലെത്തി ഹോര്‍മുസ് തുറന്നുനല്‍കിയില്ലെങ്കില്‍ ഇറാന്റെ എണ്ണക്കിണറുകളും ഇലക്ട്രിക് പ്ലാന്റുകളും ഖാര്‍ഗ് ഐലന്‍ഡും ബോംബുവെച്ച് തകര്‍ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്കി. ‘ഇറാനിലെ നിലവിലെ മനോഹരമായ താമസം അവസാനിപ്പിച്ച് ഞങ്ങള്‍ മടങ്ങും. അവിടം പൂര്‍ണ്ണമായും ഇല്ലാതാക്കിയ ശേഷമായിരിക്കും മടക്കം,’ എന്നായിരുന്നു ട്രൂത്ത് സോഷ്യലിലൂടെയുള്ള ട്രംപിന്റെ വിറപ്പിക്കുന്ന ഭീഷണി.
സമുദ്രയാത്രകളിലെ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സൈനികമായ ഇടപെടല്‍ നടത്തുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വ്യക്തമാക്കി. അധികം വൈകാതെ അമേരിക്ക ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുമെന്നും യു.എസ്. സൈന്യത്തിന്റെയോ സംയുക്ത സൈന്യത്തിന്റെയോ സുരക്ഷാ അകമ്പടിയോടെ കപ്പലുകള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും അദ്ദേഹം ഫോക്സ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, ഇറാന്റെ സൈനിക ശേഷി തകര്‍ക്കാനുള്ള നീക്കങ്ങള്‍ യു.എസ്. ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇസ്ഫഹാനിലെ പ്രധാന ആയുധ ഡിപ്പോ ലക്ഷ്യമിട്ട് യു.എസ്-ഇസ്രയേല്‍ സഖ്യം ശക്തമായ വ്യോമാക്രമണം നടത്തി. ഇറാന്റെ ആണവ പദ്ധതികളുടെ കേന്ദ്രം കൂടിയായ ഇസ്ഫഹാനില്‍ നടന്ന വന്‍ സ്ഫോടനങ്ങളുടെ വീഡിയോ ട്രംപ് തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഏകദേശം 540 കിലോഗ്രാം വരുന്ന ശുദ്ധീകരിച്ച യുറേനിയം ശേഖരം ഇറാന് ഇസ്ഫഹാനിലെ ഭൂഗര്‍ഭ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഈ നീക്കം.
യുദ്ധം നാല് മുതല്‍ ആറാഴ്ചയ്ക്കുള്ളില്‍ അവസാനിപ്പിക്കാനാണ് ട്രംപിന്റെ നീക്കമെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോര്‍മുസ് തുറക്കാനുള്ള ദൗത്യം ദീര്‍ഘനേരം നീണ്ടുപോയാല്‍ അത് യുദ്ധത്തിന്റെ സമയപരിധി വര്‍ദ്ധിപ്പിക്കുമെന്ന് ട്രംപ് ഭയപ്പെടുന്നു. അതിനാല്‍ ഇറാന്റെ നാവിക-മിസൈല്‍ ശേഷി തകര്‍ത്ത് അവരെ നയതന്ത്ര ചര്‍ച്ചകളിലേക്ക് എത്തിക്കാനാണ് യു.എസ് ശ്രമിക്കുന്നത്. ഇത് പരാജയപ്പെട്ടാല്‍ യൂറോപ്പിലെയും ഗള്‍ഫിലെയും സഖ്യകക്ഷികളെ മുന്‍നിര്‍ത്തി കടലിടുക്ക് തുറക്കാന്‍ വാഷിങ്ടണ്‍ സമ്മര്‍ദ്ദം ചെലുത്തും.
ഹോര്‍മുസ് കടലിടുക്കിലെ തടസ്സം ഇതിനകം ആഗോള സമ്പദ്വ്യവസ്ഥയെ തകിടം മറിച്ചിട്ടുണ്ട്. പെട്രോള്‍ വില കുതിച്ചുയരുകയും ഊര്‍ജ്ജ വിതരണ ശൃംഖല തടസ്സപ്പെടുകയും ചെയ്തു. യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ട്രംപ് സൂചന നല്കുമ്പോഴും ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാനെ പൂര്‍ണ്ണമായും തകര്‍ക്കുമെന്ന നിലപാടില്‍ മാറ്റമില്ല. ഇറാന് ഇതുവരെ പരസ്യമായ ചര്‍ച്ചകള്‍ക്ക് തയ്യാറായിട്ടില്ലാത്തതിനാല്‍ വരും ദിവസങ്ങള്‍ ലോകത്തിന് നിര്‍ണ്ണായകമാകും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


യു.എസിന്റെ അഞ്ച് നിബന്ധനകളും ആണവ തര്‍ക്കവും; മിഡില്‍ ഈസ്റ്റ് വീണ്ടും യുദ്ധമുനയിലേക്ക്? ട്രംപിന്റെ അന്ത്യശാസനവും വഴിമുട്ടിയ സമാധാന ചര്‍ച്ചകളും; ഹോര്‍മുസ് പ്രതിസന്ധിയില്‍ കരിനിഴലിലായി ആഗോള വിപണി





